
ഇംഗ്ലണ്ടിനെതിരായ ഓവൽ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ അർധ സെഞ്ച്വറിയുമായി തിളങ്ങിയിരിക്കുകയാണ് ഇന്ത്യൻ പേസർ ആകാശ് ദീപ്. 70 പന്തിൽ ഒമ്പത് ഫോറുകൾ അടക്കമായിരുന്നു ആകാശിന്റെ അർധ സെഞ്ച്വറി. ആകാശിന്റെ അർധ സെഞ്ച്വറി ഇന്ത്യൻ ഡ്രസിങ് റൂം ആഘോഷമാക്കുകയും ചെയ്തു. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും രവീന്ദ്ര ജഡേജയും ഹെൽമറ്റൂരി ആഘോഷിക്കാൻ നിർദേശിക്കുമ്പോൾ നിരപുഞ്ചിരിയോടെ ഗൗതം ഗംഭീറുമുണ്ടായിരുന്നു. താരങ്ങളെല്ലാം എണീറ്റിരുന്ന് കയ്യടിക്കുകയും ചെയ്തു.
അതേ സമയം താരത്തിന്റെ ആദ്യ കന്നി സെഞ്ച്വറിയാണിത്. 23 റൺസ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് ഇന്നലെ തുടക്കത്തിലെ രണ്ട് വിക്കറ്റ് നഷ്ടമായതോടെയാണ് നൈറ്റ് വാച്ച്മാനായി ആകാശ് ദീപ് ഇറങ്ങിയത്. കെ എൽ രാഹുൽ (7), സായ് സുദർശൻ (11) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് പെട്ടെന്ന് നഷ്ടമായത്.
ക്രീസിലെത്തിയ ശേഷം തുടർച്ചയായ ഫോറുകളുമായി കളം നിറഞ്ഞ താരം മൂന്നാം ദിനത്തിലും പ്രകടനം തുടർന്നു. നിലവിൽ 91 പന്തുകൾ നേരിട്ട് 61 റൺസ് നേടിയിട്ടുണ്ട്.
അതേ സമയം 103 പന്തിൽ രണ്ട് സിക്സറുകളും പത്ത് ഫോറുകളും അടക്കം 84 റൺസുമായി യശ്വസി ജയ്‌സ്വാളും ക്രീസിലുണ്ട്. നിലവിൽ 42 ഓവർ പിന്നിടുമ്പോൾ 177 റൺസിന് രണ്ട് എന്ന നിലയിലാണ് ഇന്ത്യ.
നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്കോർ പിന്തുടർന്ന ഇംഗ്ലണ്ട് 247 റൺസാണ് നേടിയത്. മുഹമ്മദ് സിറാജിന്റെയും പ്രസിദ്ധ് കൃഷ്ണയുടെയും നാല് വിക്കറ്റ് പ്രകടനമാണ് ഒരു ഘട്ടത്തിൽ മികച്ച ലീഡിലേക്ക് കുതിക്കുമെന്ന് തോന്നിപ്പിച്ച ഇംഗ്ലണ്ടിനെ പ്രതിരോധിച്ചിട്ടത്.
Content Highlights: Jadeja and Gill wanted Akashdeep to remove his helmet and celebrate the fifty