ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള നീക്കം: നെതന്യാഹുവിനെതിരെ ബന്ദികളുടെ കുടുംബാംഗങ്ങൾ; പ്രതിഷേധവുമായി പതിനായിരങ്ങൾ

ഗാസ സിറ്റി പിടിച്ചെടുക്കുന്നതിനായി ഇസ്രയേൽ സൈന്യം ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിലായിരുന്നു ബന്ദികളുടെ കുടുംബാം​ഗങ്ങൾ പ്രതിഷേധവുമായി രം​ഗത്ത് വന്നത്

ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള നീക്കം: നെതന്യാഹുവിനെതിരെ ബന്ദികളുടെ കുടുംബാംഗങ്ങൾ; പ്രതിഷേധവുമായി പതിനായിരങ്ങൾ
dot image

ജെറുസലേം: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വസതിയ്ക്ക് സമീപം പതിനായിരക്കണക്കിന് ജനങ്ങൾ പ്രതിഷേധവുമായി അണിനിരന്നു. യുദ്ധം അവസാനിപ്പിക്കാനും എല്ലാ ബന്ദികളെയും മോചിപ്പിക്കാനും ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത പ്രതിഷേധ റാലി ജറുസലേമിൽ നടന്നത്. ഗാസയിൽ ബന്ദികളാക്കപ്പെട്ടവരുടെ കുടുംബാം​ഗങ്ങളാണ് ജറുസലേമിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചത്. അധികാരത്തിൽ തുടരാൻ ബെഞ്ചമിൻ നെതന്യാഹു തങ്ങളുടെ പ്രിയപ്പെട്ടവരെ ബലിയർപ്പിക്കുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ​ഗാസ സിറ്റി പിടിച്ചെടുക്കുന്നതിനായി ഇസ്രയേൽ സൈന്യം ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിലായിരുന്നു ബന്ദികളുടെ കുടുംബാം​ഗങ്ങൾ പ്രതിഷേധവുമായി രം​ഗത്ത് വന്നത്. ഏതാണ്ട് അൻപതോളം ബന്ദികൾ ഇപ്പോഴും ​ഗാസയിൽ ഹമാസിൻ്റെ തടവിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ജറുസലേമിലേക്കുള്ള പ്രവേശന കവാടത്തിനടുത്തുള്ള കോർഡ്‌സ് പാലത്തിൽ നിന്ന് അസ സ്ട്രീറ്റിലെ നെതന്യാഹുവിന്റെ വസതിയിലേക്കായിരുന്നു പ്രതിഷേധക്കാർ റാലിയുമായി നീങ്ങിയത്. 'മരണത്തിന്റെ നിഴലുള്ള സർക്കാർ' എന്നെഴുതിയ ഒരു ബാനർ പിടിച്ചുകൊണ്ടായിരുന്നു പ്രതിഷേധക്കാർ ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വീട്ടിലേയ്ക്ക് ഇരച്ചെത്തിയത്. 'അവർ ഇപ്പോഴും ഗാസയിൽ എന്തിനാണ്?' എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ വസതിയ്ക്ക് സമീപത്തേയ്ക്ക് എത്തിയത്. പ്രതിഷേധക്കാരെ നേരിടാൻ പൊലീസ് ശക്തമായ പ്രതിരോധം തീ‍ർത്തിരുന്നു. പ്രതിഷേധക്കാരെ തടയുന്നതിനായി പൊലീസ് റോഡ് അടച്ചിട്ട് മുൻകരുതൽ സ്വീകരിച്ചിരുന്നു. ഇതിന് പുറമെ പ്രതിഷേധം നടന്ന സ്ഥലത്തേയ്ക്ക് ജലപീരങ്കിയും എത്തിച്ചിരുന്നു. എന്നാൽ പ്രതിഷേധക്കാർക്ക് നേരെ ജലപീരങ്കി പ്രയോ​ഗിച്ചിരുന്നില്ല എന്നാണ് ഇസ്രയേൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

ഹമാസ് ബന്ദിയായ ബാർ കുപ്പർസ്റ്റീന്റെ ബന്ധുവായ ഓറ റൂബിൻസ്റ്റീൻ നെതന്യാഹുവിനെ നേരിട്ട് അഭിസംബോധന ചെയ്ത് പ്രതിഷേധക്കാരോട് സംസാരിച്ചിരുന്നു. 'ഞങ്ങൾ അരാജകവാദികളല്ല, ഞങ്ങൾ വലതുപക്ഷക്കാരല്ല, ഇടതുപക്ഷക്കാരല്ല - ഞങ്ങൾ കുടുംബങ്ങളാണ്, നിങ്ങൾ എല്ലാവരെയും [ബന്ദികളെ] ഇപ്പോൾ തിരികെ നൽകണമെന്നാണ് ഞങ്ങളുടെ ആവശ്യം' എന്നായിരുന്നു ഓറ റൂബിൻസ്റ്റീൻ്റെ പ്രതികരണം. ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് സൈനികരായ മതൻ ആംഗ്രെസ്റ്റിന്റെയും നിമ്രോഡ് കോഹന്റെയും അമ്മമാരും പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തു. ​ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തുന്ന ആക്രമണം ബന്ദികളുടെ ജീവന് ഭീഷണിയാണ് എന്ന ആശങ്കയായിരുന്നു ഇരുവരും പങ്കുവെച്ചത്.

