
2025ല്‍ വമ്പന്‍ ബോക്‌സ് ഓഫീസ് വിജയങ്ങളുമായി അരങ്ങുതകര്‍ക്കുകയാണ് മോഹന്‍ലാല്‍. എമ്പുരാനും തുടരുമിനും ശേഷം സത്യന്‍ അന്തിക്കാട് ഒരുക്കുന്ന ഹൃദയപൂര്‍വം എന്ന ചിത്രത്തിന്റെ ഷൂട്ടിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍.
മലയാളത്തിന് പുറത്തും മോഹന്‍ലാലിന്റേതായി റിലീസിന് ചിത്രങ്ങള്‍ കാത്തിരിക്കുന്നുണ്ട്. ഇതോടൊപ്പം ആരാധകരെ ആവേശത്തിലാഴ്ത്തുന്ന നിരവധി പ്രോജക്ടുകളെ കുറിച്ചുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ഇക്കൂട്ടത്തില്‍ സംവിധായകന്‍ കൃഷാന്ദ് മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രമൊരുക്കുന്നു എന്ന ചില റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു.
ഈ സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ചില സിനിമാപ്രവര്‍ത്തകരും വെളിപ്പെടുത്തിയിരുന്നു. എന്നാലിപ്പോള്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ് നിര്‍മാതാവും നടനുമായ മണിയന്‍പിള്ള രാജു. മോഹന്‍ലാലും കൃഷാന്ദും ഒന്നിക്കുന്ന ചിത്രമാണ് താന്‍ അടുത്തതായി ചെയ്യാന്‍ പോകുന്നതെന്നും അതിന്റെ ചര്‍ച്ചകളുടെ പ്രാരംഭഘട്ടം കഴിഞ്ഞെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'കൃഷാന്ദ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ പടമാണ് അടുത്തതായി ചെയ്യാന്‍ പോകുന്നത്. അതിന്റെ ഒന്നാം റൗണ്ട് ഡിസ്‌കഷന്‍ കഴിഞ്ഞു. 18 മുതല്‍ 45 വയസ് വരെയുള്ളവരാണ് കൂടുതലായും സിനിമ കാണുന്നത്. അവര്‍ക്ക് കൃഷാന്ദ് എന്ന ഡയറക്ടറെ വലിയ ഇഷ്ടമാണ്. പുതിയ സംവിധായകര്‍ക്കൊപ്പം സിനിമകള്‍ ചെയ്യണം. മോഹന്‍ലാലും ഇപ്പോള്‍ പുതിയ സംവിധായകര്‍ക്കൊപ്പം സിനിമകള്‍ ചെയ്യുന്നുണ്ടല്ലോ.
പല കാര്യങ്ങളിലും നമ്മള്‍ മക്കള്‍ പറയുന്നത് കേള്‍ക്കേണ്ടി വരും. പേടിച്ചിട്ടില്ല അത് ചെയ്യുന്നത്. മക്കളുടെ തലമുറയുടെ ചിന്തകള്‍ കുറച്ച് കൂടി അഡ്വാന്‍സ്ഡ് ആണ്. നമ്മളൊക്കെ കുറച്ച് പഴഞ്ചനായി കഴിഞ്ഞു. എനിക്ക് ഇഷ്ടപ്പെട്ട സബ്ജക്ട് കുട്ടികള്‍ക്ക് ഇഷ്ടപ്പെടണമെന്നില്ല. തിരിച്ചും സംഭവിക്കാം,' മണിയന്‍പിള്ള രാജു പറഞ്ഞു.
നിരവധി ഹ്രസ്വചിത്രങ്ങളിലൂടെയും ഡോക്യുമെന്ററികളിലൂടെയും ശ്രദ്ധേയനായ കൃഷാന്ദ് വൃത്താകൃതിയുള്ള ചതുരം എന്ന ചിത്രത്തിലൂടെയാണ് ഫീച്ചര്‍ സിനിമാലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് ആവാസവ്യൂഹം, പുരുഷപ്രേതം എന്നീ സിനിമകളിലൂടെ പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും അദ്ദേഹം ഒരുപോലെ നേടി. അരുണ്‍ ചന്തു സംവിധാനം ചെയ്ത ഗഗനചാരിയിലൂടെ നിര്‍മാണത്തിലേക്കും കൃഷാന്ദ് ചുവടുവെച്ചിരുന്നു. സുങ്ത്സുവിന്റെ സംഘര്‍ഷ ഘടന, മസ്തിഷ്‌കമരണം എന്നിവയാണ് കൃഷാന്ദിന്റെ റിലീസിന് ഒരുങ്ങിയിരിക്കുന്ന ചിത്രങ്ങള്‍.
Content Highlights: Mohanlal - Krishand movie confirmed by Maniyanpilla Raju