സഹായം കാത്ത് നിന്നവർക്ക് നേരെ പെപ്പർ സ്‌പ്രേ പ്രയോഗിച്ച് ഇസ്രയേൽ; യുദ്ധമൃഗീയത അവസാനിപ്പിക്കണമെന്ന് മാർപാപ്പ

കഴിഞ്ഞ ദിവസം മാത്രം ഗാസയില്‍ 84ലധികം പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 73 പേരും സഹായം കാത്ത് നിന്നവരാണ്

dot image

വത്തിക്കാന്‍: ഗാസയിലെ യുദ്ധമൃഗീയത അവസാനിപ്പിക്കണമെന്ന് മാര്‍പാപ്പ. കത്തോലിക്ക പള്ളിയിലേക്ക് നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ലിയോ പാപ്പ പതിനാലാമന്റെ ആഹ്വാനം. ഗാസയിലെ ആക്രമണത്തില്‍ അഗാധ ദുഖമുണ്ടെന്നും അദ്ദേഹം രേഖപ്പെടുത്തി. ഞായറാഴ്ചത്തെ പ്രാര്‍ത്ഥനയ്ക്ക് ശേഷമായിരുന്നു മാര്‍പാപ്പ ഗാസയിലെ ആക്രമണങ്ങളെ അഭിസംബോധന ചെയ്തത്.

'ഗാസ സിറ്റിയിലെ കത്തോലിക്ക പള്ളി ഇടവകയ്ക്ക് നേരെ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ കടുത്ത ദുഖം രേഖപ്പെടുത്തുന്നു. ആക്രമണത്തില്‍ മൂന്ന് ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു. ഇരകള്‍ക്ക് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഗാസയിലെ സാധാരണക്കാര്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെയുള്ള സൈനിക ആക്രമണങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് ഈ പ്രവൃത്തി. യുദ്ധ മൃഗീയത ഉടന്‍ അവസാനിപ്പിക്കണമെന്ന് ഞാന്‍ ആഹ്വാനം ചെയ്യുന്നു', അദ്ദേഹം പറഞ്ഞു.

അതേസമയം സഹായം കാത്ത് നിന്നവര്‍ക്ക് നേരെയുള്ള കടുത്ത ആക്രമണങ്ങളുടെ വിവരങ്ങളും ഗാസയില്‍ നിന്ന് വരുന്നുണ്ട്. ഗാസയില്‍ സഹായം കാത്ത് നിന്നവര്‍ക്ക് നേരെ ഇസ്രയേല്‍ സൈന്യം പെപ്പര്‍ സ്‌പ്രേ പ്രയോഗിക്കുന്ന വീഡിയോ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇസ്രയേലിന്റെയും അമേരിക്കയുടെയും നേതൃത്വത്തിലുള്ള ജിഎച്ച്എഫിന്റെ സഹായ വിതരണ കേന്ദ്രത്തിലാണ് ആക്രമണം നടന്നത്. പ്രചരിക്കുന്ന വീഡിയോയുടെ ഫാക്ട് ചെക്ക് നടത്തിയതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

റാഫയിലെ ഷാക്കൗഷില്‍ സഹായം കാത്ത് നിന്നവര്‍ക്ക് നേരെ പെപ്പര്‍ സ്പ്രേ പ്രയോഗിക്കുന്നതും ആളുകള്‍ ചിതറി ഓടുന്നതും മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത 20 സെക്കന്റ് വീഡിയോയില്‍ കാണാം. ജൂലൈ 10നാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തത്. എന്നാല്‍ ശനിയാഴ്ചയാണ് വീഡിയോ പ്രചരിച്ചത്. മൂന്ന് ആയുധധാരികളായ സൈനികരാണ് പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചത്. മെയ് അവസാനത്തില്‍ ഗാസയില്‍ സഹായം നല്‍കി തുടങ്ങിയ ജിഎച്ച്എഫില്‍ മാത്രം സഹായം കാത്ത് നിന്നവര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 891 പേരാണ് കൊല്ലപ്പെട്ടതെന്ന് പലസ്തീന്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു. കഴിഞ്ഞ ദിവസം മാത്രം ഗാസയില്‍ 84ലധികം പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 73 പേരും സഹായം കാത്ത് നിന്നവരാണ്.

Content Highlights: Israel Pepper sprayed to Palestinians Leo Pope urges to stop attack against Gaza

dot image
To advertise here,contact us
dot image