
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിനെതിരെ സംയുക്ത പ്രസ്താവന പുറത്തിറക്കി പ്രതിപക്ഷ പാര്‍ട്ടികള്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവരുടെ ഭരണഘടനാപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ടിഎംസി, ശിവസേന (യുബിടി), ഡിഎംകെ, എന്‍സിപി (എസ്‌സിപി), ആര്‍ജെഡി, ആം ആദ്മി പാര്‍ട്ടി, ജെഎംഎം, സിപിഐ, സിപിഐഎം, സിപിഐ (എംഎല്‍), ഐയുഎംഎല്‍, നാഷണല്‍ കോണ്‍ഫറന്‍സ് തുടങ്ങിയ പാര്‍ട്ടികളാണ് സംയുക്ത പ്രസ്താവനയിറക്കിയത്.
കാര്യമായ ചോദ്യങ്ങള്‍ക്കൊന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഉത്തരം നല്‍കിയില്ലെന്നും പ്രസ്തവാനയില്‍ ആരോപിക്കുന്നു. 'മഹാദേവപുരയിലെ വോട്ടര്‍ ക്രമക്കേടിനെക്കുറിച്ച് രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തത വരുത്തുകയോ പ്രതികരിക്കുകയോ ചെയ്തില്ല. ഡാറ്റ സത്യവാങ്മൂലത്തില്‍ നല്‍കണമെന്ന് പറയുകയല്ലാതെ മറ്റ് പ്രതികരണമൊന്നും നല്‍കിയില്ല. വോട്ടര്‍ തട്ടിപ്പ് ആരോപണങ്ങളില്‍ എന്ത് കൊണ്ട് അന്വേഷണമില്ലെന്ന ചോദ്യങ്ങള്‍ക്കും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഉത്തരം നല്‍കിയില്ല', പ്രസ്താവനയില്‍ പറയുന്നു.
ഭരണകക്ഷിയെ വെല്ലുവിളിക്കുന്നവരെ ഭീഷണിപ്പെടുത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിക്കുന്നതെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനെ ഗൗരവപരമായ കുറ്റപത്രമായാണ് പ്രസ്താവനയില്‍ പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്. 'രാജ്യത്ത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് സംവിധാനം ഉറപ്പ് വരുത്തുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടു. നീതിയുക്തമായ സാഹചര്യം ഉറപ്പാക്കാന്‍ പറ്റുന്ന ആളുകളല്ല തെരഞ്ഞെടുപ്പ് കമ്മീഷനിലുള്ളതെന്ന് ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്', സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ 'വോട്ട് ചോരി' ആരോപണങ്ങള്‍ക്കെതിരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. തെരഞ്ഞടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്നും ചിലര്‍ എസ്ഐആറിനെ കുറിച്ച് കള്ളം പ്രചരിപ്പിക്കുന്നുവെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് രംഗത്ത് പരാതിയുണ്ടെങ്കില്‍ 45 ദിവസത്തിനകം കോടതിയെ സമീപിക്കാന്‍ അവസരം ഉണ്ട്. പ്രതിപക്ഷം രാജ്യത്തിന്റെ ഭരണഘടനയെ അപമാനിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
'കോടതിയെ സമീപിക്കാതെ വോട്ട് ചോരി ആരോപണം ഉന്നയിക്കുന്നത് അപകടകരം. ഭരണഘടനയെ അപമാനിക്കുന്നു. വോട്ടര്‍മാരുടെ ചിത്രം അവരുടെ അനുമതിയില്ലാതെ വീഡിയോയില്‍ നല്‍കുന്നു. അവരുടെ അനുമതിയില്ലാതെയാണ് ഇത് ചെയ്യുന്നത്. വോട്ടെടുപ്പില്‍ ഒരു കോടിയിലധികം തെരഞ്ഞെടുപ്പ് പ്രവര്‍ത്തകരാണ് പ്രവര്‍ത്തിക്കുന്നത്. ലക്ഷക്കണക്കിന് പോളിംഗ് ഏജന്റുമാരും പ്രവര്‍ത്തിക്കുന്നു. ഇവരെയൊക്കെ മറികടന്ന് വോട്ട് ചോരി എങ്ങനെ നടക്കും', എന്നായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചത്.
എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം കണ്ടെന്നും തന്റെ ഒരു ചോദ്യത്തിന് പോലും മറുപടിയില്ലെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. വോട്ട് മോഷണം ഇനി അനുവദിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ ഭയമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബിഹാറില്‍ നിന്ന് തുടങ്ങിയ 16 ദിവസം നീണ്ടുനില്‍ക്കുന്ന 'വോട്ടര്‍ അധികാര്‍ യാത്ര'യിലായിരുന്നു രാഹുലിന്റെ പരാമര്‍ശം.
Content Highlights: Opposition parties joint statement against election commission press meet