
ഗാസ: ഗാസയില്‍ കൂട്ട പട്ടിണിയാണെന്ന് വീണ്ടും മുന്നറിയിപ്പ് നല്‍കി മനുഷ്യാവകാശ സംഘടനകള്‍. നൂറിലധികം മനുഷ്യാവകാശ സംഘടനകളും സഹായ സംഘടനകളുമാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരുകളോട് സംഘടനകള്‍ ആഹ്വാനം ചെയ്തു. സഹായങ്ങള്‍ പാഴായിപ്പോകുന്നുവെന്ന് മെഡിക്കല്‍ ഹ്യുമാനിറ്റേറിയന്‍ ഓര്‍ഗനൈസേഷന്‍ (എംഎസ്എഫ്), സേവ് ദ ചില്‍ഡ്രന്‍ ആന്‍ഡ് ഓക്‌സ്ഫാം തുടങ്ങിയ സംഘടനകള്‍ സംയുക്തമായി ഒപ്പുവെച്ച പ്രസ്താവനയില്‍ പറയുന്നു.
കഴിഞ്ഞ 24 മണിക്കൂറായി പോഷകാഹാരക്കുറവ് മൂലം 10 പലസ്തീനികള്‍ മരിച്ചെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് സംഘടനകള്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. പലസ്തീന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഞായറാഴ്ച മുതല്‍ 43 പേരാണ് പോഷകാഹാരക്കുറവ് മൂലം മാത്രം മരിച്ചത്. 'കുട്ടികളിലും പ്രായമായവരിലും വലിയ പോഷകാഹാരക്കുറവുണ്ടെന്ന് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രൂക്ഷമായ വയറിളക്കം പോലുള്ള രോഗങ്ങള്‍ പടരുന്നു. തെരുവുകളില്‍ മാലിന്യം കൂടുന്നു. വിശപ്പും നിര്‍ജലീകരണവും കാരണം മുതിര്‍ന്നവര്‍ തെരുവുകളില്‍ വീഴുന്നു', സംഘടനകള്‍ പറയുന്നു.
അമേരിക്കയുടെയും ഇസ്രയേലിന്റെയും സഹായമുള്ള ഗാസ ഹ്യുമാനിറ്റേറ്യന്‍ ഫൗണ്ടേഷന്‍ (ജിഎച്ച്എഫ്) മെയ് 27 മുതല്‍ സഹായ വിതരണം ആരംഭിച്ചതിന് ശേഷം ഭക്ഷണത്തിന് കാത്തുനിന്ന 1050ലധികം പേരെയാണ് ഇസ്രയേല്‍ കൊലപ്പെടുത്തിയതെന്ന് യുഎന്നിനെ ഉദ്ധരിച്ച് സംഘടനകള്‍ പറയുന്നു. ജിഎച്ച്എഫിന്റെ സഹായ വിതരണ കേന്ദ്രത്തിന് സമീപത്ത് നിന്നും 766 പേരും മറ്റ് സംഘടനകളുടെ വിതരണ കേന്ദ്രത്തിന് സമീപത്ത് നിന്ന് 288 പേരുമാണ് കൊല്ലപ്പെട്ടത്.
അതേസമയം ഭക്ഷണത്തിന്റെ അഭാവം മൂലം കഠിനമായ തളര്‍ച്ചയോട് കൂടിയാണ് ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു. ഗാസയിലെ ജനസംഖ്യയുടെ നാലിലാന്ന് പേരും പട്ടിണിയിലാണെന്നും ഏകദേശം 100,000 സ്ത്രീകളും കുട്ടികളും പോഷാകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന പറയുന്നു. അടിയന്തര ചികിത്സകള്‍ ആവശ്യമുണ്ടെന്നും ഡബ്ല്യുഎച്ച്ഒ ആഹ്വാനം ചെയ്യുന്നു. കൂട്ടപട്ടിണിയെന്നല്ലാതെ ഇതിനെ എന്ത് വിളിക്കുമെന്നും മനുഷ്യനിര്‍മിതമായ പട്ടിണിയാണിതെന്നും ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ടെഡ്രോസ് അധാനം ഗെബ്രെയേസസ് പറഞ്ഞു. ഉപരോധം കാരണമാണ് കൂട്ടപട്ടിണി സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ഇസ്രയേല്‍ നിഷേധിക്കുകയാണ്. മനപ്പൂര്‍വം സാധാരണക്കാരെ വെടിവെച്ചിട്ടില്ലെന്നും മുന്നറിയിപ്പ് വെടിവെപ്പുകളാണ് നല്‍കിയതെന്നുമാണ് ഇസ്രയേല്‍ സൈന്യം വാദിക്കുന്നത്. എന്നാല്‍ ഹമാസിന്റെ അജണ്ടയെന്നാരോപിച്ച് ഇസ്രയേല്‍ സംഘടനകളുടെ സംയുക്ത പ്രസ്താവനയെ തള്ളിക്കളഞ്ഞു.
Content Highlights: Humanitarian organisations warns mass starvation at Gaza