
താര സംഘടനയിൽ ഉണ്ടായ മാറ്റം വളരെ പോസിറ്റീവ് ആണെന്ന് ദീദി ദാമോദരൻ. അമ്മയിൽ നിന്ന് ഇറങ്ങി പോയവർ സ്വത്ത് തർക്കത്തിൻ്റെ പേരിൽ ഇറങ്ങിയവരല്ലെന്നും സംഘടനയ്ക്ക് ഉള്ളിൽ മാറ്റമുണ്ടായാൽ പോയവർ തിരികെ എത്തുമെന്നും ദീദി ദാമോദരൻ പറഞ്ഞു. കൂടെ ആരും ഉണ്ടാകാതിരുന്നതിനാൽ ആണ് അതിജീവിതയ്ക്ക് സംഘടനയിൽ നിന്നിറങ്ങി പോകേണ്ടി വന്നതെന്നും ദീദി ദാമോദരൻ റിപ്പോർട്ടറിനോട് പറഞ്ഞു.
'അമ്മയിലെ മാറ്റം വളരെ പോസിറ്റീവ് ആണ്. സിസ്റ്റം മാറണമെന്ന് WCC ആവശ്യപ്പെട്ടിരുന്നു. അമ്മയിൽ നിന്ന് ഇറങ്ങി പോയവർ സ്വത്ത് തർക്കത്തിൻ്റെ പേരിൽ ഇറങ്ങി പോയവരല്ല. അമ്മ എന്ന സംഘടനയ്ക്ക് ഉള്ളിൽ മാറ്റം സംഭവിക്കണം. എങ്കിൽ ഇറങ്ങി പോയവർ തിരികെ വരുന്നത് ഉൾപ്പെടെ ഉള്ള കാര്യങ്ങൾ സംഭവിക്കും. സിസ്റ്റം മാറുന്നതിനു വേണ്ടിയുള്ള പ്രതിഷേധ സൂചകമായാണ് അവർ ഇറങ്ങിപ്പോയത്.
സ്ത്രീകൾക്ക് ചൂഷണം ഇല്ലാതെ ജോലി ചെയ്യാനുള്ള സാഹചര്യം സംഘടന ഒരുക്കണം. സംഘടനയിലേക്ക് തിരികെ പോകണോ എന്നത് വ്യക്തിപരമായി എടുക്കേണ്ട തീരുമാനം. കൂടെ ആരും ഉണ്ടാകാതിരുന്നതിനാൽ ആണ് അതിജീവിതയ്ക്ക് സംഘടനയിൽ നിന്നിറങ്ങി പോകേണ്ടി വന്നത്,' ദീദി ദാമോദരൻ റിപ്പോർട്ടറിനോട് പറഞ്ഞു.
ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോൻ വിജയിച്ചു. 20 വോട്ടുകളുടെ പിൻബലത്തിലാണ് ശ്വേത ഒപ്പം മത്സരിച്ച ദേവനെ പരാജയപ്പെടുത്തിയത്. 'WCC അംഗങ്ങൾ പിണങ്ങി പോയിട്ടൊന്നുമില്ല, അവരെല്ലാം 'അമ്മ കുടുംബത്തിന്റെ ഭാഗമാണെന്നും അവർ ഓക്കെ ആണെങ്കിൽ WCC അംഗങ്ങളെ വ്യക്തിപരമായി കണ്ട് സംസാരിക്കാൻ താൻ തയ്യാറാണെന്നും' വിജയത്തിന് ശേഷം ശ്വേത മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
Content Highlights: deedi damodaran response after amma election