
ബോക്സ് ഓഫീസ് റെക്കോർഡുകൾ എല്ലാം തകർത്ത് മുന്നേറുകയാണ് ലോക. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 200 കോടിയാണ് സിനിമ ഇതുവരെ വാരിക്കൂട്ടിയത്. കേരള ബോക്സ് ഓഫീസിലും ചലനമുണ്ടാക്കാൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട്. ചിത്രത്തിൽ ദുൽഖർ സൽമാനും ടൊവിനോ തോമസും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ഇപ്പോഴിതാ ഇവരുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ പുറത്തിറക്കിയിരിക്കുകയാണ്.
ലോകയിൽ ദുല്‍ഖര്‍ ചാര്‍ലി എന്ന കഥാപാത്രത്തെയും ടൊവിനോ മൈക്കള്‍ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിച്ചത്. 'ലോക'യുടെ ലോകത്ത് നിന്നുള്ള ഒടിയന്‍ ആണ് ദുൽഖറിന്റെ ചാര്‍ലി എന്ന കഥാപാത്രം. അതേസമയം, ചാത്തനായിട്ടാണ് ടൊവിനോ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ഇരുവരുടെയും കാമിയോയ്ക്ക് വലിയ കയ്യടികളാണ് ലഭിച്ചത്. ദുൽഖറിന്റെ ആക്ഷൻ രംഗങ്ങളും കയ്യടി സ്വന്തമാക്കിയിരുന്നു. പാൻ ഇന്ത്യ തലത്തിലുള്ള ഗംഭീര പ്രേക്ഷക പിന്തുണയോടെ കേരളത്തിന് പുറത്തും വമ്പൻ കുതിപ്പ് തുടരുന്ന ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളും മികച്ച വിജയമാണ് നേടുന്നത്. ബിഗ് ബജറ്റ് ഫാൻ്റസി ത്രില്ലറായി ഒരുകിയ ചിത്രത്തിൽ അതിഥി താരങ്ങളുടെയും ഒരു വലിയ നിര തന്നെയുണ്ട്. അതോടൊപ്പം ഈ യൂണിവേഴ്സിലെ ഇനി വരാനുള്ള ചിത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട "മൂത്തോൻ" എന്ന കഥാപാത്രം ചെയ്യുന്നത് മമ്മൂട്ടി ആണെന്നുള്ള വിവരവും മമ്മൂട്ടിയുടെ ജന്മദിനത്തിന് ഔദ്യോഗികമായി പുറത്ത് വിട്ടിരുന്നു.
അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. കാഴ്ചക്കാരുടെ മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. കേരളത്തിൽ വേഫെറർ ഫിലിംസ് ആണ് ചിത്രം എത്തിച്ചത്.
From The World Of #Lokah! 🪐
— Tovino Thomas (@ttovino) September 12, 2025
Charlie (Odiyan) & Michael (Chathan) #TheyLiveAmongUs
🤹🏻♂️🥷 pic.twitter.com/pxSgZmYJDH
ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം - ജേക്‌സ് ബിജോയ്, എഡിറ്റർ - ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് - റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്.
Content Highlights: tovino and dulquer posters from loka out now