സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി വെടിവെപ്പ്; പാകിസ്താനില്‍ പെണ്‍കുട്ടി അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

അറുപതിലധികം ആളുകള്‍ക്ക് പരിക്കേറ്റതായും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

dot image

ഇസ്ലാമാബാദ്: പാകിസ്താനില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ നടത്തിയ വെടിവെപ്പില്‍ അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് പേര്‍ മരിച്ചു. കറാച്ചിയിലെ വിവിധയിടങ്ങളിലായാണ് ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. ആകാശത്തേക്ക് വെടിയുതിര്‍ത്ത് നടത്തിയ ആഘോഷത്തില്‍ അറുപതിലധികം ആളുകള്‍ക്ക് പരിക്കേറ്റതായും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കറാച്ചിയിലെ അസിസാബാദിലാണ് പെണ്‍കുട്ടി വെടിയേറ്റ് മരിച്ചത്. കോറങ്കി മേഖലയില്‍ നടന്ന ആഘോഷവെടിവെപ്പില്‍ സ്റ്റീഫന്‍ എന്നയാള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. കറാച്ചി മേഖലയില്‍ നിരവധി ആളുകള്‍ വെടിയേറ്റ് ചികിത്സയിലാണ്. ലിയാഖാത്താബാദ്, ല്യാരി, മെഹ്‌മൂദാബാദ്, അക്തര്‍ കോളനി, കീമാരി, ബാല്‍ദിയ, ഒറാങ്കി ടൗണ്‍, പാപോഷ് നഗര്‍ തുടങ്ങിയ മേഖലകളിലെ ആഘോഷമാണ് അപകടത്തില്‍ കലാശിച്ചത്.

അതേസമയം, വെടിവെപ്പുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളില്‍ നിന്ന് ഇരുപതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവരില്‍ നിന്ന് തോക്കുകളും വെടിയുണ്ടകളും കണ്ടെടുത്തിട്ടുമുണ്ട്. കഴിഞ്ഞ വര്‍ഷവും സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി പാകിസ്ഥാനില്‍ നടന്ന വെടിവെപ്പില്‍ 95 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഓഗസ്റ്റ് 14 ആണ് പാകിസ്താനില്‍ സ്വാതന്ത്ര്യദിനം.

Content Highlight; Pakistan Independence Day Firing Leaves Three Dead

dot image
To advertise here,contact us
dot image