Thousands attend a protest march in Jerusalem calling for an end to the war and the release of all hostages, September 6, 2025
യുദ്ധം അവസാനിപ്പിക്കാനും എല്ലാ ബന്ദികളെ മോചിപ്പിക്കാനും ആഹ്വാനം ചെയ്തുകൊണ്ട് ജറുസലേമിൽ നടന്ന പ്രതിഷേധ മാർച്ച്

'മിസ്റ്റർ പ്രധാനമന്ത്രി നിങ്ങൾ എന്നെ മതാനിൽ നിന്ന് വേർപെടുത്തുകയാണ്, മതാനിനെ അവന്റെ സ്വാതന്ത്ര്യത്തിൽ നിന്നും വേർപെടുത്തുകയാണ്' എന്നായിരുന്നു മതൻ ആംഗ്രെസ്റ്റിന്റെ മാതാവിൻ്റെ വിലാപം. ഇതൊരു ഭീഷണിയല്ല മിസ്റ്റർ പ്രധാനമന്ത്രി. എന്തെങ്കിലും സംഭവിച്ചാൽ, നിങ്ങൾ അതിന് വില നൽകേണ്ടിവരും ഇത് ഒരു അമ്മയുടെ വാക്കാണ് എന്നും പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത് നെതന്യാഹുവിന് ആംഗ്രെസ്റ്റ് മുന്നറിയിപ്പ് നൽകി. എൻ്റെ മതാനടക്കം എല്ലാ ബന്ദികളുടെ മേലും 'ഹാനിബാൾ പ്രോട്ടോക്കോൾ' നടപ്പിലാക്കാൻ പ്രധാനമന്ത്രി തീരുമാനിച്ചതായും ആംഗ്രെസ്റ്റ് കൂട്ടിച്ചേർത്തു. 2016ൽ ഔദ്യോ​ഗികമായി റദ്ദാക്കപ്പെട്ട സൈനിക ഉത്തരവാണ് വിവാദ ഹാനിബാൾ പ്രോട്ടോക്കോൾ. ഒരു സൈനികനെ തട്ടിക്കൊണ്ടുപോകുന്നത് തടയാൻ അവരുടെ ജീവൻ അപകടത്തിലാക്കുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടെ ആവശ്യമായതെല്ലാം ചെയ്യാൻ സഹ സൈനികർക്ക് വിശാലമായ അനുമതി നൽകുന്നതായിരുന്നു ഹാനിബാൾ പ്രോട്ടോക്കോൾ'. മറ്റൊരു സൈനികനായ നിമ്രോഡ് കോഹന്റെ അമ്മ വിക്കി കോഹനും ബെഞ്ചമിൻ നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി. ബന്ദിയാക്കപ്പെട്ട മകന് എന്തെങ്കിലും സംഭവിച്ചാൽ ജീവിതകാലം മുഴുവൻ നിങ്ങൾക്ക് ഒരു നിമിഷം പോലും സമാധാനം ലഭിക്കില്ലെന്ന് ഉറപ്പാക്കും എന്നായിരുന്നു വിക്കി കോഹൻ്റെ പ്രതികരണം.

ഇതിനിടെ ​ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ സൈന്യം ​ആക്രമണം ശക്തമാക്കിയിട്ടുണ്ട്. മുതിർന്ന പ്രതിരോധ ഉദ്യോ​ഗസ്ഥരുടെ എതിർപ്പ് അവ​ഗണിച്ചാണ് ​ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള തീരുമാനവുമായി ബെഞ്ചമിൻ നെത്യന്യാഹു മുന്നോട്ട് പോകുന്നത്. ​ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള നീക്കം ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുതിർന്ന സൈനിക ഉദ്യോ​ഗസ്ഥരുടെ നിലപാട്.

ഓപ്പറേഷൻ്റെ ഭാ​ഗമായി ഇസ്രായേൽ സൈന്യം ഗാസ സിറ്റിയിലെ ഒരു ബഹുനില കെട്ടിടം തകർത്തിട്ടുണ്ട്. ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രായേൽ കാറ്റ്‌സ് "ഞങ്ങൾ തുടരുന്നു" എന്ന അടിക്കുറിപ്പോടെ എക്‌സിൽ കെട്ടിടം തകരുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ ​ഗാസയിലെ മറ്റൊരു ടവറും ഇസ്രയേൽ സൈന്യം തകർത്തിരുന്നു. ഹമാസ് ഈ ടവറുകൾ ഉപയോ​ഗിക്കുന്നുണ്ടെന്നായിരുന്നു ഇസ്രയേൽ സൈന്യത്തിൻ്റെ ആരോപണം. എന്നാൽ ഹമാസ് ഇത് നിഷേധിച്ചിരുന്നു.

Content Highlights: Thousands of protesters gathered near Benjamin Netanyahu’s residence in Jerusalem

dot image
To advertise here,contact us
dot image