'അവര്‍ അര്‍ഹിക്കുന്ന ആക്രമണം'; റഷ്യന്‍ വ്യോമതാവളങ്ങള്‍ ആക്രമിച്ചതിനെക്കുറിച്ച് വൊളോദിമര്‍ സെലന്‍സ്‌കി

സ്‌പൈഡേഴ്‌സ് വെബ് എന്ന് പേരിട്ട ഓപ്പറേഷനില്‍ 117 ഡ്രോണുകളാണ് യുക്രെയ്ന്‍ ഉപയോഗിച്ചത്

dot image

കീവ്: റഷ്യന്‍ വ്യോമതാവളങ്ങള്‍ക്കുനേരെ യുക്രെയ്ന്‍ നടത്തിയ ആക്രമണങ്ങളില്‍ പ്രതികരണവുമായി പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കി. ബുദ്ധിപരമായ നീക്കമായിരുന്നു അതെന്നും വ്യോമാക്രമണം റഷ്യ അര്‍ഹിക്കുന്നതാണെന്നും സെലന്‍സ്‌കി പറഞ്ഞു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'ഇന്ന് റഷ്യയ്‌ക്കെതിരെ ബുദ്ധിപരമായ നീക്കമാണ് യുക്രെയ്ന്‍ നടത്തിയത്. യുക്രെയ്‌നെ ആക്രമിക്കാന്‍ റഷ്യ ഉപയോഗിച്ച ആയുധങ്ങള്‍ ഉള്‍പ്പെടെയുളള അവരുടെ സൈനിക കേന്ദ്രങ്ങള്‍ മാത്രം ലക്ഷ്യമിട്ടുളള ആക്രമണമായിരുന്നു അത്. ആക്രമണത്തില്‍ റഷ്യയ്ക്ക് കാര്യമായ നഷ്ടങ്ങളുണ്ടായി. അത് പൂര്‍ണമായും ന്യായീകരിക്കാവുന്നതാണ്. അവര്‍ അത് അര്‍ഹിക്കുന്നു' എന്നായിരുന്നു സെലന്‍സ്‌കിയുടെ പ്രതികരണം.

സ്‌പൈഡേഴ്‌സ് വെബ് എന്ന് പേരിട്ട ഓപ്പറേഷനില്‍ 117 ഡ്രോണുകളാണ് യുക്രെയ്ന്‍ ഉപയോഗിച്ചത്. റഷ്യന്‍ വ്യോമതാവളങ്ങളില്‍ ഉണ്ടായിരുന്ന തന്ത്രപ്രധാനമായ ക്രൂയിസ് മിസൈല്‍ വാഹിനികൾ ആക്രമിക്കപ്പെട്ടുവെന്ന് സെലന്‍സ്‌കി പറഞ്ഞു. ഒന്നരവര്‍ഷം ആസൂത്രണം ചെയ്ത് കൃത്യമായി നടപ്പിലാക്കിയ ഓപ്പറേഷനാണിത്. ഒന്നരവര്‍ഷം മുന്‍പ് ഞാന്‍ അംഗീകാരം നല്‍കിയ ഒരു കാര്യം ഫലപ്രാപ്തിയിലെത്തുകയും റഷ്യയ്ക്ക് യുദ്ധവിമാനങ്ങളുള്‍പ്പെടെ വലിയ നാശനഷ്ടമുണ്ടാകുകയും ചെയ്തു എന്നത് ശരിക്കും സംതൃപ്തി തരുന്ന ഒരു കാര്യമാണ്. ഞങ്ങള്‍ ഈ പ്രവര്‍ത്തനം തുടരും'- സെലന്‍സ്‌കി വ്യക്തമാക്കി.

ആക്രമണത്തിന് തൊട്ടുമുന്‍പ് റഷ്യ യുക്രെയ്‌നെ ആക്രമിക്കാന്‍ തയ്യാറെടുക്കുന്നുവെന്ന് ഇന്റലിജന്‍സ് വിവരം ലഭിച്ചിരുന്നുവെന്നും സെലന്‍സ്‌കി വ്യക്തമാക്കി. യുക്രെയ്ന്‍ ജനത വ്യോമാക്രമണ മുന്നറിയിപ്പുകള്‍ അവഗണിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'ഇന്നലെ യുക്രെയ്‌നില്‍ അഞ്ഞൂറോളം റഷ്യന്‍ ഡ്രോണുകളാണ് ആക്രമണം നടത്തിയത്. ഓരോ ആഴ്ച്ചയും അവര്‍ ആക്രമണത്തിന് ഉപയോഗിക്കുന്ന യൂണിറ്റുകളുടെ എണ്ണം വര്‍ധിക്കുകയാണ്. ഇപ്പോള്‍ കലിബര്‍ മിസൈലുകളും അവര്‍ തയ്യാറാക്കിക്കഴിഞ്ഞു. ആരോടാണ് മത്സരിക്കുന്നതെന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയാം. ഏത് വിധേനയും ഞങ്ങള്‍ യുക്രെയ്‌നെയും യുക്രെയ്ന്‍ ജനതയെയും പ്രതിരോധിക്കും'- സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.

Content Highlights: Entirely justified and deserved: Volodymyr Zelensky about Operation Spiders Web in Russia

dot image
To advertise here,contact us
dot image