
വാഷിംഗ്ടണ്‍: റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയ്ക്കും ഇന്ത്യയ്ക്കും ഇടയിലുണ്ടായ അസ്വാരസ്യങ്ങൾക്കിടെ നിലപാടിൽ വീണ്ടും മലക്കംമറിഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയും റഷ്യയും ഇപ്പോൾ ഇരുണ്ട ചൈനയ്‌ക്കൊപ്പമാണെന്ന് പരിഹസിച്ച് മണിക്കൂറുകൾക്കകമാണ് ട്രംപിൻ്റെ മലക്കം മറിച്ചിൽ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നല്ല സുഹൃത്താണെന്നും ഇന്ത്യ യുഎസ് ബന്ധം വളരെ പ്രധാനപ്പെട്ട ഒന്നായി തുടരുമെന്ന നിലപാടാണ് ഒടുവിൽ അമേരിക്കൻ പ്രസിഡൻ്റ് വ്യക്തമാക്കിയിരിക്കുന്നത്. പ്രധാനമന്ത്രി മോദിയുമായി നല്ല സൗഹൃദം തുടരുമെന്നും അദ്ദേഹം മഹാനായ പ്രധാനമന്ത്രിയാണെന്നും പറഞ്ഞ ട്രംപ് അദ്ദേഹം ചിലപ്പോൾ സ്വീകരിക്കുന്ന നിലപാടുകൾ തനിക്ക് ഇഷ്ടമാകാറില്ലെന്നും അഭിപ്രായപ്പെട്ടു. ഇന്ത്യയ്ക്കും യുഎസിനുമിടയിൽ നല്ല ബന്ധം തുടരുമെന്നും വിഷമിക്കേണ്ട ഒരു കാര്യവുമില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇന്ത്യയുമായുള്ള ബന്ധത്തിൽ എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ട്രംപ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇത്രയും വഷളാവുന്നത്.
ഇന്ത്യ റഷ്യയിൽ നിന്നും ഇത്രയും എണ്ണ വാങ്ങുന്നത് വളരെ നിരാശയുണ്ടാക്കുന്ന കാര്യമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇന്ത്യയ്ക്ക് മേൽ ചുമത്തിയിരിക്കുന്നത് വലിയ താരിഫാണ്, മോദിയുമായി നല്ല ബന്ധമാണ്. അദ്ദേഹം മഹാനാണ്. അദ്ദേഹം രണ്ട് മാസം മുമ്പ് ഇവിടെ ഉണ്ടായിരുന്നുവെന്നും ഇന്ത്യയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു. അതിനിടയിൽ ഇന്ത്യയും മറ്റ് രാജ്യങ്ങളും തമ്മിൽ വ്യാപാര സംബന്ധമായ ചർച്ചകൾ നന്നായി പുരോഗമിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടിട്ടുണ്ട്. എന്നാൽ യൂറോപ്യൻ യൂണിയനുമായി ചില അസ്വാരസ്വങ്ങളുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
Content Highlights: Trump says he will be friends with Modi amidst Tariff war