
ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകൾ കഴിക്കുന്നത് അമിതവണ്ണവുമായി ബന്ധപ്പെട്ട കാൻസറിനുള്ള സാധ്യത പകുതിയായി കുറയ്ക്കുമെന്ന് പഠനം. അമിതവണ്ണം മൂലം 13 തരം കാൻസറുകൾ വന്നേക്കാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്.
ശരീരഭാരം കുറയ്ക്കുന്നത് ഇത്തരം അപകടസാധ്യതകൾ കുറയ്ക്കുമെങ്കിലും, അതിനേക്കാൾ കൂടുതലായി ഭാരം കുറയ്ക്കാനായി ഗുളികകളോ കുത്തിവെയ്പ്പുകളോ നടത്തുന്നത് ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം കാൻസർ സാധ്യത കുറയ്ക്കാനും വലിയ രീതിയിൽ സഹായിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്.
ഇസ്രായേലിൽ നിന്നുള്ള ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. ഈ പഠനങ്ങൾ സ്‌പെയിനിലെ മലാഗയിൽ നടന്ന യൂറോപ്യൻ കോൺഗ്രസ് ഓൺ ഒബിസിറ്റിയിൽ അവതരിപ്പിക്കുകയും ദി ലാൻസെറ്റിന്റെ ഇ-ക്ലിനിക്കൽ മെഡിസിനിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. മുമ്പ് കാൻസർ ബാധിച്ചിട്ടില്ലാത്ത 6000 പേരിലായിരുന്നു പഠനം നടത്തിയത്. ഇവർ തടി കുറയ്ക്കാനുള്ള ബാരിയാട്രിക് ശസ്ത്രക്രിയയ്ക്ക് വിധേയരായവരോ ഗ്ലൂക്കോൺ പോലുള്ള പെപ്‌റ്റൈഡ്-1 റിസപ്റ്റർ അഗോണിസ്റ്റുകൾ (GLP-1RAs), ലിരാഗ്ലൂറ്റൈഡ് (സാക്‌സെൻഡ), എക്‌സെനാറ്റൈഡ് (ബയേറ്റ) ഡുലാഗ്ലൂറ്റൈഡ് (ട്രൂലിസിറ്റി) എന്നിവ ഉപയോഗിച്ചവരോ ആയിരുന്നു.
ഇവ ശരീരത്തിലെ GLP-1 ഹോർമോണിന് അനുസരിച്ചാണ് പ്രവർത്തിക്കുക.
ഈ ഹോർമോണുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ആളുകളെ കൂടുതൽ നേരം വിശപ്പില്ലാത്ത അവസ്ഥയിൽ വെയ്ക്കുകയും ചെയ്യും. ബാരിയാട്രിക് ശസ്ത്രക്രിയയ്ക്ക് വിധേയരായവർക്ക് ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകൾ കഴിക്കുന്നവരേക്കാൾ ഇരട്ടി ഭാരം കുറഞ്ഞെങ്കിലും, കാൻസർ സാധ്യത കുറയ്ക്കുന്നത് പൊതുവെ ഒരുപോലെയാണെന്നും പഠനത്തിൽ കണ്ടെത്തി.
ബാരിയാട്രിക് ശസ്ത്രക്രിയ കാൻസറിനുള്ള സാധ്യത 30-42% കുറയ്ക്കുമെന്നും ഗവേഷകർ പറഞ്ഞു. അതേസമയം ഇതൊരു നിരീക്ഷണ പഠനമാണെന്നും ഫലങ്ങൾ വ്യാഖ്യാനിക്കുന്നതിൽ ജാഗ്രത ആവശ്യമാണെന്നും ക്വീൻസ് യൂണിവേഴ്‌സിറ്റി ബെൽഫാസ്റ്റിലെ കാൻസർ ഗവേഷണ വിദഗ്ദ്ധനായ പ്രൊഫസർ മാർക്ക് ലോലർ പറഞ്ഞതായി ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. അതേസമയം ഗവേഷണഫലങ്ങൾ ആവേശമുണ്ടാക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
'ബാരിയാട്രിക് ശസ്ത്രക്രിയ പൊണ്ണത്തടിയുമായി ബന്ധപ്പെട്ട കാൻസർ സാധ്യത മൂന്നിലൊന്നായി കുറയ്ക്കുമെന്ന് നമുക്കറിയാം; ഈ ഡാറ്റ സൂചിപ്പിക്കുന്നത് ടാർഗെറ്റ് ജിഎൽപി-1 കൾ ആ അപകടസാധ്യത ഏകദേശം 50% കുറച്ചേക്കാം - പൊണ്ണത്തടിയുമായി ബന്ധപ്പെട്ട കാൻസർ തടയുന്നതിൽ വലിയ മാറ്റമുണ്ടാക്കുന്ന ഒരു സമീപനമാണിത്.' എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പുതുതായി രോഗനിർണയം നടത്തിയ കാൻസർ രോഗികൾക്ക് ഇത്തരം മരുന്നുകൾ കാൻസർ അതിജീവനത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമോ എന്ന് പരിശോധിക്കേണ്ടതാണെന്നും യൂറോപ്യൻ അസോസിയേഷൻ ഫോർ ദി സ്റ്റഡി ഓഫ് ഒബിസിറ്റിയുടെ മുൻ പ്രസിഡന്റും ലീഡ്‌സ് യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജി മേധാവിയുമായ പ്രൊഫ. ജേസൺ ഹാൽഫോർഡ് പറഞ്ഞു.
വിഷയത്തിൽ കൂടുതൽ പഠനത്തിനായി 12 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 54 അന്താരാഷ്ട്ര വിദഗ്ധരുടെ സംഘം സമ്മേളനത്തിൽ ഒരു സംയുക്ത പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മാഞ്ചസ്റ്റർ സർവകലാശാലയിലെയും കാൻസർ റിസർച്ച് യുകെയുടെ ധനസഹായത്തോടെയും പ്രവർത്തിക്കുന്ന യുകെയിലെ ഒരു ശാസ്ത്രജ്ഞ സംഘം പതിനായിരക്കണക്കിന് രോഗികളെ ഉൾപ്പെടുത്തി ക്ലിനിക്കൽ പരീക്ഷണം ആസൂത്രണം ചെയ്യുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.
Content Highlights: Weight loss drugs may reduce obesity-related cancer risk: New study