
അലാസ്‌ക: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ ടീ ഷര്‍ട്ട്. 'സിസിസിപി' എന്ന വാചകമെഴുതിയ ടീ ഷര്‍ട്ട് ധരിച്ചാണ് സെര്‍ഗെയ് ലാവ്‌റോവ് യുഎസ് ഉച്ചകോടിയിലെത്തിയത്. യുഎസ്എസ്ആറിന്റെ റഷ്യന്‍ ഭാഷയിലെ ചുരുക്കപ്പേരാണ് സിസിസിപി.
1991ല്‍ 15 പുതിയ രാജ്യങ്ങളായി പിരിയുന്നതിന് മുമ്പ് സോവിയേറ്റ് യൂണിയന്‍ എന്നറിയപ്പെട്ടിരുന്ന യുഎസ്എസ്ആറിന്റെ ഭാഗമായിരുന്നു യുക്രെയ്ന്‍. സോവിയറ്റ് യൂണിയന്‍ പുനസ്ഥാപിക്കാനുള്ള തന്റെ വ്യക്തിപരമായ അഭിലാഷത്തിന്റെ ഭാഗമായാണ് 2022 ഫെബ്രുവരിയില്‍ പുടിന്‍ യുക്രെയ്ന്‍ ആക്രമിച്ചത്. ലോകരാജ്യങ്ങള്‍ക്കിടയിലുണ്ടായിരുന്ന റഷ്യയുടെ പഴയ മേധാവിത്വത്തെ സൂചിപ്പിക്കാനാണോ ലാവ്‌റോവ് സിസിസിപി എന്ന വാചകമെഴുതിയ ടീ ഷര്‍ട്ട് ധരിച്ചെത്തിയതെന്നാണ് ചര്‍ച്ചകള്‍ വരുന്നത്. റഷ്യയുടെ സ്വത്വത്തെയും പരമാധികാരത്തെയും ഊന്നിപ്പറയാനാണ് സോവിയറ്റ് യൂണിയന്റെ ചുരുക്കപ്പേരെഴുതിയ ടീ ഷര്‍ട്ട് ധരിച്ചെത്തിയതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
അതേസമയം ട്രംപും പുടിനും തമ്മില്‍ നടത്തിയ നിര്‍ണായക കൂടിക്കാഴ്ച യാതൊരു ധാരണയുമില്ലാതെ അവസാനിച്ചു. യുക്രൈന്‍- റഷ്യ വെടിനിര്‍ത്തലില്‍ നിര്‍ണായക തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന കൂടിക്കാഴ്ചയില്‍ വിഷയത്തില്‍ യാതൊരു ധാരണയും ഉണ്ടായില്ലെന്നാണ് വിവരം.
അതേസമയം മൂന്ന് മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ വെടിനിര്‍ത്തലിനായുള്ള അന്തിമ കരാറിലെത്തിയില്ലെങ്കിലും പല കാര്യങ്ങളിലും ധാരണയായി എന്ന് ട്രംപ് അറിയിച്ചു. ചര്‍ച്ചയില്‍ വലിയ പുരോഗതിയുണ്ടായെന്നും വൈകാതെ ലക്ഷ്യം കാണാനാവുമെന്നും ഇരുനേതാക്കളും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചര്‍ച്ചയിലെ ധാരണകളെ കുറിച്ച് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിർ സെലന്‍സ്‌കിയുമായും നാറ്റോ രാജ്യങ്ങളുമായും സംസാരിക്കുമെന്നും അതിന് ശേഷം തുടര്‍ നടപടിയെന്നും ട്രംപ് വ്യക്തമാക്കി.
Content Highlights: Discussion about Russian foreign minister s T shirt on Trump Putin summit