
വാഷിംങ്ടണ്‍: റഷ്യയ്ക്കടുത്ത് ആണവ അന്തര്‍വാഹിനികള്‍ വിന്യസിച്ച് അമേരിക്ക. മുന്‍ റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ് വദേവിന്റെ പ്രകോപന പ്രസ്താവനയ്ക്ക് പിന്നാലെയാണ് അമേരിക്കയുടെ നടപടി. വാക്കുകള്‍ പ്രധാനമാണെന്നും പ്രതീക്ഷിക്കാത്ത തിരിച്ചടികള്‍ ഉണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റഷ്യയ്ക്ക് മറുപടി നല്‍കിയിട്ടുണ്ട്. പ്രകോപനകരമായ പ്രസ്താവനകള്‍ ഉണ്ടായാല്‍ ആണവ അന്തര്‍വാഹിനികള്‍ ഉചിതമായ സ്ഥലങ്ങളില്‍ നിലയുറപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
ഉപയോഗിക്കുന്ന വാക്കുകള്‍ പ്രധാനമാണ്. അത് പലപ്പോഴും വിചാരിക്കാത്ത അനന്തരഫലങ്ങളിലേക്ക് നയിച്ചേക്കാം. പക്ഷേ അങ്ങനെയുളള സന്ദര്‍ഭത്തിന് ഇടവരാതിരിക്കട്ടെയെന്ന് ട്രംപ് കുറിച്ചു. തന്‍റെ ഔദ്യോഗിക ട്രൂത്ത് പോസ്റ്റിലൂടെയാണ് ട്രംപ് ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്. റഷ്യയുടെ മുന്‍ പ്രസിഡന്റ് കരുതുന്നത് അദ്ദേഹം തന്നെയാണ് ഇപ്പോഴും പ്രസിഡന്റ് എന്നാണ്. എന്നാല്‍ അദ്ദേഹം പരാജയപ്പെട്ട വ്യക്തിയാണ്. വാക്കുകള്‍ സൂക്ഷിക്കണമെന്ന് അദ്ദേഹത്തിന് ഞാന്‍ മുന്നറിയിപ്പ് നല്‍കുകയാണ്. മെദ് വദേവ് അപകടകരമായ നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കുമെന്നും ട്രംപ് കുറിച്ചു.
റഷ്യയുടെ ആണവായുധം എത്ര അപകടകരമാണെന്ന് ട്രംപ് ഓര്‍മിക്കണമായിരുന്നു എന്നായിരുന്നു മെദ് വദേവിന്റെ പ്രസ്താവന. റഷ്യന്‍ ഫെഡറേഷന്റെ സെക്യൂരിറ്റി കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ കൂടിയാണ് മെദ് വദേവ്. റഷ്യ ഇസ്രയേലോ ഇറാനോ അല്ല. റഷ്യയ്ക്ക് മേലുളള ട്രംപിന്റെ ഓരോ ഭീഷണിയും യുദ്ധത്തിലേക്കുളള ചുവടുവെയ്പ്പ് ആയിരിക്കുമെന്ന് മെദ് വദേവ് എക്‌സില്‍ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ പുതിയ നീക്കം.
Content Highlights: Americ Deploys Nuclear Submarines Near Russia