
വാഷിംഗ്ടണ്‍: റഷ്യക്ക് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അന്‍പത് ദിവസത്തിനുള്ളില്‍ യുദ്ധം അവസാനിപ്പിച്ച് സമാധാന കരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ തീരുവ ഉയര്‍ത്തും എന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
തങ്ങള്‍ രണ്ടാംഘട്ട താരിഫ് നടപടികളുമായി മുന്നോട്ടുപോകുകയാണ്. യുക്രെയ്‌നെതിരായ യുദ്ധകാര്യത്തില്‍ അന്‍പത് ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകണം. അല്ലാത്ത പക്ഷം കടുത്ത നടപടിയുണ്ടാകും. റഷ്യക്കെതിരെ നൂറ് ശതമാനം താരിഫ് ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തേ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെതിരെ രൂക്ഷ വിമര്‍നവുമായി ട്രംപ് രംഗത്തെത്തിയിരുന്നു. റഷ്യന്‍ പ്രസിഡന്റിന്റെ കാര്യത്തില്‍ തനിക്ക് നിരാശയുണ്ടെന്ന് ട്രംപ് പറഞ്ഞു. ഒരുപാട് ആളുകളെ അത്ഭുതപ്പെടുത്തുന്ന ആളാണ് പുടിനെന്ന് പറഞ്ഞ ട്രംപ്, അയാള്‍ എല്ലാവരേയും ബോംബിട്ട് നശിപ്പിക്കുമെന്നും പറഞ്ഞിരുന്നു. യുക്രെയ്‌നുമായുള്ള യുദ്ധം മുന്നോട്ടുപോകുന്നതിലും അതില്‍ റഷ്യ സ്വീകരിച്ച നിലപാടിലും ട്രംപ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ റഷ്യ ആക്രമണം കടുപ്പിച്ചതും ട്രംപിനെ ചൊടിപ്പിച്ചിരുന്നു.
തിങ്കളാഴ്ച റഷ്യയുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനമുണ്ടാകുമെന്ന് ട്രംപ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ യുക്രെയ്‌ന് ആവശ്യമായ ആയുധം നല്‍കുന്നത് സംബന്ധിച്ച് ട്രംപ് പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു. നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. നേരത്തെ യുക്രെയ്‌നുള്ള ആയുധവിതരണം അമേരിക്ക താത്ക്കാലികമായി നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാൽ അന്ന് നിലപാട് വ്യക്തമാക്കാൻ ട്രംപ് തയ്യാറായിരുന്നില്ല. യുക്രെയ്നെതിരെ റഷ്യ ആക്രമണം കടുപ്പിച്ചതോടെ അമേരിക്ക നിലപാട് മാറ്റിയതായാണ് റിപ്പോർട്ടുകൾ
Content Highlights- Donald Trump warns very severe tariffs on russia if it doesn't ends ukraine war with in 50 days