എ ഐ ചിപ്പുകൾ ചൈനയിലേയ്ക്ക് വഴിതിരിച്ച് വിടാതിരിക്കാൻ ഷിപ്പ്മെൻ്റുകളിൽ അമേരിക്കയുടെ ലോക്കേഷൻ ട്രാക്കിം​ഗ്

അമേരിക്കൻ കയറ്റുമതി നിയന്ത്രണങ്ങൾ ലംഘിക്കുന്നതിലൂടെ ലാഭം നേടുന്ന ആളുകൾക്കും കമ്പനികൾക്കുമെതിരെ നിയമനടപടി സ്വീകരിക്കാൻ ഇത്തരം ട്രാക്കറുകൾ സഹായകമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്

dot image

വാഷിംഗ്ടൺ: അതിനൂതന എ ഐ ചിപ്പുകൾ ചൈനയിലേയ്ക്ക് വഴിതിരിച്ച് വിടാതിരിക്കാനായി അവയുടെ ഷിപ്പ്മെൻ്റുകളിൽ അമേരിക്ക ലോക്കേഷൻ ട്രാക്കിം​ഗ് ഉപകരണങ്ങൾ സ്ഥാപിച്ചതായി റിപ്പോർട്ട്. ഈ വിവരം നേരിട്ട് അറിയുന്ന രണ്ട് പേരെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് അമേരിക്കയുടെ പുതിയ നീക്കത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അമേരിക്കയുടെ കയറ്റുമതി നിയന്ത്രണങ്ങൾ വിധേയമായ സ്ഥലങ്ങളിലേക്ക് AI ചിപ്പുകൾ വഴിതിരിച്ചുവിടുന്നത് കണ്ടെത്തുന്നതിനാണ് ഈ നടപടികൾ ലക്ഷ്യമിടുന്നതെന്നും അന്വേഷണത്തിലുള്ള തിരഞ്ഞെടുത്ത ഷിപ്പ്‌മെന്റുകൾക്ക് മാത്രമാണ് ഇത് ബാധകമാകുന്നതെന്നുമാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.

അമേരിക്കൻ കയറ്റുമതി നിയന്ത്രണങ്ങൾ ലംഘിക്കുന്നതിലൂടെ ലാഭം നേടുന്ന ആളുകൾക്കും കമ്പനികൾക്കുമെതിരെ നിയമനടപടി സ്വീകരിക്കാൻ ഇത്തരം ട്രാക്കറുകൾ സഹായകമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ചൈനയിലേയ്ക്കുള്ള ചിപ്പ് കയറ്റുമതിയിൽ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ അമേരിക്ക എത്രമാത്രം ജാ​ഗ്രത കാണിക്കുന്നുവെന്നതിൻ്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

സെമികണ്ടക്ടറുകൾ ലഭ്യമാക്കുന്നതിൽ ചൈനയ്ക്കുള്ള നിയന്ത്രണങ്ങളിൽ ട്രംപ് ഭരണകൂടം ഇളവ് വരുത്താൻ ശ്രമിക്കുന്നുവെന്ന വാ‍ർത്തകൾക്കിടെയാണ് റോയിട്ടേഴ്സിൻ്റെ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. കയറ്റുമതി നിയന്ത്രണങ്ങൾക്ക് വിധേയമായ വിമാന ഭാഗങ്ങൾ പോലുള്ള ഉൽപ്പന്നങ്ങൾ ട്രാക്ക് ചെയ്യുന്നതിന് അമേരിക്കയിലെ നിയമ നിർവ്വഹണ ഏജൻസികൾ ഉപയോഗിക്കുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള അന്വേഷണ ഉപകരണമാണ് ലൊക്കേഷൻ ട്രാക്കറുകൾ. സമീപ വർഷങ്ങളിൽ സെമികണ്ടക്ടറുകളുടെ നിയമവിരുദ്ധമായ വഴിതിരിച്ചുവിടലിനെ ചെറുക്കാൻ അവ ഉപയോഗിച്ചിട്ടുണ്ടെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

അമേരിക്കയുടെ കയറ്റുമതി നിയന്ത്രണങ്ങളുടെ ഭാ​ഗമായി വിൽപ്പന നിയന്ത്രിച്ചിരിക്കുന്ന രാജ്യങ്ങളിലേക്ക് വഴിതിരിച്ചുവിടുന്നത് തടയാൻ അമേരിക്കൻ ചിപ്പ് സ്ഥാപനങ്ങൾ അവരുടെ ചിപ്പുകളിൽ ലൊക്കേഷൻ വെരിഫിക്കേഷൻ സാങ്കേതികവിദ്യ ഉൾപ്പെടുത്തണമെന്ന് വൈറ്റ് ഹൗസും കോൺഗ്രസിന്റെ ഇരുസഭകളും നിർദ്ദേശിച്ചിരുന്നു.

ആഗോള AI ചിപ്പ് വിതരണ ശൃംഖലയിൽ ആധിപത്യം പുലർത്തുന്ന അമേരിക്ക അടുത്ത കാലത്തായി ചൈനയിലേക്കുള്ള ചിപ്പുകളുടെയും മറ്റ് സാങ്കേതികവിദ്യകളുടെയും കയറ്റുമതി പരിമിതപ്പെടുത്താൻ ശ്രമിച്ച് വരികയാണ്. യുക്രെയ്നുമായുള്ള യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ റഷ്യയിലേക്കുള്ള ചിപ്പുകളുടെ വിൽപ്പനയിലും അമേരിക്ക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ അമേരിക്കയുടെ ഈ നീക്കത്തെ ചൈന വിമർശിച്ചിരുന്നു. തങ്ങളുടെ വളർച്ചയെ അടിച്ചമർത്താനുള്ള നീക്കത്തിൻ്റെ ഭാ​ഗമാണ് അമേരിക്കൻ കയറ്റുമതി നിയന്ത്രണങ്ങളെന്നായിരുന്നു ചൈനീസ് നിലപാട്. ജനുവരിയിൽ, മലേഷ്യ, സിംഗപ്പൂർ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ വഴി ചൈനയിലേക്കുള്ള സംഘടിത AI ചിപ്പ് കള്ളക്കടത്ത് യുഎസ് കണ്ടെത്തിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.

ചൈനയിലേക്ക് കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന എ ഐ ചിപ്പുകൾ നിയമവിരുദ്ധമായി കയറ്റി അയച്ച കുറ്റം ചുമത്തി രണ്ട് ചൈനീസ് പൗരന്മാരെ ഈ മാസം ആദ്യം കാലിഫോ‍ർണിയയിൽ അറസ്റ്റ് ചെയ്തിരുന്നു. സഡെനയിൽ നിന്നുള്ള 28 കാരനായ ചുവാൻ ഗെങ്ങും എൽ മോണ്ടെയിൽ നിന്നുള്ള 28 കാരനായ ഷിവെയ് യാങ്ങും യുഎസ് വാണിജ്യ വകുപ്പിന്റെ ആവശ്യമായ ലൈസൻസുകൾ ഇല്ലാതെ 2022 ഒക്ടോബർ മുതൽ 2025 ജൂലൈ വരെ ചൈനയിലേക്ക് നൂതന എൻവിഡിയ ചിപ്പുകളും മറ്റ് സാങ്കേതികവിദ്യയും കയറ്റുമതി ചെയ്തതെന്നായിരുന്നു അമേരിക്കൻ നീതിന്യായ വകുപ്പ് പറഞ്ഞിരുന്നത്.

Content Highlights: America embeds trackers in AI chip shipments to catch diversions to China

dot image
To advertise here,contact us
dot image