
വാഷിംഗ്ടൺ: റഷ്യയുമായി വ്യാപാരം തുടരുന്നതിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി നാറ്റോ. റഷ്യയുമായി വ്യാപാരം തുടർന്നാൽ കനത്ത ഉപരോധങ്ങൾ നേരിടേണ്ടിവരുമെന്നാണ് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ ബ്രസീൽ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. യുക്രെയ്‌ന് പുതിയ ആയുധങ്ങൾ നൽകുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു. റഷ്യയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്ന രാജ്യങ്ങൾക്ക് കടുത്ത തീരുവ ചുമത്തുമെന്നും നേരത്തെ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മാർക്ക് റുട്ടെയുടെ പ്രസ്താവന.
പുടിൻ സമാധാന ചർച്ചകൾ ഗൗരവമായി എടുക്കാത്ത സാഹചര്യത്തിൽ റഷ്യയുമായി വ്യാപാരം തുടരുകയോ റഷ്യയിൽ നിന്ന് എണ്ണയോ വാതകമോ വാങ്ങുകയോ ചെയ്താൽ 100 ശതമാനം ദ്വിതീയ ഉപരോധം ഏർപ്പെടുമെന്നാണ് നാറ്റോ സെക്രട്ടറി ജനറലിൻ്റെ മുന്നറിയിപ്പ്. സമാധാന ചർച്ചകളിൽ ഗൗരവമായി പങ്കുചേരാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ പ്രേരിപ്പിക്കണമെന്ന് ഇന്ത്യ, ബ്രസീൽ, ചൈന എന്നീ രാജ്യങ്ങളിലെ നേതാക്കളോട് മാർക്ക് റുട്ടെ അഭ്യർത്ഥിച്ചു.
'ദയവായി വ്‌ളാഡിമിർ പുടിനെ വിളിച്ച് സമാധാന ചർച്ചകൾ ഗൗരവമായി എടുക്കണമെന്ന് പറയൂ. അല്ലാത്തപക്ഷം ഇത് ബ്രസീലിനും ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ തോതിൽ തിരിച്ചടിയാകും' എന്നായിരുന്നു നാറ്റോ ജനറൽ സെക്രട്ടറി വ്യക്തമാക്കിയത്.
റഷ്യയ്ക്കും പങ്കാളികൾക്കും മേൽ 100% തീരുവ ഏർപ്പെടുത്തുമെന്ന് അമേരിക്ക നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. വ്യോമപ്രതിരോധ സംവിധാനമായ പാട്രിയറ്റ് മിസൈലുകൾ ഉൾപ്പെടെ നൂതനമായ ആയുധങ്ങൾ യുക്രെയ്ന് നൽകുമെന്ന് നേരത്തെ അമേരിക്കൻ പ്രസിഡൻ്റ് പ്രഖ്യാപിച്ചിരുന്നു. റഷ്യയ്ക്ക് 100 ശതമാനം ഇറക്കുമതി ചുങ്കം ഏർപ്പെടുത്തുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. 50 ദിവസത്തിനുള്ളിൽ ഒരു സമാധാന കരാറിൽ എത്തിയില്ലെങ്കിൽ റഷ്യയ്ക്ക് 100 ശതമാനം തീരുവ ചുമത്താനും റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ദ്വിതീയ ഉപരോധം ഏർപ്പെടുത്താനും ട്രംപ് ഉദ്ദേശിക്കുന്നുവെന്നായിരുന്നു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ്റെ പ്രതികരണം,
റഷ്യയെ സഹായിക്കുന്ന ഏതൊരു രാജ്യത്തിനും എതിരെ 500 ശതമാനം വരെ ഉയർന്ന താരിഫ് ചുമത്താൻ അനുവദിക്കുന്ന ബില്ലിന് യുഎസ് സെനറ്റ് അനുകൂലമാണെന്ന് റോയിട്ടേഴ്സ് വെളിപ്പെടുത്തിയിരുന്നു. ഈ ബില്ലിനെ 100 യുഎസ് സെനറ്റർമാരിൽ 85 പേരും പിന്തുണയ്ക്കുന്നുവെന്നാണ് റിപ്പോർട്ട്. നിലവിൽ റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ ഏറ്റവും കൂടുതൽ വാങ്ങുന്ന രാജ്യങ്ങൾ ചൈന, ഇന്ത്യ, തുർക്കി എന്നിവയാണ്. അമേരിക്ക ഉപരോധം ഏർപ്പെടുത്തിയാൽ ഈ രാജ്യങ്ങൾക്ക് കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും വിലയിരുത്തലുകളുണ്ട്. ഇതിൽ ഇന്ത്യയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്നേക്കാമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അമേരിക്കൻ പ്രസിഡൻ്റുമായി ചർച്ചകൾക്ക് റഷ്യ തയ്യാറാണ്, പക്ഷെ അന്ത്യശാസനങ്ങൾ അസ്വീകാര്യമാണ് എന്നായിരുന്നു ട്രംപിന്റെ ഭീഷണികൾക്ക് മറുപടിയായി,റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റിയാബ്കോവിൻ്റെ പ്രതികരണം.
Content Highlights: Hundred Percent secondary sanctions for Russia trade Nato chief warns India, China, Brazil