
റോം: ഗർഭഛിദ്ര ഗുളികയുടെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്ന ഫ്രഞ്ച് ശാസ്ത്രജ്ഞൻ എറ്റിയെൻ-എമിൽ ബൗലിയു അന്തരിച്ചു. 98 വയസായിരുന്നു. പാരീസിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഗർഭഛിദ്രത്തിന് സുരക്ഷിതവും ചെലവുകുറഞ്ഞതുമായ മാർഗം കണ്ടെത്തിയതിലൂടെയാണ് എമിൽ ശ്രദ്ധേയനായത്. ഓറൽ മരുന്ന് RU-486 ആണ് അദ്ദേഹം വികസിപ്പിച്ചത്.
ഡോക്ടറും ഗവേഷകനുമായ എമിൽ സ്റ്റിറോയിഡ് ഹോർമോണുകളെക്കുറിച്ചുള്ള തന്റെ പഠനത്തിന് ശാസ്ത്രീയ, വൈദ്യശാസ്ത്ര, സാമൂഹിക പരമായുള്ള പ്രാധാന്യത്തിലൂടെ ലോകമെമ്പാടും അറിയപ്പെട്ടു.1926 ഡിസംബർ 12-ന് സ്ട്രാസ്ബർഗിൽ എറ്റിയെൻ ബ്ലം എന്ന പേരിൽ ജനിച്ച അദ്ദേഹം 15-ാം വയസ്സിൽ നാസി അധിനിവേശത്തിനെതിരായ ഫ്രഞ്ച് ചെറുത്തുനിൽപ്പിൽ ചേർന്നപ്പോൾ "എമൈൽ ബൗലിയു" എന്ന പേര് സ്വീകരിക്കുകയായിരുന്നു. 1955-ൽ വൈദ്യശാസ്ത്രത്തിൽ ഡോക്ടറേറ്റും എട്ട് വർഷത്തിന് ശേഷം ശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടി.
ബിരുദാനന്തരം അമേരിക്കയിലേക്ക് പോയ അദ്ദേഹം അവിടെ ഡോ. ഗ്രിഗറി പിൻകസിനൊപ്പം ജോലി ചെയ്തു. ലൈംഗിക ഹോർമോണുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഗ്രിഗറിയാണ് എമൈലിനെ ഉപദേശിച്ചത്. ഫ്രാൻസിൽ മടങ്ങിയെത്തിയ ഡോ. ബൗലിയു ബീജസങ്കലനത്തിന് ശേഷം ഗർഭാശയത്തിൽ അണ്ഡം സ്ഥാപിക്കുന്നതിന് അത്യാവശ്യമായ പ്രൊജസ്ട്രോൺ എന്ന ഹോർമോണിന്റെ പ്രഭാവം തടയുന്നതിനുള്ള ഒരു രീതി വികസിപ്പിച്ചെടുത്തു. പത്ത് വർഷത്തിനുള്ളിൽ ഗർഭഛിദ്ര ഗുളിക വികസിപ്പിച്ചെടുത്തു. എന്നാൽ ഗർഭഛിദ്രത്തെ എതിർക്കുന്നവരിൽ നിന്നുള്ള കടുത്ത വിമർശനങ്ങളും ഭീഷണികളും നേരിട്ടു.
ഒടുവിൽ 1988-ൽ ഈ ഗുളികയുടെ വിൽപ്പനയ്ക്ക് അംഗീകാരം ലഭിച്ചു. എന്നാൽ യൂറോപ്പിലും അമേരിക്കയിലും അന്ന് ഇത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഗർഭഛിദ്രത്തെ അനുകൂലിക്കുന്നവരും ഗർഭഛിദ്രത്തിനെതിരെ പ്രവർത്തിക്കുന്നവരും തമ്മിലുള്ള തർക്കവിഷയമായി ഇന്നും ഇത് തുടരുകയാണ്. 2008-ൽ, അൽഷിമേഴ്സ് പോലുള്ള ന്യൂറോഡീജനറേറ്റീവ് രോഗങ്ങളെ തിരിച്ചറിയുന്നതിനും തടയുന്നതിനും ചികിത്സിക്കുന്നതിനുമായി അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ട് ബൗലിയു സ്ഥാപിച്ചു. 1996-2002 കാലഘട്ടത്തിൽ ലൈഫ് സയൻസസ് ആൻഡ് ഹെൽത്ത് സംബന്ധിച്ച ദേശീയ ഉപദേശക സമിതിയിൽ അംഗമായിരുന്ന അദ്ദേഹത്തിന് ഫ്രാൻസിലും വിദേശത്തും നിരവധി അവാർഡുകൾ ലഭിച്ചു.
Content Highlights: Abortion pill inventor Etienne-Emile Baulieu dies aged 98