
വാഷിങ്ടണ്‍: വാള്‍ സ്ട്രീറ്റ് ജേര്‍ണലിനും റൂപര്‍ട്ട് മാര്‍ഡോക്കിനും രണ്ട് റിപ്പോര്‍ട്ടര്‍മാര്‍ക്കുമെതിരെ മാനഷ്ടക്കേസ് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 10 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. 2003ല്‍ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന് അയച്ച പിറന്നാള്‍ ആശംസാ കാര്‍ഡില്‍ ലൈംഗിക ചുവയുള്ള ചിത്രങ്ങള്‍ അയച്ചെന്നുള്ള വാര്‍ത്തയ്‌ക്കെതിരെയാണ് ട്രംപ് കേസ് നല്‍കിയിരിക്കുന്നത്.
ലേഖനത്തില്‍ സംഭവത്തിന് വിശ്വാസ്യത നല്‍കുന്ന ഒന്നുമില്ലെന്നും റിപ്പോര്‍ട്ടര്‍മാര്‍ കത്ത് കണ്ടിട്ടുണ്ടോയെന്നും പരാതിയില്‍ ചോദ്യം ഉന്നയിച്ചിട്ടുണ്ട്. ഫ്‌ളോറിഡയിലെ സതേണ്‍ ഡിസ്ട്രിക് ഫെഡറല്‍ കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്.റിപ്പോര്‍ട്ടിനെതിരെ കേസ് കൊടുക്കുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഇപ്പോള്‍ കേസ് നല്‍കിയിരിക്കുന്നത്.
കേസ് നല്‍കിയതിന് ശേഷം 'പവര്‍ഹൗസ്' കേസ് നല്‍കിയെന്ന് ട്രംപ് ട്രൂത്ത് പോസ്റ്റില്‍ കുറിച്ചു. 'തെറ്റായതും, അപകീര്‍ത്തിപ്പെടുത്തുന്നതുമായ വാര്‍ത്ത നല്‍കിയ എല്ലാവര്‍ക്കുമെതിരെ 'പവര്‍ഹൗസ്' കേസ് നല്‍കി. ഈ കേസില്‍ റൂപേര്‍ട്ടും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും മണിക്കൂറുകള്‍ മൊഴി നല്‍കേണ്ടി വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു', അദ്ദേഹം പറഞ്ഞു.
ഉന്നത രാഷ്ട്രീയക്കാരുടെയും ബിസിനസുകാരുടെയും സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങള്‍ക്കായി പ്രായപൂര്‍ത്തിയാകാത്തവരെ കടത്തിയെന്ന കുറ്റം ചുമത്തപ്പെട്ടയാളാണ് ജെഫ്രി എപ്‌സിറ്റീന്‍. കരീബിയന്‍ ദ്വീപിലും ന്യൂയോര്‍ക്ക്, ഫ്‌ലോറിഡ, ന്യൂ മെക്‌സിക്കോ എന്നിവിടങ്ങളിലെ വീടുകളിലും എപ്സ്റ്റീനും അയാളുടെ ഉന്നത ബന്ധങ്ങളുള്ള അതിഥികളും ലൈംഗികമായി ഉപയോഗിച്ചിരുന്നു എന്ന് ആരോപിച്ച് നിരവധി സ്ത്രീകള്‍ നേരത്തെ രംഗത്ത് വന്നിരുന്നു.
2005-ല്‍, 14കാരിയെ ലൈംഗികമായി പീഡിപ്പിച്ചതായുള്ള പരാതിയെ തുടര്‍ന്നാണ് ജെഫ്രി എപ്സ്റ്റീനെതിരെ അന്വേഷണം ആരംഭിക്കുന്നത്. അന്വേഷണത്തില്‍ എപ്സ്റ്റീന്‍ 36 പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്തതായി കണ്ടെത്തി. രണ്ട് കേസുകളില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും 2008-ല്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു. പിന്നീട് 2019 ജൂലൈയില്‍ പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗിക ആവശ്യങ്ങള്‍ക്കായി കടത്തിയെന്ന കുറ്റത്തിന് ജെഫ്രി എപ്സ്റ്റീന്‍ വീണ്ടും അറസ്റ്റിലായി. ബാലലൈംഗികപീഡന പരമ്പരയുമായി ബന്ധപ്പെട്ട വിചാരണക്കിടെ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്‍ 2019 ഓഗസ്റ്റില്‍ ജയിലില്‍ ആത്മഹത്യ ചെയ്തു.
എപ്സ്റ്റീനുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണവും എപ്സ്റ്റീനുമായി ബന്ധപ്പെട്ട മെറ്റീരിയലുകളുമായി ബന്ധപ്പെട്ട് നടത്തിയ അവലോകനങ്ങളും അമേരിക്കന്‍ ഭരണകൂടം അംഗീകരിച്ചിട്ടുണ്ടെങ്കിലും തെരഞ്ഞെടുത്ത രേഖകള്‍ മാത്രമേ ഇതുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവിട്ടിട്ടുള്ളൂ. ട്രംപ്, പോപ്പ് ഐക്കണ്‍ മൈക്കല്‍ ജാക്സണ്‍, നടന്‍ അലക് ബാള്‍ഡ്വിന്‍, ചലച്ചിത്ര നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റൈന്‍ എന്നിവര്‍ ജെഫ്രി എപ്സ്റ്റീന്റെ കോണ്‍ടാക്റ്റ് ലിസ്റ്റിലുണ്ടായിരുന്ന എണ്ണമറ്റ സെലിബ്രിറ്റികളില്‍ ഉള്‍പ്പെടുന്നുവെന്ന് 2025 ഫെബ്രുവരിയില്‍ അമേരിക്കന്‍ നീതിന്യായ വകുപ്പിന്റെ ഒരു രേഖയില്‍ വെളിപ്പെടുത്തിയിരുന്നു.
Content Highlights: Donald Trump sue case against The Wall street journal over Epstein report