അയാളോട് പ്രതികരിക്കേണ്ടി വരുമെന്ന് കരുതിയില്ല, 'കമ്പിളിക്കണ്ടത്തെ കല്‍ഭരണികള്‍' വിവാദത്തില്‍ ഷാജന് മറുപടി

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഷാജൻ സ്‌കറിയയുടെ വിമർശനത്തിന് അഷ്ടമൂർത്തി മറുപടി നൽകിയത്

അയാളോട് പ്രതികരിക്കേണ്ടി വരുമെന്ന് കരുതിയില്ല, 'കമ്പിളിക്കണ്ടത്തെ കല്‍ഭരണികള്‍' വിവാദത്തില്‍ ഷാജന് മറുപടി
dot image

കൊച്ചി: സമീപകാലത്ത് മലയാളത്തില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ നോവലാണ് ബാബു അബ്രഹാം എഴുതിയ കമ്പിളിക്കണ്ടത്തെ കല്‍ഭരണികള്‍. എന്നാല്‍ ഈ നോവല്‍ ബാബു അബ്രഹാമിന്റെ പേരില്‍ മറ്റ് ചിലര്‍ എഴുതിയതാണെന്ന ആരോപണവുമായി വിവാദ യൂട്യൂബര്‍ ഷാജന്‍ സ്‌കറിയ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഷാജന്‍ സ്‌കറിയയുടെ ഈ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് എഴുത്തുകാരന്‍ അഷ്ടമൂര്‍ത്തി. ഷാജന്‍ സ്‌കറിയ പ്രചരിപ്പിക്കുന്നത് പോലെ ഈ പുസ്തകം താൻ എഴുതിയതല്ല എന്നും സംശയമുള്ളവർക്ക് ബാബു അബ്രഹാമിന്റെ ഫേസ്ബുക്കിൽ ഇപ്പോഴുമുള്ള ആ എഴുത്തുകൾ വായിക്കാമെന്നും അഷ്ടമൂർത്തി പറഞ്ഞു. അവതാരിക എഴുതുന്നതിന് മുൻപായി ചില തിരുത്തലുകൾ മാത്രമാണ് താൻ ചെയ്തുനൽകിയത് എന്നും അഷ്ടമൂർത്തി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഷാജൻ സ്‌കറിയയുടെ വിമർശനത്തിന് അഷ്ടമൂർത്തി മറുപടി നൽകിയത്.

'കമ്പിളിക്കണ്ടത്തെ കൽഭരണികൾ' എന്ന പുസ്തകം എഴുത്തുകാരൻ അഷ്ടമൂർത്തി പണം വാങ്ങി എഴുതിനൽകിയതാണ് എന്നായിരുന്നു ഷാജൻ സ്കറിയ ആരോപിച്ചത്. ബാബു എബ്രഹാം ഹൈറേഞ്ചിലെ ജീവിതത്തെക്കുറിച്ച് എഴുതിയത് പലതും പച്ചക്കള്ളമാണെന്നും ഷാജൻ സ്കറിയ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറുപടിയുമായി അഷ്ടമൂർത്തി രംഗത്തെത്തിയത്.

എന്തടിസ്ഥാനത്തിലാണ് ഷാജൻ സ്കറിയ ഇത്തരത്തിലൊരു വാർത്ത നൽകിയത് എന്നും എന്ത് തെളിവാണ് അദ്ദേഹത്തിന് ലഭിച്ചതെന്ന് തനിക്കറിയില്ല എന്നുമായിരുന്നു അഷ്ടമൂർത്തി പറഞ്ഞത്. തന്റെ പുസ്തകത്തിന് അവതാരിക എഴുതാനായി സമീപിച്ചതിലൂടെയാണ് ബാബു അബ്രഹാമുമായി പരിചയമെന്ന് അഷ്ടമൂർത്തി പറയുന്നു. ഇത്തരത്തിൽ പലരും തന്നെ സമീപിക്കാറുണ്ട്. അവർക്കെല്ലാം തന്നാലാകും വിധം സഹായം ചെയ്തുകൊടുത്തിട്ടുമുണ്ട്. അതെല്ലാം സഹപ്രവർത്തകരോടുള്ള സ്നേഹം കൊണ്ടാണ് എന്ന് അഷ്ടമൂർത്തി വ്യക്തമാക്കി.

