
വാഷിംഗ്ടൺ: ജെഫ്രി എപ്സ്റ്റീൻ കേസ് കൈകാര്യം ചെയ്തതിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ വിമർശനവുമായി ഇലോൺ മസ്ക് രംഗത്ത്. 'എപ്സ്റ്റീൻ ഫയലുകൾ' പുറത്തുവിടുമെന്ന വാഗ്ദാനം ട്രംപ് നിറവേറ്റിയില്ലെന്നാണ് എക്സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച കുറിപ്പിൽ മസ്ക് വിമർശിച്ചിരിക്കുന്നത്. വിവാദത്തെ "എപ്സ്റ്റീൻ തട്ടിപ്പ്" എന്ന് വിശേഷിപ്പിച്ച ട്രംപിന്റെ നിലപാടിനെയും മസ്ക് പരിഹസിച്ചിട്ടുണ്ട്. "അയ്യോ, ഇതെല്ലാം ഒരു തട്ടിപ്പാണെന്ന് മനസ്സിലാക്കുന്നതിന് മുമ്പ് എപ്സ്റ്റീൻ ആത്മഹത്യ ചെയ്തുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല എന്ന പരിഹാസമാണ് മസ്ക് എക്സിൽ പങ്കുവെച്ചത്. വ്യത്യസ്ത പോസ്റ്റുകളിലായാണ് മസ്ക് വിമർശനങ്ങൾ ഉന്നയിച്ചിരിക്കുന്നത്. എപ്‌സ്റ്റീൻ കേസിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ ട്രംപ് മറച്ചുവെച്ചതായും മസ്ക് ആരോപിച്ചു. ഇത് (വ്യക്തമായും) ഒരു മറവാണെന്ന്, അഴിമതി ഒരു തട്ടിപ്പല്ലെന്ന് വാദിച്ച ഒരു അക്കൗണ്ടിനുള്ള മറുപടിയെന്ന നിലയിൽ ട്രംപ് പ്രതികരിച്ചു.
എപ്സ്റ്റീന്റെ ഒരു ക്ലയിന്റിനെയും പ്രോസിക്യൂട്ട് ചെയ്തിട്ടില്ല. ഒരാളെ പോലും പ്രോസിക്യൂട്ട് ചെയ്തിട്ടില്ല എന്നും മസ്ക് എക്സിൽ കുറിച്ചു.
എപ്സ്റ്റീൻ ഫയലുകളിലുള്ള ട്രംപിന്റെ വിശ്വാസ്യതയെയും മസ്‌ക് ചോദ്യം ചെയ്തു. എപ്സ്റ്റീൻ ഫയലുകൾ ട്രംപ് പുറത്തുവിടുന്നില്ലെങ്കിൽ ആളുകൾക്ക് അദ്ദേഹത്തിൽ എങ്ങനെ വിശ്വാസമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം എന്നായിരുന്നു ട്രംപിൻ്റെ ചോദ്യം. ശരിക്കും. എപ്സ്റ്റീനെക്കുറിച്ച് സംസാരിക്കുന്നത് നിർത്താൻ എല്ലാവരോടും പറയുമ്പോൾ അദ്ദേഹം അര ഡസൻ തവണ 'എപ്സ്റ്റീൻ' എന്ന് പറഞ്ഞു. വാഗ്ദാനം ചെയ്തതുപോലെ ഫയലുകൾ പുറത്തുവിടുക എന്നായിരുന്നു മറ്റൊരു പോസ്റ്റിൽ മസ്കിൻ്റെ പ്രതികരണം.
ഇതിനിടെ എപ്സ്റ്റീൻ വിഷയത്തിൽ ട്രംപ് പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്. വ്യാഴാഴ്ച നടന്ന ഒരു വാർത്താ സമ്മേളനത്തിലാണ് വൈറ്റ് ഹൗസ് ഇക്കാര്യം വ്യക്തമാക്കിയത്. എപ്സ്റ്റീൻ കേസ് കൂടുതൽ അന്വേഷിക്കാൻ ഒരു പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനെ പ്രസിഡന്റ് ട്രംപ് അനുകൂലിക്കുന്നില്ലെന്നായിരുന്നു പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റിൻ്റെ പ്രതികരണം. കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ഉണ്ടെങ്കിൽ അത് പുറത്തുവിടാൻ ട്രംപ് യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ലിവിറ്റ് കൂട്ടിച്ചേർത്തിരുന്നു.
