
വാഷിംഗ്ടൺ: ഗാസയിൽ ബന്ദികളായി തടവിൽ കഴിയുന്നവരെ മോചിപ്പിക്കാൻ ഹമാസുമായി അമേരിക്ക ഗൗരവമായ കൂടിയാലോചന നടത്തുകയാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹമാസ് ഇസ്രയേലി ബന്ദികളെ വിട്ടയക്കാന്‍ തയ്യാറായില്ലെങ്കിൽ സാഹചര്യങ്ങൾ കൂടുതൽ കഠിനവും മോശവുമാകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
'എല്ലാവരെയും ഉടനടി വിട്ടയക്കണമെന്ന് അവരോട് ആവശ്യപ്പെട്ടു. അതല്ലായെങ്കിൽ സാഹചര്യം കൂടുതൽ മോശമാകുന്നതിനൊപ്പം കഠിനവുമാകും' എന്ന് മാധ്യമങ്ങളോട് പ്രതികരിച്ച ട്രംപ് കൂടുതൽ കാര്യങ്ങൾ വിശദീകരിക്കാൻ തയ്യാറായില്ല.
അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ പ്രചരണ ക്യാമ്പയിനെ പ്രധാന വാഗ്ദാനമായിരുന്നു ഗാസയിലെ അധിനിവേശം അവസാനിപ്പിക്കുമെന്നത്. എന്നാൽ ഇതുവരെയും ഇക്കാര്യത്തിൽ ഒരു തീരുമാനമായിട്ടില്ല. അമ്പതോളം ഇസ്രയേലി ബന്ദികൾ നിലവിൽ ഹമാസിന്റെ തടവിലുണ്ടെന്നാണ് റിപ്പോർട്ടുകൾ ഇതിൽ ഇരുപത് പേർ ഇപ്പോഴും ജീവനോടെയുണ്ടെന്നാണ് നിഗമനം. താൽകാലിക വെടിനിർത്തലിനായി കുറച്ച് ബന്ദികളെ വിട്ടയക്കാമെന്ന് ഹമാസ് പ്രതികരിച്ചിട്ടുണ്ടെങ്കിലും എല്ലാവരെയും മോചിപ്പിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം.
ഗാസയിൽ നടക്കുന്ന യുദ്ധം അവസാനിപ്പിക്കണമെങ്കിൽ എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്ന നിലപാടിലാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. മാത്രമല്ല ഹമാസ് നിരായുധരാകുകയും ബദൽ ഭരണസംവിധാനം സജ്ജമാക്കുകയും ചെയ്തതിന് ശേഷമേ സംഘർഷം അവസാനിപ്പിക്കു എന്നതാണ് നെതന്യാഹുവിന്റെ തീരുമാനം. അതേസമയം യുദ്ധം അവസാനിപ്പിച്ച് ഇസ്രയേൽ ഗാസയിൽ നിന്നും പിൻവാങ്ങണമെന്നാണ് ഹമാസിന്റെ ആവശ്യം. 2023 ഒക്ടോബർ 7ന് ഇസ്രയേലിൽ കടന്ന് കയറി 250ഓളം പേരെ ഹമാസ് ബന്ദികളാക്കുകയായിരുന്നു. അതിന് പിന്നാലെയാണ് ഇസ്രയേൽ ഗാസയിലേയ്ക്ക് സൈനിക അധിനിവേശം ആരംഭിച്ചത്. ഗാസയിൽ നടക്കുന്ന ഇസ്രയേൽ അധിനിവേശത്തിൽ ആയിരക്കണക്കിന് പേർ കൊല്ലപ്പെടുകയും നിരവധി പേർ പലായനം ചെയ്യുകയും ചെയ്തു.
Content Highlights: US in very deep negotiations with Hamas to free Israel hostages