
കോഴിക്കോട്: സമസ്തയിലെ മുസ്ലിം ലീഗ് വിരുദ്ധര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ എംഎസ്എഫ് പരിപാടിയില്‍ പങ്കെടുക്കുന്നതിനെ 'ഏതോ ഒരു തങ്ങള്‍ പങ്കെടുക്കുന്നു' എന്നാണ് സമസ്ത പണ്ഡിതസഭയായ മുശാവറയിലെ ചില പണ്ഡിതര്‍ പറഞ്ഞത്. അങ്ങനെ പറയാന്‍ തോന്നിയത് മനസ്സിന്റെയും കണ്ണിന്റെയും അന്ധത ഒരുമിച്ച് വന്നതുകൊണ്ടാണെന്നും നാസര്‍ ഫൈസി കൂടത്തായി വിമര്‍ശിച്ചു. വടകരയിലെ ഖാസി സ്ഥാനമേല്‍ക്കല്‍ പരിപാടിയിലായിരുന്നു നാസര്‍ ഫൈസിയുടെ പ്രസംഗം.
മലയാളം അറിയുന്നവര്‍ക്ക് തങ്ങളെ മറക്കാന്‍ കഴിയില്ല. മറന്നത് തങ്ങളെ മാത്രമല്ല, മലയാളത്തെ കൂടിയാണ്. സാദിഖലി തങ്ങളോട് എന്തിനാണ് പകയും വിദ്വേഷവും വെക്കുന്നത്. വിരോധത്തിന്റെ വിഷം രക്തത്തില്‍ അലിഞ്ഞുചേര്‍ന്നോ എന്നും നാസര്‍ ഫൈസി കൂടത്തായി ചോദിച്ചു. തങ്ങള്‍ക്ക് സുന്നി സ്പിരിറ്റ് ഇല്ലെന്നാണ് ചിലര്‍ പറയുന്നത്. ആദര്‍ശമില്ലെന്ന് മറ്റുചിലരും പറയുന്നു. പാണക്കാട് കുടുംബം സുന്നത്തിന്റെ ഹോള്‍സെയില്‍ ആണെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.
സാദിഖലി തങ്ങള്‍ മഹല്ലുകളുടെ ഖാസി സ്ഥാനം ഏറ്റെടുക്കുന്നതില്‍ നേരത്തെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. സാദിഖലി തങ്ങള്‍ക്ക് ഖാസി സ്ഥാനം ഏറ്റെടുക്കാനുള്ള പാണ്ഡിത്യം ഇല്ലെന്ന് ഉമര്‍ ഫൈസി മുക്കം വിമര്‍ശിച്ചിരുന്നു. കിതാബ് നോക്കി വായിക്കാന്‍ പറ്റുന്നവരാവണം ഖാസി ആവേണ്ടത്. ചില രാഷ്ട്രീയക്കാര്‍ക്ക് ഇതില്‍ താത്പര്യം ഉണ്ടെന്നായിരുന്നു വിമര്‍ശനം.
Content Highlights: Naser Faisy koodathai Over criticism against Panakkad Sadiq Ali Thangal