'മുഴുവൻ സമ്പത്തും എന്റെ നൂറിലധികം കുട്ടികൾക്ക്'; ഞെട്ടിച്ച് ടെലിഗ്രാം സ്ഥാപകന്റെ പ്രഖ്യാപനം

ഫ്രാൻസിലെ ലെ പോയിന്റ് മാഗസിന് നൽകിയ അഭിമുഖത്തിലാണ് പവൽ ഇക്കാര്യം പറയുന്നത്

dot image

മോസ്കോ: തന്റെ മുഴുവൻ സമ്പത്തും തന്റേതാണെന്ന് അവകാശപ്പെടുന്ന നൂറിലധികം കുട്ടികൾക്ക് നൽകുമെന്ന വെളിപ്പെടുത്തലുമായി ടെലിഗ്രാം സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ പവൽ ദുറോവ്. ഫ്രാൻസിലെ ലെ പോയിന്റ് മാഗസിന് നൽകിയ അഭിമുഖത്തിലാണ് പവൽ ഇക്കാര്യം പറയുന്നത്.

ബീജദാനത്തിലൂടെ തനിക്ക് ജനിച്ച 100 കുട്ടികൾക്ക് ഏകദേശം 20 ബില്യൺ ഡോളർ സമ്പത്ത് വിട്ടുകൊടുക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് ദുറോവ് പറഞ്ഞത്. കഴിഞ്ഞ പതിനഞ്ച് വർഷമായി ശതകോടീശ്വരനായ ദുറോവ് ബീജദാനം നടത്തിവരുന്നുണ്ട്. ഇതിലൂടെ തനിക്ക് നൂറിലധികം മക്കളുണ്ടെന്നാണ് ദുറോവ് അവകാശപ്പെടുന്നത്. മാത്രമല്ല മൂന്ന് വ്യത്യസ്ത പങ്കാളികളിലായി താൻ ആറ് കുട്ടികളുടെ ജൈവിക പിതാവാണെന്നും അദ്ദേഹം നേരത്തേ വെളിപ്പെടുത്തിയിരുന്നു.

എന്നാൽ ഈ സമ്പത്ത് കുട്ടികൾക്ക് എപ്പോൾ ലഭിക്കുമെന്നതിനെപ്പറ്റിയും പവൽ ദുറോവ് വ്യക്തമാക്കുന്നുണ്ട്. അടുത്ത 30 വർഷത്തേക്ക് മക്കൾക്ക് തൻ്റെ സമ്പത്ത് അനുഭവിക്കാൻ കഴിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. അടുത്തിടെയാണ് വിൽപ്പത്രം എഴുതിയതെന്നും അതുമുതൽ മുപ്പത് വർഷം കഴിയുന്നതുവരെ മക്കൾക്ക് തൻ്റെ സമ്പത്തിൽ അവകാശമുണ്ടായിരിക്കില്ലെന്ന് തീരുമാനിച്ചതായും പവൽ ദുറോവ് കൂട്ടിച്ചേർത്തു.

Telegram CEO Pavel Durov
പവൽ ദുറോവ്

നേരത്തെ, തൻ്റെ ബീജം ഉപയോഗിക്കാൻ തയ്യാറുള്ള സ്ത്രീകൾക്ക് സൗജന്യ ഇൻ വിട്രോ ഫെർട്ടിലൈസേഷൻ ചികിത്സകൾ വാഗ്ദാനം ചെയ്ത് പവൽ ദുറോവ് രംഗത്തെത്തിയിരുന്നു. വന്ധ്യതയുമായി മല്ലിടുന്ന സ്ത്രീകളെയും ദമ്പതികളെയും സഹായിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അൾട്രാവിറ്റ ഫെർട്ടിലിറ്റി ക്ലിനിക്കുമായുള്ള ചേർന്നാണ് അദ്ദേഹം ഇത്തരത്തിൽ ഒരു സംവിധാനം ഒരുക്കിയത്.

പ്രശസ്തനായ സംരംഭകൻ പവേൽ ദുറോവിൻ്റെ ബീജം ഉപയോ​ഗിച്ച് ക്ലിനിക്കിൽ സൗജന്യ ഐവിഎഫ് നടത്താനാകുമെന്നും ചികിത്സ നടക്കുന്നതിനിടെ മികച്ച പരിചരണവും വിദ​ഗ്ധരായ ഡോക്ടർമാരുടെ സേവനം നൽകുമെന്നും അൾട്രാവിറ്റിയുടെ ഫെർട്ടിലിറ്റി ക്ലിനിക്കിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പരസ്യത്തിൽ പറഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും ജനപ്രിയമായ മെസേജിങ് ആപ്ലിക്കേഷനുകളിൽ ഒന്നാണ് ടെലിഗ്രാം. ടെലിഗ്രാമിലെ 11.1 ദശലക്ഷം ഫോളോവേഴ്‌സുമായി സംവദിക്കുന്നതിൽ ശ്രദ്ധേയനാണ് പവേൽ ദുറോവ്.

Content Highlights: Telegram’s Durov to Leave Fortune to 100 Children He’s Fathered

dot image
To advertise here,contact us
dot image