ഇന്ത്യ-പാക് സംഘർഷത്തിൽ ആശങ്ക പ്രകടിപ്പിച്ച് യുഎൻ; എസ് ജയശങ്കറും ഷെഹ്ബാസ് ഷെരീഫുമായി സംസാരിച്ച് സെക്രട്ടറി ജനറൽ

കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് എസ് ജയശങ്കര്‍. എല്ലാത്തരം ഭീകരതയെയും അപലപിക്കുന്നുവെന്ന് ഷെഹ്ബാസ് ഷെരീഫ്

dot image

ന്യൂയോര്‍ക്ക്: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഉടലെടുത്ത ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്രസഭ. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഫോണില്‍ സംസാരിച്ചു.

കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് എസ് ജയശങ്കര്‍ യു എന്‍ സെക്രട്ടറി ജനറലിനെ അറിയിച്ചു. എല്ലാത്തരം ഭീകരതയെയും പാകിസ്താന്‍ അപലപിക്കുന്നുവെന്നായിരുന്നു ഷെഹ്ബാസ് ഷെരീഫിന്റെ പ്രതികരണം. പഹല്‍ഗാം ആക്രമണവുമായി ബന്ധപ്പെട്ട് സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ഷെഹ്ബാസ് ഷെരീഫ് ആവശ്യപ്പെട്ടു. വെല്ലുവിളിച്ചാല്‍ നേരിടുമെന്ന കാര്യവും ഷെഹ്ബാസ് ഷെരീഫ് യു എന്‍ സെക്രട്ടറി ജനറലുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കി.

അതിനിടെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതികരിച്ച് പാക് മുന്‍ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാന്‍ ഖാന്‍ രംഗത്തെത്തി. ഇന്ത്യയ്ക്കെതിരെ പാകിസ്താന്‍ ഒറ്റക്കെട്ടാണെന്ന് ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു. പഹല്‍ഗാമില്‍ സംഭവിച്ചത് അതിദാരുണമായ സംഭവമാണ്. മോദി സര്‍ക്കാര്‍ പാകിസ്താനുമേല്‍ അനാവശ്യമായ കുറ്റാരോപണം നടത്തുകയാണ്. സമാധാനമാണ് പാകിസ്താന്റെ മുന്‍ഗണനയെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

പഹല്‍ഗാമില്‍ ഇക്കഴിഞ്ഞ 22നായിരുന്നു ഭീകരാക്രമണം നടന്നത്. മലയാളി അടക്കം 26പേരായിരുന്നു ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്ന് ഇറങ്ങിവന്ന ഭീകരര്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ പാകിസ്താനെതിരെ ശക്തമായ നടപടിയാണ് ഇന്ത്യ സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തിന് പിന്നാലെ സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നതടക്കം നിര്‍ണായക നടപടികള്‍ പാകിസ്താനെതിരെ ഇന്ത്യ സ്വീകരിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലും ശക്തമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. പഹല്‍ഗാമില്‍ എങ്ങനെ തിരിച്ചടി നല്‍കണമെന്നതടക്കം സൈന്യത്തിന് പ്രധാനമന്ത്രി പൂര്‍ണസ്വാതന്ത്ര്യം നല്‍കി. ഏത് സമയത്ത്, ഏത് തരത്തിലുള്ള തിരിച്ചടി നടത്തണമെന്ന് സൈന്യത്തിന് തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു.

Content Highlights- UN chief speaks with s jaishankar, pakistan pm amid tensions over pahalgam

dot image
To advertise here,contact us
dot image