കടുത്ത നീക്കവുമായി ഇറാന്‍; ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കുന്നതോടു കൂടി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ലോകത്തെ മറ്റ് രാജ്യങ്ങളിലേക്കുളള എണ്ണ വ്യാപാരം പൂര്‍ണമായും നിലയ്ക്കും

dot image

തെഹ്‌റാന്‍: ഇറാന്‍ ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് പാര്‍ലമെന്റ് അംഗീകാരം നല്‍കിയെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്തിമ തീരുമാനം ഇറാന്‍ പരമാധികാരി ആയത്തുളള അലി ഖമേനി എടുക്കുമെന്നാണ് വിവരം. ആഗോള എണ്ണ വിപണിയില്‍ ആശങ്ക സൃഷ്ടിക്കുന്നതാണ് ഇറാന്റെ തീരുമാനം. പേര്‍ഷ്യന്‍ ഗള്‍ഫിനെയും ഗള്‍ഫ് ഓഫ് ഒമാനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഹോര്‍മൂസ് കടലിടുക്ക് അടച്ചാല്‍ 40 ശതമാനം എണ്ണക്കപ്പലുകളുടെയും ഗതാഗതത്തെ ബാധിക്കും. തങ്ങളുടെ ആണവകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക കൂടി ആക്രമണം നടത്തിയതോടെയാണ് ഇറാന്‍ കടുത്ത തീരുമാനത്തിലെത്തിയത്.

2024-ലും ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നൽകിയിരുന്നു. ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കുന്നതോടു കൂടി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ലോകത്തെ മറ്റ് രാജ്യങ്ങളിലേക്കുളള എണ്ണ വ്യാപാരം പൂര്‍ണമായും നിലയ്ക്കും. ഇത് ലോകത്തെല്ലായിടത്തും എണ്ണവില കുതിച്ചുയരാന്‍ കാരണമാകും. അമേരിക്ക ഇറാനില്‍ ആക്രമണം നടത്തിയതിനd പിന്നാലെ ഈ നടപടി ഊര്‍ജ്ജമേഖലയില്‍ ഗുരുതരമായ പ്രതിസന്ധിയുണ്ടാക്കുമെന്ന് ഖത്തര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാനും ഇസ്രയേലും തമ്മിലുളള പ്രശ്‌നപരിഹാരത്തിന് മധ്യസ്ഥ ശ്രമവും ഗള്‍ഫ് രാജ്യങ്ങള്‍ നടത്തിയിരുന്നു.

അതേസമയം, ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍ എന്ന് പേരിട്ട ഇറാനെതിരായ ആക്രമണത്തിന്റെ വിശദാംശങ്ങള്‍ അമേരിക്ക പുറത്തുവിട്ടു. ഇറാന്റെ ആണവ നിലയങ്ങള്‍ തകര്‍ത്തെന്നും ഇറാന്‍ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ കനത്ത നടപടിയെടുക്കുമെന്നും അമേരിക്ക പറഞ്ഞു. ബി 2 ബോംബര്‍ ഉപയോഗിച്ചാണ് അമേരിക്ക ഇറാനില്‍ ആക്രമണം നടത്തിയത്. 18 മണിക്കൂര്‍ പറന്നാണ് ഇവ ലക്ഷ്യസ്ഥാനത്തെത്തിയത്. വിമാനങ്ങള്‍ ഇറാന്‍ വ്യോമാതിര്‍ത്തിയില്‍ എത്തിയപ്പോള്‍ അന്തര്‍വാഹിനിയില്‍ നിന്ന് ആക്രമിച്ചു. ടോമഹോക് ദീര്‍ഘദൂര മിസൈലുകള്‍ പ്രയോഗിച്ചു. ഇസ്ഫഹാനില്‍ ആക്രമണം നടത്തിയത് അന്തര്‍വാഹിനിയില്‍ നിന്ന് മിസൈല്‍ അയച്ചാണ്. രണ്ട് ഡസനിലധികം മിസൈലുകള്‍ ഉപയോഗിച്ചു. 20 മിനിറ്റ് കൊണ്ട് ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി വ്യോമാതിര്‍ത്തി കടന്നുവെന്നും അമേരിക്ക വ്യക്തമാക്കി.

Content Highlights: Iran reportedly preparing to close the Strait of Hormuz

dot image
To advertise here,contact us
dot image