
സാധാരണക്കാര്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ ജിഎസ്ടി പരിഷ്‌കരണത്തിന് ജിഎസ്ടി കൗണ്‍സില്‍ അംഗീകാരം നല്‍കിയതോടെ ഇനിമുതല്‍ 5%, 18% എന്നിങ്ങനെ രണ്ട് ജിഎസ്ടി സ്ലാബുകള്‍ മാത്രമായിരിക്കും ഉണ്ടാവുക. വ്യക്തിഗത പരിചരണ വിഭാഗത്തിലാണ് ഏറ്റവും വലിയ ആശ്വാസം. ഹെയര്‍ ഓയില്‍, ഷാംപൂ, ടൂത്ത് പേസ്റ്റ്, സോപ്പുകള്‍, ഷേവിംഗ് ഉല്‍പ്പന്നങ്ങള്‍, ടാല്‍ക്കം പൗഡര്‍, ടൂത്ത് ബ്രഷുകള്‍ തുടങ്ങിയവക്കൊക്കെ ജിഎസ്ടി 18ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറച്ചു.
ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 22 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. പുതുക്കിയ പരിഷ്‌കരണങ്ങള്‍ അനുസരിച്ച് നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കുറയും. 5%, 12%, 18%, 28% എന്നിങ്ങനെയുള്ള 4 ജിഎസ്ടി നികുതി സ്ലാബുകള്‍ 5%, 18% എന്നിങ്ങനെ രണ്ടായി കുറയ്ക്കാനുള്ള നിര്‍ണായക കേന്ദ്ര ശുപാര്‍ശയാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം അംഗീകരിച്ചത്.
പുതുക്കിയ പരിഷ്‌കരണങ്ങള്‍ അനുസരിച്ച് പനീര്‍, പാല്‍, റൊട്ടി, ചപ്പാത്തി, കടല തുടങ്ങിയവയ്ക്കും ജീവന്‍രക്ഷാ മരുന്നുകള്‍ക്കും ജിഎസ്ടിയുണ്ടാകില്ല. ടൂത്ത് പേസ്റ്റ്, സോപ്പ്, ടൂത്ത് ബ്രഷ്, ഹെയര്‍ ഓയില്‍, സൈക്കിള്‍, പാസ്ത, ന്യൂഡില്‍സ്, നെയ്യ്, വെണ്ണ, കോഫി, ചോക്ലേറ്റ് എന്നിവ ഇനി മുതല്‍ 5% ജിഎസ്ടി സ്ലാബില്‍ ഉള്‍പ്പെടും. വ്യക്തിഗത ലൈഫ് ഇന്‍ഷുറന്‍സ്, മെഡിക്കല്‍ ഇന്‍ഷുറന്‍സുകളെയും ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ടിവികള്‍ക്ക് 18 ശതമാനമായിരിക്കും ഇനി ജിഎസ്ടി. 1200 സിസിക്ക് താഴെയുളള കാറുകള്‍ക്കും 350 സിസിയ്ക്ക് താഴെയുളള ബൈക്കുകള്‍ക്കും ജിഎസ്ടി 18 ശതമാനമായി കുറയും. ട്രാക്ടറുകള്‍, കൃഷിയാവശ്യത്തിനുളള യന്ത്രങ്ങള്‍ തുടങ്ങിയവയുടെ നികുതി അഞ്ച് ശതമാനമാകും. സിഗരറ്റ്, പുകയില ഉല്‍പ്പന്നങ്ങള്‍, ശീതള പാനീയങ്ങള്‍ എന്നിവയുടെ നികുതി 40 ശതമാനമായിരിക്കും. രാജ്യത്തെ സാധാരണക്കാര്‍ക്ക് വേണ്ടിയാണ് ജിഎസ്ടി നിരക്കില്‍ പരിഷ്‌കാരങ്ങള്‍ നടത്തിയതെന്ന് നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.
അതേസമയം, സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും പരിഷ്‌കാരം മൂലം വലിയ നഷ്ടമുണ്ടാകുമെന്ന് 56-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത പ്രതിപക്ഷ ധനമന്ത്രിമാര്‍ ചൂണ്ടിക്കാട്ടി. ഒരു പഠനവും നടത്താതെയാണ് കേന്ദ്രം പരിഷ്‌കരണത്തിന് ഒരുങ്ങുന്നതെന്ന് കേരളത്തിലെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. പരിഷ്‌കരണം മൂലം കേരളത്തിന് 8,000 കോടിയുടെ നഷ്ടമുണ്ടാകുമെന്നും ഇത് നികത്താനുളള നടപടികള്‍ കേന്ദ്രം സ്വീകരിക്കണമെന്നും ബാലഗോപാല്‍ പറഞ്ഞു. നികുതി പരിഷ്‌കരണത്തിലൂടെ സംസ്ഥാനങ്ങളുടെ വരുമാനം വീണ്ടും കുറയുമെന്നാണ് ആശങ്ക.
Content Highlights: From shampoo to hair oil GST exemptions