
വാഷിങ്ടൺ: ആഢംബര ജെറ്റ് ഖത്തർ സമ്മാനമായി നൽകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് ഡൊണാൾഡ് ട്രംപ്. ആഢംബര ജെറ്റ് സമ്മാനമാണെന്നും ഇതിനായി പണം ചെലവാക്കിയിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'ട്രൂത്ത് സോഷ്യൽ' പ്ലാറ്റ്‍ഫോമിലൂടെയാണ് ട്രംപ് പ്രതികരണം നടത്തിയത്.
'പ്രതിരോധ വകുപ്പിന് സമ്മാനം ലഭിക്കുകയാണ്, സൗജന്യമായി. നാൽപ്പത് വർഷം പഴക്കമുള്ള എയർ ഫോഴ്സ് വണ്ണിന് പകരമായി വളരെ പരസ്യമായ സുതാര്യമായ ഇടപാടിലൂടെ ജെറ്റ് ലഭിക്കുകയാണ്. ഇത് വക്രബുദ്ധിക്കാരായ ഡെമോക്രാറ്റുകളെ വളരെയധികം അലോസരപ്പെടുത്തുന്നുണ്ട്', ട്രംപ് പറഞ്ഞു.
വിമാനത്തിൽ മനോഹരമായി രൂപകൽപന ചെയ്ത കുളിമുറികൾ, കിടപ്പുമുറികൾ, വലിയ പടിക്കെട്ട് തുടങ്ങിയവ ഉണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. വിമാനത്തിന്റെ രൂപകൽപനയും അകത്തെ മനോഹാരിതയും കാരണം പറക്കും കൊട്ടാരം എന്നാണ് ഈ വിമാനത്തെ വിളിക്കുന്നത്. ഖത്തർ രാജകുടുംബാംഗങ്ങളും തുർക്കി സർക്കാരും ഉപയോഗിച്ച ശേഷമാണ് വിമാനം യുഎസിന് നൽകുന്നത്.
അന്താരാഷ്ട്ര മാധ്യമങ്ങളടക്കം പുറത്തുവിട്ട റിപ്പോർട്ടുകളോട് ഖത്തർ മീഡിയ അറ്റാഷെ അലി അൽ അൻസാരി പ്രസ്താവനയിലൂടെ പ്രതികരിച്ചിരുന്നു. 'പ്രസിഡൻറ് ട്രംപിൻറെ സന്ദർശന വേളയിൽ ഖത്തർ അമേരിക്കൻ സർക്കാരിന് ഒരു ജെറ്റ് സമ്മാനമായി നൽകുമെന്ന റിപ്പോർട്ടുകൾ തെറ്റാണ്. എയർഫോഴ്‌സ് വണിന് പകരം താൽക്കാലിക ഉപയോഗത്തിനായി ഒരു വിമാനം കൈമാറുന്ന കാര്യം നിലവിൽ ഖത്തർ പ്രതിരോധ മന്ത്രാലയവും യുഎസ് പ്രതിരോധ വകുപ്പും തമ്മിൽ പരിഗണിച്ച് വരികയാണ്. വിഷയം ബന്ധപ്പെട്ട നിയമ വകുപ്പുകളുടെ അവലോകനത്തിലാണ്, ഈ വിഷയത്തിൽ ഒരു തീരുമാനവും എടുത്തിട്ടില്ല' എന്നായിരുന്നു അലി അൽ അൻസാരി വ്യക്തമാക്കിയത്.
Content Highlights: Donald Trump breaks silence on reported Qatari jet deal