ജെഫ്രി എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് അറ്റോർണി ജനറലിനും നീതിന്യായ വകുപ്പിനും എഫ്ബിഐക്കും കൂടുതൽ വിശ്വസനീയമായ തെളിവുകൾ ഉണ്ടെങ്കിൽ അവർ അത് മുന്നോട്ട് വയ്ക്കണമെന്ന് പ്രസിഡന്റ് പറഞ്ഞിട്ടുണ്ട്. അത് ചെയ്യാൻ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. കൂടുതൽ വിശ്വസനീയമായ തെളിവുകൾ ഉണ്ടെങ്കിൽ അവർ അത് പുറത്തുവിടണമെന്ന് അദ്ദേഹം (ട്രംപ്) പറഞ്ഞുവെന്നും ലിവിറ്റ് പറഞ്ഞിരുന്നു. എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ വെളിപ്പെടുത്തലുകൾക്കുള്ള ഡെമോക്രാറ്റുകളുടെ സമ്മർദ്ദത്തെ ട്രംപ് ഒരു രാഷ്ട്രീയ ആക്രമണമായാണ് കാണുന്നതെന്നും ലീവിറ്റ് പ്രതികരിച്ചു.
ഇതിനിടെ എപ്സ്റ്റീൻ വിഷയത്തിൽ വിമർശനം ഉന്നയിക്കുന്നവർക്കെതിരെ ട്രൂത്ത് സോഷ്യലൂടെ ഡോണൾഡ്എ ട്രംപ് വിമർശനം ഉന്നയിച്ചിരുന്നു. ട്രംപിനായി രംഗത്തുണ്ടായിരുന്ന മെയ്ക്ക് അമേരിക്ക ഗ്രെയ്റ്റ് എഗെയ്ൻ(MAGA) കൂട്ടായ്മയ്‌ക്കെതിരെയും ട്രംപ് രംഗത്ത് വന്നിട്ടുണ്ട്. ഇനി അവരുടെ പിന്തുണ വേണ്ട എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. അവരെ ദുർബലർ എന്ന വിളിച്ച ട്രംപ് അവർ ഡൊമോക്രാറ്റുകളുടെ കൈകളിലെ കളിപ്പാട്ടമാണെന്നും കുറ്റപ്പെടുത്തി. വിമർശനം കുറയ്ക്കാനും എപ്സ്റ്റീനിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം 'അമേരിക്ക ആദ്യം' അജണ്ടയുമായി ബന്ധപ്പെട്ട വിശാലമായ ലക്ഷ്യങ്ങളിലേക്ക് സന്ദേശമയയ്ക്കാനും ട്രംപ് MAGA കൂട്ടായ്മയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഉന്നത രാഷ്ട്രീയക്കാരുടെയും ബിസിനസുകാരുടെയും സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്തവരെ കടത്തിയെന്ന കുറ്റം ചുമത്തപ്പെട്ട ജെഫ്രി എപ്സിറ്റീനെതിരെ നടത്തിയ അന്വേഷണത്തിൻ്റെ ഫയലിൽ ട്രംപിൻ്റെ പേര് ഉണ്ടെന്നാണ് മസ്ക് ഇപ്പോൾ ആരോപിച്ചിരിക്കുന്നത്. കരീബിയൻ ദ്വീപിലും ന്യൂയോർക്ക്, ഫ്ലോറിഡ, ന്യൂ മെക്സിക്കോ എന്നിവിടങ്ങളിലെ വീടുകളിലും എപ്സ്റ്റീനും അയാളുടെ ഉന്നത ബന്ധങ്ങളുള്ള അതിഥികളും ലൈംഗികമായി ഉപയോഗിച്ചിരുന്നു എന്ന് ആരോപിച്ച് നിരവധി സ്ത്രീകൾ നേരത്തെ രംഗത്ത് വന്നിരുന്നു. 2005-ൽ, 14കാരിയെ ലൈംഗികമായി പീഡിപ്പിച്ചതായുള്ള പരാതിയെ തുടർന്നാണ് ജെഫ്രി എപ്സ്റ്റീനെതിരെ അന്വേഷണം ആരംഭിക്കുന്നത്. അന്വേഷണത്തിൽ എപ്സ്റ്റീൻ 36 പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്തതായി കണ്ടെത്തി. രണ്ട് കേസുകളിൽ ഇയാൾ കുറ്റം സമ്മതിക്കുകയും 2008-ൽ ശിക്ഷിക്കപ്പെടുകയും ചെയ്തു. എന്നാൽ 13 മാസം മാത്രമാണ് എപ്സ്റ്റീന് ജയിലിൽ കഴിയേണ്ടി വന്നത്. പിന്നീട് 2019 ജൂലൈയിൽ പ്രായപൂർത്തിയാകാത്തവരെ ലൈംഗിക ആവശ്യങ്ങൾക്കായി കടത്തിയെന്ന കുറ്റത്തിന് ജെഫ്രി എപ്സ്റ്റീൻ വീണ്ടും അറസ്റ്റിലായി. ബാലലൈംഗികപീഡന പരമ്പരയുമായി ബന്ധപ്പെട്ട വിചാരണക്കിടെ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ 2019 ഓഗസ്റ്റിൽ ജയിലിൽ ആത്മഹത്യ ചെയ്തു. പിന്നാലെ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ പങ്കാളികളായവർക്കെതിരായ നിയമ നടപടികൾ നിർത്തി വെയ്ക്കുകയായിരുന്നു.
ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ കണ്ടെത്തിയ വിവരങ്ങൾ, ബന്ധപ്പെട്ട രേഖകൾ, കോൺടാക്റ്റ് ലിസ്റ്റുകൾ, കോൾ റെക്കോർഡുകൾ, ചാറ്റുകൾ, വീഡിയോകൾ, അദ്ദേഹത്തിന്റെ കൂട്ടാളികളുടെയും ക്ലെയിന്റുകളുടെയും പേരുകൾ, മറ്റ് അന്വേഷണ ഡാറ്റ എന്നിവ ഉൾപ്പെടുന്ന ഫയലാണ് എപ്സ്റ്റീൻ ഫയലുകൾ എന്നറിയപ്പെടുന്നത്. എപ്സ്റ്റീനുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണവും എപ്സ്റ്റീനുമായി ബന്ധപ്പെട്ട മെറ്റീരിയലുകളുമായി ബന്ധപ്പെട്ട് നടത്തിയ അവലോകനങ്ങളും അമേരിക്കൻ ഭരണകൂടം അംഗീകരിച്ചിട്ടുണ്ട്. എന്നാൽ തിരഞ്ഞെടുത്ത രേഖകൾ മാത്രമേ ഇതുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവിട്ടിട്ടുള്ളൂ.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, പോപ്പ് ഐക്കൺ മൈക്കൽ ജാക്‌സൺ, നടൻ അലക് ബാൾഡ്‌വിൻ, ചലച്ചിത്ര നിർമ്മാതാവ് ഹാർവി വെയ്ൻസ്റ്റൈൻ എന്നിവർ ജെഫ്രി എപ്‌സ്റ്റീന്റെ കോൺടാക്റ്റ് ലിസ്റ്റിലുണ്ടായിരുന്ന എണ്ണമറ്റ സെലിബ്രിറ്റികളിൽ ഉൾപ്പെടുന്നുവെന്ന് 2025 ഫെബ്രുവരിയിൽ അമേരിക്കൻ നീതിന്യായ വകുപ്പിന്റെ ഒരു രേഖയിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ കേസിൽ ഇവരുടെ പങ്കാളിത്തത്തെക്കുറിച്ച് അന്വേഷണത്തിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ ഇപ്പോഴും പൊതുജനങ്ങൾക്ക് ലഭ്യമായ നിലയിൽ പരസ്യപ്പെടുത്തിയിട്ടില്ല. മുൻ ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്യൂമോ, റോളിംഗ് സ്റ്റോൺസ് ഫ്രണ്ട്മാൻ മിക്ക് ജാഗർ, സംഗീതജ്ഞൻ കോർട്ട്‌നി ലവ് തുടങ്ങിയ നിരവധി ഉന്നത പേരുകൾഅമേരിക്കൻ നീതിന്യായ വകുപ്പിന്റെ ഉണ്ടായിരുന്നു. സൂപ്പർ മോഡൽ നവോമി കാംബെൽ, റോബർട്ട് എഫ് കെന്നഡി ജൂനിയറിന്റെ അമ്മ എഥേൽ കെന്നഡി, മുൻ സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി, അന്തരിച്ച സെനറ്റർ ടെഡ് കെന്നഡി, അഭിഭാഷകൻ അലൻ ഡെർഷോവിറ്റ്സ്, നടന്മാരായ ഡസ്റ്റിൻ ഹോഫ്മാൻ, റാൽഫ് ഫിയന്നസ്, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുൻ ഭാര്യ ഇവാന ട്രംപിന്റെയും മകൾ ഇവാങ്ക ട്രംപിന്റെയും പേരുകളും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ.
ഏറ്റവും ഒടുവിൽ പുറത്ത് വന്ന രേഖകൾ പ്രകാരം എപ്സ്റ്റീന്റെ വിമാന ലോഗുകളിൽ ബിൽ ക്ലിന്റൺ, ഡൊണാൾഡ് ട്രംപ്, കെവിൻ സ്പേസി, നവോമി കാംബെൽ, പ്രിൻസ് ആൻഡ്രൂ, ടോമി ക്വിൻ, ദിദിയർ, മാർക്ക് മിഡിൽടൺ, ഷാരോൺ റെയ്നോൾഡ്സ്, ആൻഡി സ്റ്റുവർട്ട്, മരിയ ശ്രീവർ, മാറ്റ് ഗ്രോപ്പ്, ബോബ് വെൻഡി, എമ്മി ടെയ്‌ലർ, ജീൻ ലൂക്ക് ബ്രൂണൽ, ലാറി സമ്മേഴ്‌സ്, ഗ്ലെൻ ഡുബിൻ, അലൻ ഡെർഷോവിറ്റ്സ്, അലൻ ഗ്രീൻബെർഗ്, സോഫി ബിഡിൽ, ഇറ സുക്കർമാൻ, ഗിസ്ലെയ്ൻ മാക്സ്വെൽ, ഇവാ ആൻഡേഴ്സൺ, ജോൺ അലസ്സി എന്നിവരുടെ പേരുകൾ ഉൾപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
Content Highlights: Musk taunts Trump over Epstein files