
ജെറുസലേം: ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ കത്തോലിക്കാ പളളി തകര്‍ന്നതിനുപിന്നാലെ മാപ്പുപറഞ്ഞ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയില്‍ നൂറുകണക്കിന് സാധാരണക്കാര്‍ക്ക് അഭയം നല്‍കിയിരുന്ന ഹോളി ഫാമിലി കത്തോലിക്കാ പളളിക്കുനേരെ വ്യാഴാഴ്ച്ചയാണ് ഇസ്രയേല്‍ ടാങ്ക് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും ഒരു പുരോഹിതനുള്‍പ്പെടെ പത്തുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സംഭവത്തില്‍ അഗാധമായ ദുഃഖമുണ്ടെന്ന് നെതന്യാഹു പറഞ്ഞു. പളളിയില്‍ ടാങ്കിൽ നിന്നുളള ഷെല്ലുകള്‍ അബദ്ധത്തില്‍ പതിച്ചതാണെന്നും നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടുന്നത് ദുരന്തമാണെന്നും നെതന്യാഹു പറഞ്ഞു. സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തിന് ശേഷം ഇസ്രയേല്‍ സൈന്യം പ്രസ്താവന പുറത്തിറക്കിയിരുന്നു. ഒരു ഷെല്ലില്‍ നിന്നുളള ഭാഗങ്ങള്‍ അബദ്ധത്തില്‍ പളളിയില്‍ പതിക്കുകയായിരുന്നുവെന്നും നാശനഷ്ടങ്ങള്‍ ലഘൂകരിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്നുമാണ് സൈന്യത്തിന്റെ വിശദീകരണം.
അതേസമയം, ജറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റ് ആക്രമണത്തെ ശക്തമായി അപലപിച്ചു. 'ഹോളി ഫാമിലി കോമ്പൗണ്ടില്‍ അഭയം തേടിയെത്തിയ സാധാരണക്കാരാണ് ആക്രമണത്തിന് ഇരയായത്. യുദ്ധം മൂലം വീടും സ്വത്തും കുടുംബാംഗങ്ങളെയെല്ലാം ഇതിനോടകം നഷ്ടമായവര്‍, അവരുടെ ജീവന്‍ രക്ഷിക്കാനായി അഭയം തേടിയ പളളിയാണ് ആക്രമിച്ചത്' പാത്രിയാര്‍ക്കേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. അബദ്ധത്തില്‍ പറ്റിയതാണെന്ന് അവര്‍ പറയുന്നുണ്ടെങ്കിലും തങ്ങള്‍ക്ക് അക്കാര്യത്തില്‍ ഉറപ്പില്ല എന്ന് ലാറ്റിന്‍ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല വത്തിക്കാന്‍ ന്യൂസിനോട് പറഞ്ഞു. പ്രാദേശിക സമയം രാവിലെ പത്തരയോടെയാണ് ആക്രമണം നടന്നത്. ഇടവക വികാരി ഫാ. ഗബ്രിയേല്‍ റൊമാനെല്ലിയും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു.
അതേസമയം, പളളി ആക്രമണ വാര്‍ത്ത പുറത്തുവന്നതിനുപിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നെതന്യാഹുവുമായി സംസാരിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് അറിയിച്ചു. ' കത്തോലിക്കാ പളളിയില്‍ ആക്രമണം നടത്തിയത് ഇസ്രയേലിന്റെ തെറ്റായിരുന്നു. അക്കാര്യം ട്രംപിനെ നെതന്യാഹു അറിയിച്ചു' ലീവിറ്റ് പറഞ്ഞു. ആക്രമണത്തെ അപലപിച്ച് വത്തിക്കാനും രംഗത്തെത്തിയിരുന്നു.
Content Highlights: Benjamin Netanyahu apologises after israeli tank attack in gaza catholic church