
ഗാസ: പുതിയ വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് അംഗീകരിച്ചതായി റിപ്പോര്‍ട്ട്. ഈജിപ്തും ഖത്തറും മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ കരാറാണ് ഹമാസ് അംഗീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം മധ്യസ്ഥ രാജ്യങ്ങള്‍ മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ കരാരും ബന്ദിമോചനവും അംഗീകരിക്കുന്നുവെന്ന് ഹമാസിന്റെ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന് ആവശ്യപ്പെട്ട് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസ്സിം അല്‍ താനിയും ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്താഹ് എല്‍-സിസിയും കയ്‌റോയില്‍ വെച്ച് നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഹമാസ് വെടിനിര്‍ത്തലിന് അംഗീകാരം നല്‍കിയതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
60 ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദേശം ഹമാസ് അംഗീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നിലവിലുള്ള 50ഓളം ബന്ദികളെ രണ്ട് ഘട്ടമായി മോചിപ്പിക്കും. ഈ സമയത്ത് സ്ഥിരമായ വെടിനിര്‍ത്തലിനെക്കുറിച്ചും ഇസ്രയേല്‍ സൈന്യത്തിന്റെ പിന്‍മാറ്റത്തെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കും. എന്നാല്‍ വിഷയത്തില്‍ ഇതുവരെ ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിട്ടില്ല.
അതേസമയം ഗാസയുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നുമാവശ്യപ്പെട്ട് ഇസ്രയേലില്‍ രാജ്യവ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ഗാസയില്‍ ഹമാസ് പിടിച്ചുവെച്ചിരിക്കുന്ന ബന്ദികളുടെ കുടുംബാംഗങ്ങള്‍ക്ക് പിന്തുണയുമായാണ് പ്രതിഷേധം നടക്കുന്നത്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹമാസുമായി യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിലെത്തണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
Content Highlights: Hamas approves Ceasefire agreement