ബാബു അബ്രഹാമിന്റെ പുസ്തകത്തിലെ ചില അധ്യായങ്ങൾ വായിച്ചുനോക്കിയപ്പോൾ തനിക്ക് വളരെ നന്നായി തോന്നി. പിന്നീട് അവതാരിക എഴുതുന്നതിന് മുൻപ് അവയിൽ ചില തിരുത്തലുകൾ വേണ്ടിവന്നുവെന്നും ഡോ. എ. വേണുഗോപാലൻ, എം. പ്രവീൺകുമാർ എന്നിവരെയും കൂടി പങ്കെടുപ്പിച്ചുകൊണ്ട് നാല് ദിവസമെടുത്താണ് അത് പൂർത്തിയാക്കിയത് എന്നും അഷ്ടമൂർത്തി വ്യക്തമാക്കി.

പുസ്തകം താനോ തന്റെ കൂട്ടുകാരോ 'ഗോസ്റ്റ്റൈറ്റിങ്' (മറ്റൊരാള്‍ക്ക് വേണ്ടി രഹസ്യമായി എഴുതുക) ചെയ്‌തിട്ടിട്ടില്ല. ആകെ ചെയ്തിട്ടുള്ളത് ആ പുസ്തകത്തിൽ ആവശ്യമില്ല എന്നു തോന്നിയ ചില വാചകങ്ങൾ എടുത്തുമാറ്റുക മാത്രമാണ്. അതും ബാബു അബ്രഹാമിന്റെ സമ്മതത്തോടെയാണ്. അതിനായി തങ്ങൾ ഒരു പൈസ പോലും പ്രതിഫലമായി വാങ്ങിയിട്ടില്ല.തങ്ങൾ പ്രൊഫെഷണൽ എഡിറ്റർമാരല്ല. ഒരു പുസ്തകം വായിച്ച് തരക്കേടില്ല എന്നു തോന്നിയപ്പോൾ അത് കുറച്ചുകൂടി മെച്ചപ്പെടുത്താൻ ഒപ്പം നിന്നു എന്നതുമാത്രമാണ് ചെയ്തത് എന്നും അഷ്ടമൂർത്തി വ്യക്തമാക്കി. സംശയമുള്ളവർക്ക് ബാബു അബ്രഹാമിന്റെ ഫേസ്ബുക്കിൽ ഇപ്പോഴുമുള്ള അദ്ദേഹത്തിന്റെ കുറിപ്പുകൾ പരിശോധിക്കാമെന്നും അഷ്ടമൂർത്തി കൂട്ടിച്ചേർത്തു.

ആരോപണത്തിൽ വ്യക്തത വരുത്തിയ ശേഷം ഷാജൻ സ്കറിയയെ അഷ്ടമൂർത്തി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഷാജൻ സ്കറിയയയുടെ വാർത്തകളോട് പ്രതികരിക്കേണ്ടിവരും എന്ന് ജീവിതത്തിൽ ഇന്നുവരെ താൻ കരുതിയിരുന്നില്ല. താൻ തീരെ ശ്രദ്ധ കൊടുക്കാത്ത ചാനലാണത്. അടിസ്ഥാനമില്ലാത്ത വാർത്തകളാണ് അദ്ദേഹം കൈകാര്യം ചെയ്യതുകൊണ്ടിരിക്കുന്നത് എന്ന വലിയ തിരിച്ചറിവ് ഇപ്പോൾ ഉണ്ടായിരിക്കുന്നു എന്ന് അഷ്ടമൂർത്തി വിമർശിച്ചു. ഇനിയും പുസ്തകങ്ങളെഴുതാനുള്ള സഹായം തേടി ആരെങ്കിലുമൊക്കെ വന്നുവെന്ന് വരും. അവരെ സഹായിക്കാനുള്ള മനസ്ഥിതി കെടുത്താനുള്ള ഉദ്യമമാവാതിരിക്കട്ടെ ഷാജൻ സ്‌കറിയയുടെ വ്യാജ ആരോപണം എന്നും അഷ്ടമൂർത്തി പറഞ്ഞു. ഈ വിഷയത്തെക്കുറിച്ച് തൻ്റെ ആദ്യത്തെയും അവസാനത്തെയും വിശദീകരണക്കുറിപ്പായിരിക്കും ഇത് എന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ബാബു അബ്രഹാമിൻ്റെ ‘കമ്പിളികണ്ടത്തെ കൽഭരണികൾ’ എന്ന പുസ്തകം പ്രചാരത്തിൽ അത്ഭുതം സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണല്ലോ. ഈ പുസ്തകത്തിൻ്റെ രചന സംബന്ധിച്ച് ചിലർക്കെങ്കിലുമുള്ള ചില തെറ്റിദ്ധാരണകൾ തീർക്കാൻ വേണ്ടി ഒരു പ്രസ്താവന ഇറക്കണമെന്ന് ആലോചിക്കുമ്പോഴാണ് ഇന്ന് ഷാജൻ സക്കറിയയുടെ മറുനാടൻ മലയാളിയിൽ എന്നെ പരാമർശിച്ചുകൊണ്ടുള്ള ഒരു വാർത്ത കണ്ണിൽപ്പെടുന്നത്.

