
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അടുത്ത അനുയായി ചാര്‍ലി കിര്‍ക്കിന്റെ കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ വീഡിയോ പുറത്തുവിട്ട് എഫ്ബിഐ. വെടിവെയ്പ്പിന് ശേഷം ഓടിരക്ഷപ്പെടുന്നയാളുടെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇയാള്‍ തൊപ്പിയും സണ്‍ഗ്ലാസും ധരിച്ചിട്ടുണ്ട്. പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നയാള്‍ക്ക് എഫ്ബിഐ 100,000 യുഎസ് ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് എഫ്ബിഐ അറിയിച്ചു.
ചാര്‍ലി കിര്‍ക്കിന് വെടിയേറ്റ യൂട്ടാ വാലി യൂണിവേഴ്‌സിറ്റിക്ക് സമീപത്ത് നിന്നുള്ളതാണ് വീഡിയോ. യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള കെട്ടിടത്തിന്റെ റൂഫിലൂടെ ചാടി ഇയാള്‍ രക്ഷപ്പെടുന്നതാണ് വീഡിയോയില്‍. ഇതിന് ശേഷം ഇയാള്‍ വനമേഖലയിലേക്ക് കടക്കുന്നതും വീഡിയോയിലുണ്ട്. യൂണിവേഴ്‌സിറ്റിക്ക് സമീപം ഇയാള്‍ ഒരു തോക്ക് ഉപേക്ഷിച്ചതായും എഫ്ബിഐ അധികൃതര്‍ പറയുന്നു. സ്ഥലത്ത് പരിശോധന നടത്തിയെന്നും ഷൂ അടയാളവും കൈയടയാളവും അടക്കം ലഭിച്ചതായും എഫ്ബിഐ വ്യക്തമാക്കി.
ബുധനാഴ്ചയായിരുന്നു യൂട്ടാ യൂണിവേഴ്‌സിറ്റിയില്‍ പ്രസംഗിക്കുന്നതിനിടെ ചാര്‍ലി കിര്‍ക്കിന് കഴുത്തില്‍ വെടിയേറ്റത്. ഇതിന് പിന്നാലെ ഇദ്ദേഹം കഴുത്തില്‍ അമര്‍ത്തിപ്പിടിക്കുന്നതിന്റെയും രക്തം വാര്‍ന്നൊഴുകുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വിദ്യാര്‍ത്ഥികള്‍ നിലവിളിച്ച് സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടിരുന്നു. ഡോണള്‍ഡ് ട്രംപ് തന്നെയായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ കിര്‍ക്കിന്റെ മരണവിവരം പുറംലോകത്തെ അറിയിച്ചത്. തനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയെയാണ് നഷ്ടപ്പെട്ടതെന്നായിരുന്നു ട്രംപ് പ്രതികരിച്ചത്. അമേരിക്കയിലെ യുവാക്കളുടെ ഹൃദയത്തെ ചാര്‍ളിയെക്കാള്‍ മറ്റാര്‍ക്കും നന്നായി മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചിരുന്നു.
Content Highlights- FBI release cctv visuals of suspect on Charlie Kirk Assassination