
വൈറ്റ് ഹൗസ്: ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തലില്‍ എത്താനുള്ള പ്രധാന കാരണം വ്യാപാരമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വെടിനിര്‍ത്തല്‍ കരാറിലെത്തുന്നതിനായി തന്റെ ഭരണകൂടം മധ്യസ്ഥത വഹിച്ചു. വെടിനിര്‍ത്തലിലേക്കെത്തിയ സാഹചര്യത്തില്‍ യുഎസ് ഇന്ത്യയെയും പാകിസ്താനെയും സഹായിക്കാന്‍ തയ്യാറാണെന്നും വൈറ്റ് ഹൗസില്‍ ട്രംപ് പറഞ്ഞു.
'ഞങ്ങള്‍ ഒരുപാട് സഹായിച്ചു. വ്യാപാരത്തിലും സഹായിച്ചു. ഞാന്‍ പറഞ്ഞു, ഞങ്ങള്‍ക്ക് ഒരുപാട് വ്യാപാരങ്ങള്‍ നിങ്ങളുമായി ചെയ്യാനുണ്ട്. നിങ്ങള്‍ അവസാനിപ്പിക്കൂ, നിങ്ങള്‍ അവസാനിപ്പിക്കൂ. നിങ്ങള്‍ അവസാനിപ്പിച്ചാല്‍ ഞങ്ങള്‍ നിങ്ങളുമായി വ്യാപാരം ചെയ്യും. നിങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍, ഞങ്ങള്‍ ഒരു വ്യാപാരവും ചെയ്യില്ല. അതോടെ അവര്‍ നിര്‍ത്തുകയായിരുന്നു', ഇങ്ങനെയായിരുന്നു ട്രംപ് പറഞ്ഞത്.
ഇന്ത്യ-പാക് സംഘര്‍ഷം ആണവയുദ്ധത്തിലേക്ക് എത്തുമായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍ ഇത് തങ്ങള്‍ ഇടപെട്ട് ഒഴിവാക്കിയെന്നാണ് ട്രംപിന്റെ അവകാശവാദം.
'ഒരു ആണവയുദ്ധമാണ് ഞങ്ങള്‍ അവസാനിപ്പിച്ചത്. ആണവയുദ്ധത്തിലേക്ക് നീങ്ങിയിരുന്നുവെങ്കില്‍ ലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുമെന്നാണ് ഞാന്‍ കരുതുന്നത്. അത് കൊണ്ട് തന്നെ എനിക്ക് അഭിമാനമുണ്ട്.', എന്നാണ് ട്രംപ് അവകാശപ്പെട്ടത്.
Content Highlights: Trade is a big reason they stopped fighting, claims Donald Trump