മൂന്ന് മാസത്തിനിടെ 16 ദശലക്ഷം തീവ്രവാദ സന്ദേശങ്ങൾ നീക്കം ചെയ്ത് സൗദി എത്തിഡലും ടെലിഗ്രാമും

തീവ്രവാദ പ്രചാരണങ്ങൾക്കായി ഉപയോഗിക്കുന്ന 1408 ടെലിഗ്രാം ചാനലുകളും നീക്കം ചെയ്തതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു

dot image

റിയാദ്: മൂന്ന് മാസത്തിനിടെ 16 ദശലക്ഷം തീവ്രവാദ സന്ദേശങ്ങൾ ടെലിഗ്രാമിൽ നിന്ന് നീക്കം ചെയ്‌തെന്ന് സൗദി പ്രസ് ഏജൻസി. ഗ്ലോബൽ സെന്റർ ഫോർ കോംബാറ്റിംഗ് എക്‌സ്ട്രീമിസ്റ്റ് ഐഡിയോളജിയും (എത്തിഡൽ) ടെലിഗ്രാമും സംയുക്തമായിട്ടാണ് 2025 ന്റെ ആദ്യ പാദത്തിൽ 16,062,667 തീവ്രവാദ ഉള്ളടക്കങ്ങൾ നീക്കം ചെയ്തത്.

തീവ്രവാദ പ്രചാരണങ്ങൾക്കായി ഉപയോഗിക്കുന്ന 1408 ടെലിഗ്രാം ചാനലുകളും നീക്കം ചെയ്തതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എത്തിഡൽ അറബി ഭാഷയിലുള്ള ഓൺലൈൻ ഉള്ളടക്കം നിരീക്ഷിച്ചുകൊണ്ടാണ് തീവ്രവാദവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ തടയുന്നത്.

തീവ്രവാദവുമായി ബന്ധപ്പെട്ട് നിരവധി പിഡിഎഫുകൾ, ക്ലിപ്പുകൾ, ഓഡിയോ റെക്കോർഡിങുകൾ എന്നിവുയും നീക്കം ചെയ്തവയിൽ ഉൾപ്പെടുന്നുണ്ട്. 2022 ഫെബ്രുവരി മുതലാണ് എത്തിഡലും ടെലിഗ്രാമും സംയുക്തമായി പ്രവർത്തനം ആരംഭിച്ചത്. ഇതിനോടകം 177 ദശലക്ഷം തീവ്രവാദ ഉള്ളടക്കങ്ങൾ ടെലിഗ്രാമിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

16201 ടെലിഗ്രാം ചാനലുകളും പൂട്ടിച്ചു. തീവ്രവാദ ആശയങ്ങളെ ചെറുക്കുന്നതിനും സുരക്ഷിതമായ ഡിജിറ്റൽ അന്തരീക്ഷത്തിനായി പരിശ്രമിക്കുന്നതിനുമുള്ള ഉറച്ച പ്രതിബദ്ധതയാണ് ഈ തുടർച്ചയായ സഹകരണം പ്രതിഫലിപ്പിക്കുന്നതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. 2017 ലാണ് റിയാദ് ആസ്ഥാനമായി ഗ്ലോബൽ സെന്റർ ഫോർ കോംബാറ്റിംഗ് എക്‌സ്ട്രീമിസ്റ്റ് ഐഡിയോളജി (എത്തിഡൽ) സ്ഥാപിതമായത്.

Content Highlights: Telegram and Etidal removed 16 million terrorist messages in three months

dot image
To advertise here,contact us
dot image