ജി7 രാജ്യങ്ങളിൽ ആദ്യം; പലസ്തീനെ സ്വതന്ത്ര്യ രാഷ്ട്രമായി ഉടൻ അംഗീകരിക്കുമെന്ന് ഫ്രാൻസ്

പലസ്തീനെ അംഗീകരിക്കാനുള്ള ഫ്രാൻസിന്റെ ഈ തീരുമാനത്തിനെതിരെ ഇസ്രയേൽ രൂക്ഷമായാണ് പ്രതികരിച്ചത്

dot image

പാരീസ്: പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കാനൊരുങ്ങി ഫ്രാൻസ്. സെപ്റ്റംബറിൽ നടക്കുന്ന ഐക്യരാഷ്ട്ര സഭാ സമ്മേളനത്തിൽ ഫ്രാൻസ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ അറിയിച്ചു. ഇതോടെ പ്രധാനപ്പെട്ട ലോക ശക്തികൾ ഉൾപ്പെടുന്ന ജി7 രാജ്യങ്ങളുടെ കൂട്ടായ്മയിൽ നിന്ന് പലസ്തീനെ അംഗീകരിക്കുന്ന ആദ്യ രാജ്യമായി ഫ്രാൻസ് മാറും.

പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ കത്തിന് മറുപടി നൽകുകയായിരുന്നു മാക്രോൺ. ഗാസയിൽ ഉടൻ വെടിനിർത്തൽ ആവശ്യമാണെന്നും, ബന്ദികളാക്കിയവരെ ഹമാസ് ഉടൻ വിട്ടയക്കണമെന്നും മാക്രോൺ ആവശ്യപ്പെട്ടു. ഭക്ഷണവും വെള്ളവും തുടങ്ങി പ്രാഥമിക അവകാശങ്ങൾ എല്ലാം നിരസിക്കപ്പെട്ട ജനതയ്ക്ക് അവയെല്ലാം ഉടൻ തന്നെ ലഭ്യമാക്കണമെന്നും മാക്രോൺ പറഞ്ഞു.

പലസ്തീനെ അംഗീകരിക്കാനുള്ള ഫ്രാൻസിന്റെ ഈ തീരുമാനത്തിനെതിരെ ഇസ്രയേൽ രൂക്ഷമായാണ് പ്രതികരിച്ചത്. ഫ്രാൻസ് ഭീകരവാദത്തെ സഹായിക്കുകയാണെന്നും മറ്റൊരു ഇറാൻ പ്രോക്‌സിയെ ഉണ്ടാക്കുകയാണെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തുറന്നടിച്ചു. നിലവിലെ സാഹചര്യങ്ങളിൽ സമാധാനപരമായ ഒരു രാജ്യമല്ല, ഇസ്രയേലിനെ ഉന്മൂലനം ചെയ്യുക എന്ന ഉദ്ദേശത്തോടെയുള്ള ഒരു രാജ്യമായിരിക്കും പലസ്തീൻ എന്നും നെതന്യാഹു കൂട്ടിച്ചേർത്തു.

ലോകരാജ്യങ്ങൾ പലരും പലസ്തീനിനെ അംഗീകരിച്ചേക്കുമെന്ന സൂചന നിലനിൽക്കെയാണ് ഫ്രാൻസിന്റെ സുപ്രധാന നീക്കമുണ്ടാകുന്നത്. നേരത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാമറും സ്വതന്ത്ര രാജ്യമായി പലസ്തീനെ അംഗീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രതികരിച്ചിരുന്നു. എന്നാൽ വെടിനിർത്തൽ ഉണ്ടായാൽ മാത്രമേ അത്തരത്തിലൊരു നീക്കം യുകെയുടെ ഭാഗത്തുനിന്ന് ഉണ്ടാകുകയുള്ളൂ.

Content Highlights: France to recognize palestine as independent state

dot image
To advertise here,contact us
dot image