
പലതരത്തിലുള്ള ഞെട്ടിക്കുന്ന വാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കാറുണ്ടല്ലേ. ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും അതേ സമയം കൗതുകം പരത്തുന്നതുമായ വാര്‍ത്തകളും ആക്കൂട്ടത്തില്‍ ഉണ്ട്. അത്തരത്തില്‍ മൂക്കത്ത് വിരല്‍ വെച്ചു പോകുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ കര്‍ണാടകയില്‍ നിന്ന് വരുന്നത്.
ഹുന്‍സൂര്‍ താലൂക്കിലെ ചിക്കഹെജ്ജുരു ഗ്രാമത്തിലെ ഒരു സ്ത്രീ തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ വാര്‍ത്തയാണ് ജനശ്രദ്ധ നേടിയിരിക്കുന്നത്. കൊലപാതകത്തിന് പിന്നിലെ കാരണം തന്നെയാണ് വാര്‍ത്തയ്ക്ക് ഇത്രയേറെ ശ്രദ്ധ ലഭിക്കാന്‍ കാരണം. കടുവ കൊന്നതാണ് എന്ന് വരുത്തി തീര്‍ക്കാനാണ് ഇവര്‍ ഇത്തരത്തിലൊരു നീക്കം നടത്തിയത്. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന 15 ലക്ഷം രൂപ നഷ്ടപരിഹാരം തട്ടിയെടുക്കാനായിരുന്നു ശ്രമം. പ്രതിയായ സല്ലാപുരി (40)യെ പൊലീസ് അറസ്റ്റിലായി.
എന്താണ് സംഭവിച്ചത് ?
ബിഡദിയില്‍ നിന്നുള്ള ഈ ദമ്പതികള്‍ ബെംഗളൂരുവിലെ രണ്ട് എഞ്ചിനീയര്‍മാരുടെ ഉടമസ്ഥതയിലുള്ള 4.1 ഏക്കര്‍ കക്ക ഫാം പരിപാലിക്കുന്നതിനായി ജോലി ചെയ്ത് വരികയായിരുന്നു. . പ്രതിമാസം 18,000 രൂപ ശമ്പളവും ഉടമകൾ നല്‍കിയ വീട്ടിൽ താമസിച്ചും വരികയായിരുന്നു ഇരുവരും. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ടായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസത്തിനായി അവര്‍ ബിഡദിയില്‍ തന്നെ താമസിച്ചു.
ആഡംബര ജീവിതത്തിനായി ആഗ്രഹം പ്രകടിപ്പിച്ച സല്ലാപുരി, സര്‍ക്കാരിന്റെ നഷ്ടപരിഹാര പദ്ധതികളെക്കുറിച്ച് ഇടയ്ക്കിടെ അന്വേഷിച്ചിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. വന്യമൃഗങ്ങളാല്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാനം 15 ലക്ഷം രൂപ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ഇവര്‍ മനസ്സിലാക്കി. പിന്നാലെ സെപ്റ്റംബര്‍ 9 ന്, സല്ലാപുരി തന്റെ ഭര്‍ത്താവിന്റെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി. ഭര്‍ത്താവ് മരിച്ചെന്ന് ഉറപ്പ് വരുത്തിയതോടെ മൃതദേഹം പുറത്തേക്ക് വലിച്ചിഴച്ച് ചാണകക്കുഴിയില്‍ കുഴിച്ചിടുകയായിരുന്നു. തുടര്‍ന്ന് അവര്‍ ഹുന്‍സൂര്‍ റൂറല്‍ പൊലീസില്‍ പരാതി നല്‍കി. കടുവയുടെ അലര്‍ച്ച കേട്ട് ഭര്‍ത്താവ് പുറത്തേക്ക് ഓടിയെത്തിയെന്നും കടുവ ഭർത്താവിനെ കാട്ടിലേക്ക് വലിച്ചിഴച്ചെന്നും അവര്‍ പറഞ്ഞു. നാഗരഹോള കടുവ സംരക്ഷണ കേന്ദ്രത്തിന് സമീപമാണ് ഇവരുടെ വീട് എന്നതിനാല്‍ അവരുടെ വാദം വിശ്വസിച്ച് പൊലീസും വനം ഉദ്യോഗസ്ഥരും വന്‍തോതില്‍ തിരച്ചില്‍ നടത്തി.
കടുവയുടെ പ്രവേശനത്തിന് തെളിവായി സല്ലാപുരി മുമ്പ് ആന മൂലമുണ്ടായ ഒരു തകര്‍ന്ന വേലി ചൂണ്ടിക്കാണിച്ചു. എന്നിരുന്നാലും, രക്തക്കറകളോ ആക്രമണത്തിന്റെ ലക്ഷണങ്ങളോ ഇല്ലാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. സല്ലാപുരിയുടെ പരസ്പരവിരുദ്ധമായ പ്രസ്താവനകള്‍ സംശയങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തോടെ ഇന്‍സ്‌പെക്ടര്‍ മുനിയപ്പ വസ്തുവില്‍ സമഗ്രമായ പരിശോധന നടത്താന്‍ ഉത്തരവിട്ടു. പിന്നാലെ ചാണകക്കുഴിയിലേക്ക് നയിക്കുന്ന നേരിയ അടയാളങ്ങള്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിച്ചു. പിന്നാലെ കുഴിച്ച് നോക്കിയപ്പോൾ മൃതദേഹം ലഭിച്ചു. പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിൽ സല്ലാപുരി കൊലപാതകം സമ്മതിച്ചു. നഷ്ടപരിഹാരം ലഭിക്കാനായി ഭര്‍ത്താവിനെ വിഷം നല്‍കി കൊലപ്പെടുത്തി കുഴിച്ചിട്ടതാണെന്ന് സമ്മതിച്ചു. പിന്നാലെ ഹുന്‍സൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ വിജയ് കുമാറിന്റെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്തു. ഫാമില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സല്ലാപുരി ഒറ്റയ്ക്കാണ് ഈ കുറ്റകൃത്യം നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
Content Highlights- Woman kills husband, throws him in a dung pit to get Rs 15 compensation, evades police