
അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പ്രതികരണവുമായി ശ്വേത മേനോൻ. അമ്മയിലെ എല്ലാവരും അതിജീവിതയ്‌ക്കൊപ്പമാണെന്ന് ശ്വേത റിപ്പോർട്ടറിനോട് പ്രതികരിച്ചു. സംഘടനയിലേക്ക് അതിജീവിത തിരിച്ചുവരട്ടെ എന്നും ശ്വേത കൂട്ടിച്ചേർത്തു.
'ഞങ്ങൾ എല്ലാവരും അതിജീവിതയുടെ ഒപ്പമാണ്. ജനറൽ ബോഡിയിലെ എല്ലാ അംഗങ്ങളും അവൾക്കൊപ്പമാണ്. സ്ത്രീ ആണെങ്കിലും പുരുഷന്മാർ ആണെങ്കിലും ഒരു പ്രശ്നം വരുമ്പോൾ ഞങ്ങൾ എല്ലാവരും ഒരു കൂട്ടുകെട്ടാണ്. സംഘടനയിലേക്ക് അതിജീവിത തിരിച്ചുവരട്ടെ', ശ്വേതയുടെ വാക്കുകൾ. WCC അംഗങ്ങളെ ഇരുകയ്യും നീട്ടി അമ്മ സ്വീകരിക്കുമെന്നും റിപ്പോർട്ടറിനോട് ശ്വേത മേനോൻ കഴിഞ്ഞ ദിവസം മനസുതുറന്നിരുന്നു. WCC അംഗങ്ങൾ പിണങ്ങി പോയിട്ടൊന്നുമില്ല, അവരെല്ലാം A M M A യുടെ കുടുംബത്തിന്റെ ഭാഗമാണ്. അവർ ഓക്കെ ആണെങ്കിൽ WCC അംഗങ്ങളെ വ്യക്തിപരമായി കണ്ട് സംസാരിക്കാൻ ഞാൻ തയ്യാറാണ്', വിജയത്തിന് ശേഷം ശ്വേത മേനോൻ പ്രതികരിച്ചു.
ഇതാദ്യമായിട്ടാണ് A.M.M.A യുടെ തലപ്പത്തേക്ക് ഒരു വനിത എത്തുന്നത്. ഒഫിഷ്യലി 'അമ്മ'യായി എന്ന് ശ്വേത മേനോന്‍ വിജയത്തിന് ശേഷം പ്രതികരിച്ചു. 20 വോട്ടിനാണ് ശ്വേത മേനോൻ വിജയിച്ചത്. ശ്വേതയ്ക്ക് 159 വോട്ടുകൾ ലഭിച്ചപ്പോൾ ഒപ്പം മത്സരിച്ച ദേവന് 132 വോട്ടുകളാണ് ലഭിച്ചത്. ജനറൽ സെക്രട്ടറി ആയി കുക്കു പരമേശ്വരൻ തെരഞ്ഞെടുക്കപ്പെട്ടു. കുക്കു പരമേശ്വരനും രവീന്ദ്രനുമായിരുന്നു ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്.
വൈസ് പ്രസിഡന്റ് ആയി ലക്ഷ്മിപ്രിയയും ജയൻ ചേർത്തലയും തെരഞ്ഞെടുക്കപ്പെട്ടു. ലക്ഷ്മിപ്രിയ, ജയൻ ചേർത്തല, നാസർ ലത്തീഫ് എന്നിവരായിരുന്നു വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് വിജയിച്ച ലക്ഷ്മിപ്രിയയ്ക്ക് 139 വോട്ടുകൾ ലഭിച്ചപ്പോൾ ഒപ്പം മത്സരിച്ച നാസർ ലത്തീഫിന് 96 വോട്ട് ലഭിച്ചു. ജന: സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചു വിജയിച്ച കുക്കു പരമേശ്വരന് 172 വോട്ടുകൾ ലഭിച്ചപ്പോൾ ഒപ്പം മത്സരിച്ച രവീന്ദ്രന് 115 വോട്ട് ലഭിച്ചു.
Content Highlights: We are with the survivor let the survivor return to the organization says Shweta Menon