ഷെയ്ക്ക് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍; ഔദ്യോഗിക വിജ്ഞാപനമിറക്കി

2024 ജൂലൈയില്‍ രാജ്യത്ത് നടന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ് ഷെയ്ക്ക ഹസീന അധികാരത്തില്‍ നിന്നും പുറത്തായത്

dot image

ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയുടെ അവാമി ലീഗിനെ നിരോധിച്ച് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍. ശനിയാഴ്ച്ച വൈകുന്നേരത്തോടെയാണ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുളള സര്‍ക്കാര്‍ ഇതുസംബന്ധിച്ച പ്രസ്താവനയിറക്കിയത്. ഭേദഗതി ചെയ്ത ഭീകരവിരുദ്ധ നിയമപ്രകാരമാണ് അവാമി ലീഗിനെ നിരോധിച്ചത്.

ഇന്ന് (തിങ്കളാഴ്ച്ച) അവാമി ലീഗിനെ നിരോധിച്ചുകൊണ്ടുളള ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി. 'അവാമി ലീഗിനെയും അതിന്റെ മുന്നണി, അസോസിയേറ്റ്, സഹോദര സംഘടനകളുടെയും എല്ലാ പ്രവര്‍ത്തനങ്ങളും നിരോധിച്ചുകൊണ്ട് ആഭ്യന്തരമന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു'-ആഭ്യന്തര ഉപദേഷ്ടാവ് ലഫ്റ്റനന്റ് ജനറല്‍ (റിട്ട.) ജഹാംഗീര്‍ ആലം മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിന്റെ ഭാഗമായി ബംഗ്ലാദേശിന്റെ ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രിബ്യൂണലില്‍ അവാമി ലീഗിന്റെയും അതിന്റെ നേതാക്കളുടെയും വിചാരണ പൂര്‍ത്തിയാകുന്നതു വരെ നിരോധനം നിലനില്‍ക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു. 2024 ജൂലൈയില്‍ രാജ്യത്ത് നടന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ് ഷെയ്ക്ക ഹസീന അധികാരത്തില്‍ നിന്നും പുറത്തായത്. തുടര്‍ന്ന് അവര്‍ ഇന്ത്യയില്‍ അഭയം തേടി.

പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്നവരുടെയും പരാതിക്കാരുടെയും സാക്ഷികളുടെയും സുരക്ഷയ്ക്കായാണ് ഈ തീരുമാനമെടുത്തതെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഹസീന സര്‍ക്കാര്‍ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ നടത്തിയ ശ്രമങ്ങള്‍ക്കിടെ നാനൂറോളം ആളുകള്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. 1949-ല്‍ കിഴക്കന്‍ പാകിസ്താനിലെ ജനതയ്ക്ക് സ്വയംഭരണാവകാശം നേടിയെടുക്കാനായി രൂപീകരിച്ച സംഘടനയായിരുന്നു അവാമി ലീഗ്. 1971-ലെ വിമോചന യുദ്ധത്തിന് നേതൃത്വം നല്‍കിയതും അവാമി ലീഗാണ്.

Content Highlights: Bangaldesh bans sheikh hasina's awami league under revised anti terror law

dot image
To advertise here,contact us
dot image