തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ ബോഡി ബിൽഡർ 'ഷീ ഹൾക്ക്'; സ്വയം മുറിവേൽപ്പിച്ച് ജീവനൊടുക്കിയ നിലയിൽ ഭർത്താവ്

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

dot image

മാഡ്രിഡ്: 'ഷീ ഹൾക്ക്' എന്നറിയപ്പെടുന്ന 43 കാരിയായ കൊളംബിയൻ ബോഡി ബിൽഡർ സുനിൽഡ മെന്റസ് കൊല്ലപ്പെട്ട നിലയിൽ. ഭർത്താവാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണ് സ്പാനിഷ് പൊലീസ് സംശയിക്കുന്നത്. ഭർത്താവ് 46 കാരനായ ജാറോഡ് ഗെല്ലിംഗിനെയും മരിച്ചനിലയിൽ കണ്ടെത്തി. ചുറ്റിക കൊണ്ട് സുനിൽഡയെ അടിച്ചുകൊല്ലുകയും ശേഷം സ്വയം ശരീരത്തിൽ മുറിവേൽപ്പിച്ച് ജീവനൊടുക്കുകയായിരുന്നുമെന്നാണ് നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.

ജൂൺ 18 ന് സുനിൽഡയെ കാണാനില്ലെന്ന് ഒരു സുഹൃത്ത് പരാതിപ്പെട്ടതോടെയാണ് സംഭവം പൊലീസ് അന്വേഷിക്കുന്നത്. അടുത്ത ദിവസം ദമ്പതികൾ താമസിച്ചിരുന്ന വാടക അപ്പാർട്ട്മെന്റിൽ എത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

"അവരുടെ ശരീരത്തിൽ ആക്രമണത്തിന്റെ വ്യക്തമായ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. മറ്റുകാര്യങ്ങൾ പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരിക്കേണ്ടതുണ്ട്," സ്പാനിഷ് നാഷണൽ പൊലീസ് പറഞ്ഞു.

ഇരുവരുടെയും ദാമ്പത്യ ജീവിതത്തിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. കഴിഞ്ഞ ഒരു വർഷമായി ഭർത്താവ് തന്നെ ആക്രമിക്കുന്നുണ്ടെന്ന് 43 കാരിയായ അവർ ബന്ധുക്കളോട് പറഞ്ഞതായും വിവാഹമോചനം നേടാൻ ഇരുവരും പദ്ധതിയിട്ടിരുന്നതായും റിപ്പോർട്ടുണ്ട്. ഇരുവരും മുമ്പ് വേർപിരിഞ്ഞിരുന്നു. കുറച്ചുകാലത്തിനുശേഷം പ്രശ്നങ്ങൾ പരിഹരിച്ച് വീണ്ടും ഒന്നിച്ചു. പക്ഷേ പ്രശ്നങ്ങൾ വീണ്ടും തുടർന്നുവെന്ന് കുടുംബം പറഞ്ഞു.

"എവിടെ തുടങ്ങണമെന്ന് എനിക്കറിയില്ല. എന്റെ ഹൃദയം തകർന്നിരിക്കുന്നു, എന്റെ മനസ്സ് ഇരുണ്ടിരിക്കുന്നു, എന്റെ ശക്തയായ സുഹൃത്ത്. ബോഡിബിൽഡിംഗ് ലോകത്ത് എനിക്കറിയാവുന്ന ഏറ്റവും ശക്തയായ സ്ത്രീ', ബോഡിബിൽഡറുടെ സുഹൃത്തും പരിശീലകനുമായ ബെഹ്നാസ് അസർ സമൂഹ്യ മാധ്യമത്തിൽ കുറിച്ചു. കൊലപാതകത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Content Highlights: Colombian She Hulk Beaten To Death With Hammer and Husband Found Dead

dot image
To advertise here,contact us
dot image