
യുഎഇയില്‍ അതിവേഗ പാസഞ്ചര്‍ ട്രെയിന്‍ പരീക്ഷണ ഓട്ടം തുടങ്ങി. ദുബായ്-ഫുജൈറ റൂട്ടിലാണ് പരീക്ഷണ ഓട്ടം നടത്തിയത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ട്രെയ്നില്‍ യാത്ര ചെയ്തുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
ഗതാഗത രംഗത്ത് യുഎഇയുടെ സ്വപ്ന പദ്ധതിയാണ് ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസ്. രാജ്യത്ത് സര്‍വ്വീസ് ആരംഭിക്കുന്നതിനു മുന്നോടിയായാണ് പരീക്ഷണ ഓട്ടം ആരംഭിച്ചത്. രാജ്യത്തെ ആദ്യത്തെ പാസഞ്ചര്‍ റെയില്‍ ശൃംഖലയുടെ പ്രവര്‍ത്തനങ്ങള്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും വിലയിരുത്തി.
യുഎഇയിലെ ദേശീയ പദ്ധതികളില്‍ അഭിമാനിക്കുന്നുവെന്ന് യാത്രക്ക് പിന്നാലെ ഷെയ്ഖ് മുഹമ്മദ് എക്സില്‍ കുറിച്ചു. ഇത്തിഹാദ് റെയില്‍ പദ്ധതിയ്ക്ക് നേതൃത്വം നല്‍കുന്ന തെയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് അഭിനന്ദനം അറിയിക്കുന്നതായും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
മണിക്കൂറില്‍ 200 കിലോമീറ്ററാണ് ട്രെയിന്റെ വേഗത. 2026ല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് ഇത്തിഹാദ് റെയില്‍. 11 നഗരങ്ങളെ ബന്ധിപ്പിച്ചാണ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസ് നടത്തുക. അബുദബി, ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ, അല്‍ ഐന്‍, റുവൈസ്, അല്‍ മിര്‍ഫ, അല്‍ ദെയ്ദ്, സൗദിയോട് അതിര്‍ത്തി പങ്കിടുന്ന ഗുവൈഫാത്ത്, എന്നിവിടങ്ങളിലൂടെയാണ് പാസഞ്ചര്‍ ട്രെയിന്‍ സഞ്ചരിക്കുക.
Content Highlights: High-speed passenger train begins test run in UAE