യുഎസ് താക്കീത് അവഗണിച്ച് ഇന്ത്യ; റഷ്യയില്‍നിന്ന് കൂടുതല്‍ എസ് 400 വാങ്ങും; ചര്‍ച്ച നടക്കുന്നുവെന്ന് അധികൃതര്‍

എസ് 400 വ്യോമ പ്രതിരോധ സംവിധാനത്തിന് ഇന്ത്യന്‍ സായുധ സേന നൽകിയിരിക്കുന്ന പേര് 'സുദർശൻ ചക്ര' എന്നാണ്

യുഎസ് താക്കീത് അവഗണിച്ച്  ഇന്ത്യ; റഷ്യയില്‍നിന്ന് കൂടുതല്‍ എസ് 400 വാങ്ങും; ചര്‍ച്ച നടക്കുന്നുവെന്ന് അധികൃതര്‍
dot image

ന്യൂഡൽഹി: യുഎസ് താക്കീതുകളെ വകവെക്കാതെ റഷ്യയിൽനിന്ന് കൂടുതൽ എസ് 400 വ്യോമപ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ ഇന്ത്യ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. റഷ്യൻ വാർത്താ ഏജൻസിയായ ടാസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. റഷ്യൻ നിർമിത സർഫേസ് ടു എയർ മിസൈൽ സംവിധാനമായ എസ് 400 ഉപകരണമാണ് ഇന്ത്യ വാങ്ങാനൊരുങ്ങുന്നത്. എസ് 400 വ്യോമ പ്രതിരോധ സംവിധാനത്തിന് ഇന്ത്യന്‍ സായുധ സേന നൽകിയിരിക്കുന്ന പേര് 'സുദർശൻ ചക്ര' എന്നാണ്.

നിലവിൽ ഇന്ത്യ റഷ്യൻ നിർമിത എസ് 400 ഉപയോഗിക്കുന്നുണ്ട്. കൂുടുതൽ യൂണിറ്റുകൾ വാങ്ങുന്നതിനെ കുറിച്ചുള്ള ചർച്ച നടക്കുന്നുണ്ടെന്നും റഷ്യൻ ഫെഡറൽ സർവീസ് ഫോർ മിലിട്ടറി- ടെക്‌നിക്കൽ കോർപ്പറേഷൻ മേധാവി ദിമിത്രി ഷുഗയേവിനെ ഉദ്ധരിച്ച് ടാസ് റിപ്പോർട്ട് ചെയ്തു.

ഇന്ത്യയുമായി ഈ മേഖലയിലും തങ്ങളുടെ സഹകരണം ദൃഢമാകും. ഉപകരണങ്ങളുടെ ഇടപാടുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോർട്ടുകൾ.

റഷ്യയിൽനിന്ന് ഇന്ത്യ ആയുധങ്ങൾ വാങ്ങുന്നതിനെതിരെ യുഎസ് രംഗത്ത് വന്നിരുന്നു. എന്നാൽ ഇതിനെ വകവെയ്ക്കാതെയാണ് ഇന്ത്യയുടെ നീക്കം.

2018ൽ 5.5 ബില്ല്യൺ ഡോളറിന്റെ കരാറിൽ റഷ്യയുമായി ഇന്ത്യ ഒപ്പുവെച്ചിരുന്നു. അഞ്ച് എസ് 400 സംവിധാനത്തിനാണ് കരാറിലെത്തിയതെങ്കിലും ഇതിന്റെ വിതരണം വൈകിയിരുന്നു. കരാർ പ്രകാരം നിലവിൽ മൂന്ന് എസ് 400 ആണ് ഇന്ത്യക്ക് റഷ്യ നൽകിയിട്ടുള്ളത്. ബാക്കി രണ്ടെണ്ണം അടുത്ത രണ്ട് വർഷങ്ങളിലായി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ പുതിയതായി എത്ര എസ് 400 വാങ്ങാനാണ് ഇന്ത്യ ചർച്ച നടത്തുന്നത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

ഓപ്പറേഷൻ സിന്ദൂറിൽ നിർണായക പങ്ക് വഹിച്ച എസ് 400, ഇന്ത്യൻ പ്രതിരോധ മേഖലയിലെ സുപ്രധാന സംവിധാനമാണ്. ലോകത്ത് നിലവിലുള്ള ഏറ്റവും നൂതനവും ശക്തവുമായ വ്യോമ പ്രതിരോധ സംവിധാനങ്ങളിലൊന്നായാണ് എസ് 400 ട്രയംഫിനെ കാണുന്നത്. ഡ്രോൺ, മിസൈൽ, റോക്കറ്റ്, യുദ്ധവിമാനങ്ങൾ, ആളില്ലാ വിമാനങ്ങൾ എന്നിവയുൾപ്പെടെയുള്ളവയെ നേരിടാൻ ഇതിന് കഴിവ് ഇതിനുണ്ട്. ഒരു പ്രത്യേക പ്രദേശത്ത് കവചമായി പ്രവർത്തിക്കാനും ഈ ദീർഘദൂര ഉപരിതല എയർ മിസൈൽ സംവിധാനത്തിന് സാധിക്കും.

മിസൈൽ ലോഞ്ചറുകൾ, ശക്തമായ റഡാർ, കമാൻഡ് സെന്റർ എന്നിവ ഉൾപ്പെടെ എസ് 400ന് മൂന്ന് ഘടകങ്ങളാണുള്ളത്. യുദ്ധ വിമാനങ്ങൾ, ക്രൂയിസ് മിസൈലുകൾ, വേഗത്തിൽ നീങ്ങുന്ന ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലുകൾ എന്നിവയെ പോലും ആക്രമിച്ച് തകർക്കാൻ ശേഷിയുള്ളവയാണ് ഇവ. നിലവിലുള്ള എല്ലാത്തരം ആധുനിക യുദ്ധവിമാനങ്ങളെയും നേരിടാൻ ഇവയ്ക്ക് ശേഷിയുണ്ട്. എസ് 400ന്റെ റഡാറുകൾക്ക് 600 കിലോമീറ്റർ അകലെയുള്ള എതിരാളികളുടെ ലക്ഷ്യങ്ങളെ ട്രാക്ക് ചെയ്യാൻ സാധിക്കും. 400 കിലോമീറ്റർ വരെ ദൂരത്തിൽ വെച്ച് തന്നെ അവയെ തടയാനും എസ് 400 മിസൈൽ സിസ്റ്റത്തിന് സാധിക്കും.

നിലവിൽ ഇന്ത്യയ്ക്ക് നാല് എസ് 400 സ്‌ക്വാഡ്രണുകളാണുള്ളത്. പത്താൻകോട്ട് മുതൽ ജമ്മു കശ്മീർ, പഞ്ചാബ് എന്നിവിടങ്ങൾ ഉൾപ്പെടുന്നതാണ് ഒന്ന്. മറ്റൊന്ന് രാജസ്ഥാനിലെയും ഗുജറാത്തിലെയും തന്ത്രപ്രധാന പ്രദേശങ്ങളെയാണ് സംരക്ഷിക്കുന്നത്.

Content Highlights: Russia says in talks to india for new deliveries of long range S 400 missile systems

dot image
To advertise here,contact us
dot image