പള്ളുരുത്തിയില്‍ മൃതദേഹങ്ങള്‍ മാറിപ്പോയി; സംസ്‌കരിച്ച ശേഷം വീണ്ടും കുഴിച്ചെടുത്ത് ബന്ധുക്കൾക്ക് കൈമാറി

വീട്ടിലേക്ക് കൊണ്ടുപോകുമ്പോഴാണ് മൃതദേഹം മാറിപ്പോയ വിവരം വീട്ടുകാര്‍ ശ്രദ്ധിച്ചത്

dot image

കൊച്ചി: പള്ളുരുത്തിയില്‍ പാലിയേറ്റീവ് കേന്ദ്രത്തില്‍ മൃതദേഹങ്ങള്‍ തമ്മില്‍ മാറി. ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളാണ് കുടുംബങ്ങള്‍ മാറിയെടുത്തത്. കുമ്പളങ്ങി സ്വദേശി ആന്റണിയുടെ മൃതദേഹം പള്ളുരുത്തിയില്‍ സംസ്‌കരിക്കുകയായിരുന്നു. ആന്റണിയുടെ മൃതദേഹം പള്ളുരുത്തി പാലിയേറ്റീവ് കെയര്‍ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. വിദേശത്തുള്ള അദ്ദേഹത്തിന്റെ ബന്ധു വരും വരെ ഫ്രീസറില്‍ മൃതദേഹം സൂക്ഷിക്കുകയായിരുന്നു കുടുംബത്തിന്റെ ഉദ്ദേശം. എന്നാല്‍ വെള്ളിയാഴ്ച്ച ബന്ധു എത്തിയ ശേഷം വീട്ടിലേക്ക് കൊണ്ടുപോകുമ്പോഴാണ് മൃതദേഹം മാറിപ്പോയ വിവരം വീട്ടുകാര്‍ ശ്രദ്ധിച്ചത്. ഉടന്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

ആന്റണിയുടേതിനൊപ്പം പള്ളുരുത്തി സ്വദേശി പീറ്ററിന്റെ മൃതശരീരവും പള്ളുരുത്തി പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍ പീറ്ററിന്റെ മൃതദേഹം കൊണ്ടുപോകാന്‍ വന്ന ആളുകള്‍ ആന്റണിയുടേതുമായി പോവുകയായിരുന്നു. അവര്‍ പള്ളിയിലെ ചടങ്ങുകള്‍ക്ക് ശേഷം വ്യാഴാഴ്ച്ച തന്നെ സംസ്‌കാരം നടത്തുകയും ചെയ്തു. പീറ്ററിന്റെ വീട്ടില്‍ മതിയായ സൗകര്യങ്ങളില്ലാതിരുന്നതിനാല്‍ നേരിട്ട് പള്ളിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അതിനാല്‍ വീട്ടില്‍ പൊതുദര്‍ശനം സാധ്യമായില്ല.

മൃതദേഹം മാറിയെന്ന് ആന്റണിയുടെ വീട്ടുകാര്‍ പാലിയേറ്റീവ് കെയര്‍ അധികൃതരെ അറിയിച്ചതോടെ, അധികൃതരും നാട്ടുകാരും പള്ളുരുത്തി പള്ളിയിലെത്തി. സംസ്‌കരിച്ച മൃതദേഹം മാറിപ്പോയ കാര്യം അവര്‍ പള്ളിയില്‍ അറിയിച്ചു. ഉടന്‍ പള്ളിയില്‍ നിന്ന് ഇടപെടല്‍ ഉണ്ടാവുകയും ഇരുകൂട്ടരും സംസാരിച്ച് ധാരണയിലെത്തുകയും ചെയ്തു. പള്ളിയില്‍ സംസ്‌കരിച്ച ആന്റണിയുടെ മൃതദേഹം പൊലീസിന്റെ സാന്നിധ്യത്തില്‍ കുഴിച്ചെടുക്കുകയും കുമ്പളങ്ങിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. പിന്നീട് പീറ്ററിന്റെ മൃതദേഹം പള്ളുരുത്തി പള്ളിയിലും ആന്റണിയുടേത് കുമ്പളങ്ങിയിലെ പള്ളിയിലും സംസ്‌കരിച്ചു.

Content Highlight; Bodies Swapped at Kerala Palliative Care Center

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us