
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ എങ്ങനെ മറുപടി നല്‍കണമെന്ന് സൈന്യത്തിന് തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതുമായി ബന്ധപ്പെട്ട് സൈന്യത്തിന് പ്രധാനമന്ത്രി പൂര്‍ണസ്വാതന്ത്ര്യം നല്‍കി. ഏത് സമയത്ത്, ഏത് തരത്തിലുള്ള തിരിച്ചടി നടത്തണമെന്ന് സൈന്യത്തിന് തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ സൈന്യത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. ഔദ്യോഗിക വസതയില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്.
ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു പ്രധാനമന്ത്രിയുടെ വസതിയില്‍ അടിയന്തര യോഗം ആരംഭിച്ചത് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. മൂന്ന് മണിക്കൂറോളമാണ് യോഗം നീണ്ടുനിന്നത്. ഈ ചര്‍ച്ചകള്‍ അവസാനിച്ചതിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രധാനമന്ത്രിയുടെ വസതിയില്‍ എത്തി. ഇതിന് ശേഷം ചര്‍ച്ചകള്‍ വീണ്ടും ആരംഭിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്തും പ്രധാനമന്ത്രിയുടെ വസതിയില്‍ എത്തിയതായാണ് വിവരം. സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി നാളെ യോഗം ചേരാനിരിക്കുകയാണ്. ഇതിന് മുന്നോടിയായാണ് പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചത്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പുറമേ സംയുക്ത സേനാമേധാവി അനില്‍ ചൗഹാനുമായും രാജ്‌നാഥ് സിങ് കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ വിലയിരുത്തിയ കാര്യങ്ങള്‍ അടക്കം ഉന്നതല യോഗത്തില്‍ ചര്‍ച്ചയായതായാണ് വിവരം.
പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായാണ് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി നാളെ വീണ്ടും യോഗം ചേരുന്നത്. രാവിലെ പതിനൊന്ന് മണിക്കാണ് യോഗം ചേരുക. സൈനിക തയ്യാറെടുപ്പുകള്‍ അടക്കം യോഗം വിലയിരുത്തും. പഹല്‍ഗാം ആക്രമണത്തിന് ശേഷം ഇത് രണ്ടാം തവണയാണ് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി യോഗം ചേരുന്നത്. ഈ യോഗത്തിന് പിന്നാലെ പ്രധാനമന്ത്രിയുടെ അധ്യക്ഷയതിയില്‍ രാഷ്ട്രീയകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയും യോഗം ചേരും.
Content Highlights- complete freedom to forces to decide mode, time of response to pahalgam says pm modi