
വാഷിങ്ടൺ: മുൻ പ്രസിഡന്റ് ബരാക് ഒബാമയെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അറസ്റ്റ് ചെയ്യുന്നതായി സൃഷ്ടിച്ച എഐ വീഡിയോ പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് വീഡിയോ പോസ്റ്റ് ചെയ്തത്. 'ആരും നിയമത്തിന് അതീതരല്ല', എന്ന് ഒബാമ പറയുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്.
തുടർന്ന് നിരവധി യുഎസ് രാഷ്ട്രീയ നേതാക്കൾ "ആരും നിയമത്തിന് അതീതരല്ല"എന്ന് പ്രസ്താവിക്കുന്ന ഭാഗങ്ങൾ വീഡിയോയിൽ കാണിക്കുന്നു. പിന്നാലെ ട്രംപും ഓബാമയും പ്രസിഡന്റിന്റെ ഓഫീസിലിരിക്കുന്നതും രണ്ട് എഫ്‌ബിഐ ഉദ്യോഗസ്ഥർ ഒബാമയെ വിലങ്ങുവെക്കുന്നതുമായ ഒരു എഐ നിർമ്മിത വീഡിയോയിലേക്ക് ദൃശ്യം മാറുന്നു. ട്രംപ് അതുകണ്ട് ചിരിച്ചുകൊണ്ട് ഇരിക്കുന്നതും വീഡിയോയിൽ കാണാം.
പിന്നാലെ ജയിലിനുള്ളിൽ തടവുകാരുടെ ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ച് ഒബാമ നിൽക്കുന്ന ദൃശ്യത്തോടെ വീഡിയോ അവസാനിക്കുന്നു. വ്യാജ വീഡിയോ പങ്കുവെച്ചതിനെതിരെ ട്രംപിൻറെ വിമർശകർ രംഗത്തെത്തിയിട്ടുണ്ട്. "വളരെ നിരുത്തരവാദപരം" എന്നാണ് ട്രംപിനെതിരായ വിമർശനം. ഒബാമയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് തട്ടിപ്പ് ആരോപണം ഉയർന്ന് ആഴ്ചകൾക്ക് ശേഷമാണ് ഈ സംഭവമെന്നതും ശ്രദ്ധേയമാണ്.
Content Highlights: Donald Trump posts AI video showing Barack Obama arrested by FBI