അതിലേയ്ക്ക് വരുന്നതിനുമുമ്പ് ഒരു കാര്യം പറയട്ടെ. എഴുതിത്തീർന്ന പുസ്തകത്തെപ്പറ്റി അഭിപ്രായം ആരാഞ്ഞുകൊണ്ടും അതിന് അവതാരിക എഴുതിത്തരാൻ ആവശ്യപ്പെട്ടുകൊണ്ടും ഇതിനു മുമ്പും പലരും എന്നെ സമീപിച്ചിട്ടുണ്ട്. അവർക്കെല്ലാം എന്നാലാവും വിധം സഹായം ചെയ്തുകൊടുത്തിട്ടുമുണ്ട്. അതെല്ലാം സഹപ്രവർത്തകരോടുള്ള സ്നേഹം കൊണ്ടാണ്. മറ്റു കഴിവുകൾ ഒന്നുമില്ലാത്ത എനിക്ക് അക്ഷരങ്ങൾ കൊണ്ടല്ലാതെ മറ്റൊരു സഹായവും ചെയ്തുകൊടുക്കാനാവില്ലല്ലോ.

അങ്ങനെ സമീപിച്ചവരിലൊരാൾ മാത്രമാണ് ബാബു അബ്രഹാം. 2024 ജൂലായ് മാസത്തിലാണ് താൻ സ്വന്തം ജീവിതം കുറച്ചുനാളായി ഫെയ്സ് ബുക്കിൽ എഴുതിവരുന്നുണ്ടെന്നും അതിന് ഒരവതാരിക എഴുതിത്തരണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം എന്നെ ബന്ധപ്പെടുന്നത്. ചില അധ്യായങ്ങൾ വായിച്ചുനോക്കിയപ്പോൾ എനിക്ക് അത് വളരെ നന്നായി തോന്നി. എഴുതിക്കഴിഞ്ഞിട്ടു മതി തുടർന്നുള്ള വായന എന്ന് ബാബു നിർദ്ദേശിച്ചു. പിന്നീട് രണ്ടു മാസത്തിനു ശേഷമാണ് അത് പൂർണമായി വായിക്കുന്നത്.

Also Read:

അവതാരിക എഴുതുന്നതിനു മുമ്പ് അതിൽ ചില തിരുത്തലുകൾ വേണമെന്ന് എനിക്കു തോന്നി. ബാബുവും അതിൽ താൽപര്യം പ്രകടിപ്പിച്ചു. ഡി. അഷ്ടമൂർത്തി, ഡോ. എ. വേണുഗോപാലൻ, എം. പ്രവീൺകുമാർ എന്നിവരെയും പങ്കെടുപ്പിച്ചുകൊണ്ട് നാലു ദിവസമെടുത്താണ് ഞങ്ങൾ ആ ദൌത്യം പൂർത്തിയാക്കിയത്.

പലരും ധരിച്ചിട്ടുള്ളതു പോലെ അത് ഒരു കേട്ടെഴുത്തു പുസ്തകമല്ല. അത്തരം ഒരു Ghost writing എൻ്റെ കൂട്ടുകാരോ ഞാനോ നടത്തിയിട്ടില്ല. മാത്രവുമല്ല, അതിൻ്റെ ആദ്യരൂപം ബാബു അബ്രഹാമിൻ്റെ ഫെയ്സ് ബുക് സമയരേഖയിൽ ഇപ്പോഴും കിടപ്പുണ്ട്. ഞാൻ Ghost writing നടത്തി എന്ന് ഇപ്പോഴും സംശയിക്കുന്നവർക്ക് ആ പോസ്റ്റുകൾ കാണാവുന്നതാണ്.

വസ്തുതകൾ ഇങ്ങനെയായിരിക്കേയാണ് ഇന്ന് ഷാജൻ സക്കറിയയുടെ മറുനാടൻ മലയാളിയുടെ ആദ്യം സൂചിപ്പിച്ച വാർത്ത കാണുന്നത്.

