
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 11 വയസുകാരിയെ 31കാരന്‍ നിരന്തരം പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. ഏഴ് മാസം ഗര്‍ഭിണിയായ കുട്ടി കുഞ്ഞിന് ജന്മം നല്‍കുകയും ജനിച്ച് അരമണിക്കൂറിനുള്ളില്‍ തന്നെ കുഞ്ഞ് മരിച്ചെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ പ്രതിയായ റാഷിദിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിക്കുകയും ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി കുഞ്ഞിൻ്റെ ഡിഎന്‍എ ശേഖരിച്ചിട്ടുണ്ട്. ആറ് മാസങ്ങള്‍ക്ക് മുമ്പ് പഴം തരാമെന്ന് പറഞ്ഞ് കുട്ടിയെ കബളിപ്പിച്ച് റാഷിദ് തന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയും പിന്നാലെ പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് കുട്ടിയുടെ മൂത്ത സഹോദരനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. പീഡനവിവരം ആരോടെങ്കിലും പറഞ്ഞാല്‍ കുടുംബത്തെ കൊല്ലുമെന്ന് റാഷിദ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. കുട്ടിയെ ഭീഷണിപ്പെടുത്താന്‍ പീഡിപ്പിക്കുന്ന വീഡിയോയും ഇയാള്‍ പകര്‍ത്തിയിരുന്നു.
വ്യാഴാഴ്ച കുട്ടിക്ക് കഠിനമായ വയറ് വേദന അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴുമാണ് കുട്ടി ഏഴ് മാസം ഗര്‍ഭിണിയാണെന്ന വിവരം കുടുംബം അറിയുന്നത്. പിന്നാലെ കുട്ടിയെ ജില്ലാ വനിതാ ആശുപത്രിയിലെത്തിച്ചതും കുട്ടി പ്രസവിക്കുകയായിരുന്നു. ഉടന്‍ കുഞ്ഞ് മരിക്കുകയായിരുന്നു. പ്രസവത്തെ തുടര്‍ന്ന് ചോര വാര്‍ന്നതും ചെറിയ പ്രായവും കാരണം കുട്ടിയുടെ നില ആദ്യം ഗുരുതരമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.
Content Highlights: 11 year old girl raped and made pregnant in UP newborn dies after delivery