
വാഷിംഗ്ടൺ: യുക്രെയ്ന് പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനം നൽകുമെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള ട്രംപ് ഭരണകൂടത്തിൻ്റെ ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കാത്ത റഷ്യൻ പ്രസിഡൻ്റ് വ്ലാഡമിർ പുടിൻ്റെ നിലപാടിൽ ട്രംപ് അതൃപ്തനാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് യുക്രെയ്ന് വ്യോമപ്രതിരോധ സംവിധാനം നൽകുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഞങ്ങൾ പാട്രിയറ്റ് അയച്ച് കൊടുക്കും, അതിപ്പോൾ അവർക്ക് അത്യാവശ്യമാണ് എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. പുടിൻ ആളുകളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹം വളരെ സുന്ദരമായി സംസാരിക്കും എന്നിട്ട് എല്ലാ വൈകുന്നേരവും ബോംബിടും. അവിടെ ചെറിയ പ്രശ്നമുണ്ട്. അതെനിക്ക് ഇഷ്ടമല്ല എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം.
എന്നാൽ എത്ര പാട്രിയറ്റ് സംവിധാനമാണ് യുക്രെയ്ന് കൈമാറുക എന്ന് തീരുമാനിച്ചിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി. അവർക്ക് കുറച്ചെണ്ണം വേണം, അവർക്ക് സംരക്ഷണം ആവശ്യമാണ് എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. യുക്രെയ്ന് കൈമാറുന്നതിനായി യൂറോപ്പിലെ നാറ്റോ സഖ്യരാജ്യങ്ങൾക്ക് ആയുധം വിൽക്കാനുള്ള തീരുമാനം ട്രംപ് ഭരണകൂടം സ്ഥിരീകരിച്ചതായി കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. ഈ വിഷയം ചർച്ച ചെയ്യുന്നതിനായി നാറ്റോയുടെ സെക്രട്ടറി ജനറൽ മാർക് റൂത്തുമായി ട്രംപ് ഈ ആഴ്ച തന്നെ കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്. ആയുധങ്ങൾ യുക്രെയ്ന് നൽകുന്നതുമായി ബന്ധപ്പെട്ട പദ്ധതികൾ ഇരുവരും സംസാരിച്ചേക്കുമെന്നാണ് സൂചന.
ഇതിനിടെ വെടിനിർത്തൽ ധാരണയിൽ അംഗീകരിക്കാത്ത പുടിനെതിരെയുള്ള അപ്രീതിയും ട്രംപ് പങ്കുവെച്ചിട്ടുണ്ട്. പുടിൻ ആള് കൊള്ളാം പക്ഷെ അത്‍ അർത്ഥരഹിതമായി മാറിയിരിക്കുകയാണ്. നേരത്തെ അധികാരം ഏറ്റെടുത്തതിന് പിന്നാലെ യുക്രെയ്നുള്ള പിന്തുണയിൽ ട്രംപ് പുനർവിചിന്തനം നടത്തിയിരുന്നു. യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലന്‍സ്‌കിയെ സമാധാനത്തിന് തടസ്സം നിൽക്കുന്നു എന്ന നിലയിൽ ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. നേരത്തെ ബൈഡൻ്റെ കാലത്ത് നൽകിയിരുന്ന ധനസഹായത്തിലൂടെ ആയുധങ്ങൾ സംഭരിക്കാൻ യുക്രെയ്ന് സാധിച്ചിരുന്നു. യുക്രെയ്ന് പുതിയ ആയുധസഹായം നൽകാൻ ട്രംപ് വിസമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ യുക്രെയ്നും റഷ്യയ്ക്കും ഇടയിൽ വെടിനിർത്തൽ കരാർ ഉണ്ടാക്കാനുള്ള നീക്കങ്ങൾ പരാജയപ്പെട്ടതോടെ യുക്രെയ്നുള്ള ആയുധ സഹായം പുനരാംരംഭിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.
Content Highlights: Donald Trump says America will send Patriot missiles to Ukraine