അതിൽ ഈ പുസ്തകം തൃശ്ശൂരിലുള്ള എഴുത്തുകാരൻ അഷ്ടമൂർത്തി പണം വാങ്ങി എഴുതിക്കൊടുത്തതാണ് എന്ന് ആരോപിച്ചിരിക്കുന്നു. എന്തടിസ്ഥാനത്തിലാണ് അദ്ദേഹം ഇതിനു തുനിഞ്ഞത് എന്നറിയില്ല. എവിടെനിന്നു കിട്ടിയ വാർത്തയാണെന്നും എന്തു തെളിവാണ് അദ്ദേഹത്തിനു ലഭിച്ചതെന്നും എനിക്കറിയില്ല.

ഞങ്ങൾ ആകെ ചെയ്തിട്ടുള്ളത് ആ പുസ്തകത്തിൽ ആവശ്യമില്ല എന്നു തോന്നിയ ചില വാചകങ്ങൾ എടുത്തുമാറ്റുകയാണ്. വൃഥാസ്ഥൂലം എന്നു ഞങ്ങൾക്കു തോന്നിയ ഭാഗങ്ങൾ നിർദ്ദയം വെട്ടിമാറ്റിയത് ബാബുവിൻ്റെ സമ്മതത്തോടു കൂടിയാണു താനും. വാചകങ്ങളിൽ ചെറിയ തിരുത്തലുകൾ ചിലയിടങ്ങളിൽ നടത്തിയിട്ടുണ്ടാവാം. എന്നാലും പുസ്തകത്തിൽ ബാബുവിൻ്റേതല്ലാത്ത ഒരു വാചകം പോലും ഞങ്ങൾ എഴുതിച്ചേർത്തിട്ടില്ല.

മാത്രമല്ല ഇത്രയും ചെയ്തതിനുള്ള പ്രതിഫലമായി ഒരു പൈസ പോലും ഞങ്ങൾ കൈപ്പറ്റിയിട്ടുമില്ല. ഞങ്ങൾ പ്രൊഫെഷണൽ എഡിറ്റർമാരല്ല. ഒരു പുസ്തകം വായിച്ച് തരക്കേടില്ല എന്നു തോന്നിയപ്പോൾ അത് കുറച്ചുകൂടി മെച്ചപ്പെടുത്താൻ ഒപ്പം നിന്നുവെന്നു മാത്രം.

Also Read:

ഷാജൻ സക്കറിയയുടെ വാർത്തകളോട് പ്രതികരിക്കേണ്ടിവരും എന്ന് ജീവിതത്തിൽ ഇന്നുവരെ കരുതിയിരുന്നില്ല. അത് ഞാൻ തീരെ ശ്രദ്ധ കൊടുക്കാത്ത ചാനലാണ്. ഇപ്പോൾ ഈ ന്യൂസ് സ്റ്റോറിയോടെ ഇത്തരം അടിസ്ഥാനമില്ലാത്ത വാർത്തകളാണ് അദ്ദേഹം കൈകാര്യം ചെയ്യതുകൊണ്ടിരിക്കുന്നത് എന്ന വലിയ ഒരു തിരിച്ചറിവുണ്ടായിരിക്കുന്നു.

ഇനിയും പുസ്തകങ്ങളെഴുതാനുള്ള സഹായം തേടി ആരെങ്കിലുമൊക്കെ വന്നുവെന്നു വരും. അവരെ സഹായിക്കാനുള്ള മനസ്ഥിതി കെടുത്താനുള്ള ഉദ്യമമാവാതിരിക്കട്ടെ ഷാജൻ സക്കറിയയുടെ ഈ വ്യാജമായ ആരോപണം.

ഈ വിഷയത്തെക്കുറിച്ച് എൻ്റെ ആദ്യത്തെയും അവസാനത്തെയും വിശദീകരണക്കുറിപ്പാണ് ഇത് എന്നു കൂടി പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുന്നു.

അഷ്ടമൂർത്തി

എന്നോടൊപ്പം

ഡി. അഷ്ടമൂർത്തി

ഡോ. എ. വേണുഗോപാലൻ

എം. പ്രവീൺകുമാർ

ഡിസംബർ 16, 2025

Content Highlights: Writer Ashtamoorthi reply to Shajan Skaria on Kambilikandathe Kalbaranikal Ghostwriting Claim

dot image
To advertise here,contact us
dot image