
ബാങ്കോക്ക്: കംബോഡിയയുമായി അതിർത്തി പങ്കിടുന്ന എട്ട് ജില്ലകളിൽ പട്ടാള നിയമം പ്രഖ്യാപിച്ച് തായ്‌ലൻഡ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രണ്ടാം ദിവസവും തുടരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് തായ്‌ലൻഡ് സൈനിക അതിർത്തി കമാൻഡർ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം പൂർണ്ണ യുദ്ധത്തിലേക്ക് വഴി മാറിയേക്കാമെന്ന് തായ്‌ലൻഡ് ആക്ടിംഗ് പ്രധാനമന്ത്രി ഫുംതം വെച്ചായച്ചായി മുന്നറിയിപ്പ് നൽകിയതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തായ്‌ലൻഡിന്റെ പ്രദേശങ്ങളും പരമാധികാരവും സംരക്ഷിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്നും ഫുംതം വെച്ചായച്ചായി പറഞ്ഞു. അയൽ രാജ്യമായതിനാൽ വിട്ടുവീഴ്ചയ്ക്ക് ഞങ്ങൾ തയ്യാറാണ്. എന്നാൽ തായ്‌ലൻഡ് അതിർത്തിയിൽ കംബോഡിയ നുഴഞ്ഞു കയറ്റം നടത്തുന്ന അടിയന്തര സാഹചര്യത്തിൽ സൈന്യത്തിന് വേണ്ട നിർദ്ദേശങ്ങൾ നൽകിയതായും ഫുംതം പറഞ്ഞു.
വ്യാഴാഴ്ച സംഘർഷം ആരംഭിച്ചതിനുശേഷം തായ്-കംബോഡിയൻ അതിർത്തി പ്രദേശത്ത് പതിനാറ് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. കംബോഡിയയുമായുള്ള അതിർത്തി തർക്കം പരിഹരിക്കുന്നതിന് മൂന്നാം കക്ഷി മധ്യസ്ഥത വേണ്ടെന്നും ഉഭയകക്ഷി ചർച്ചകൾക്ക് തയ്യാറാണെന്നും തായ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. തീരുമാനം അറിയിച്ച് മണിക്കൂറുകൾക്കകമാണ് കംബോഡിയയുമായി അതിർത്തി പങ്കിടുന്ന എട്ട് ജില്ലകളിൽ പട്ടാള നിയമം പ്രഖ്യാപിച്ച് തായ്‌ലൻഡ് രംഗത്തെത്തിയിരിക്കുന്നത്.
വെടിനിർത്തൽ കരാറിന് തയ്യാറാണെന്ന് കംബോഡിയ പ്രധാനമന്ത്രി ഹുൻ മാനെറ്റ് അറിയിച്ചിരുന്നു. എന്നാൽ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം മധ്യസ്ഥത വഹിച്ച കരാറിൽ നിന്ന് തായ്‌ലൻഡ് പിന്മാറുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇന്ന് പുലർച്ചെ വെടിനിർത്തൽ പ്രാബല്യത്തിൽ വരാനിരിക്കവെയാണ് ഇത്തരത്തിലുളള റിപ്പോർട്ടുകൾ പുറത്തെത്തിയത്. അതേസമയം, തായ്‌ലൻഡിലെ സംഘർഷ മേഖലകളിൽ നിന്ന് 1,30,000-ത്തിലധികം ഈ ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. സംഘർഷ കേന്ദ്രമായ കംബോഡിയയിലെ ഒദ്ദാർ മീഞ്ചെ പ്രവിശ്യയിൽ 260 സ്‌കൂളുകളും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വർഷങ്ങളായി തുടരുന്ന അതിർത്തി പ്രശ്നങ്ങൾ മൂർച്ഛിച്ചാണ് ഇപ്പോൾ സംഘർഷാവസ്ഥയിൽ എത്തിയിരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് കുഴിബോംബ് ആക്രമണത്തിൽ തായ്‌ലൻഡിന്റെ അഞ്ച് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കംബോഡിയയാണ് ഈ ആക്രമണം നടത്തിയതെന്നാണ് തായ്‌ലൻഡ് പറയുന്നത്. എന്നാൽ കംബോഡിയ ഇത് നിഷേധിച്ചിരുന്നു. ഇതോടെ തുടങ്ങിയ സംഘർഷമാണ് ഇപ്പോൾ യുദ്ധസമാന സാഹചര്യത്തിലേക്ക് എത്തിയിരിക്കുന്നത്. തായ്‌ലൻഡിലെ സിസാ കെറ്റ് പ്രദേശത്ത് കനത്ത ആക്രമണമാണ് കംബോഡിയ നടത്തുന്നത്.
അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾ വീടുവിട്ട് ബങ്കറുകളിലാണ് നിലവിൽ കഴിയുന്നത്. എഫ് 16 ഫൈറ്റർ ജെറ്റുകളും മറ്റും വിന്യസിച്ചുകൊണ്ടാണ് തായ്‌ലൻഡിന്റെ പ്രത്യാക്രമണം. പുരാതന ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന അതിർത്തിയെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മിൽ വർഷങ്ങളായി സംഘർഷം നിലനിൽക്കുന്നുണ്ട്. ഇരു രാജ്യങ്ങളും അതിർത്തിപ്രദേശത്തെ ക്ഷേത്രങ്ങൾ തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് രംഗത്തുണ്ട്.
Content Highlights: Thailand has declared martial law in eight districts bordering Cambodia.