ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് മാത്രമല്ല ട്രംപിൻ്റെ അസ്വസ്ഥതയുടെ കാരണം;വെളിപ്പെടുത്തി മാർക്കോ റൂബിയോ

ഫോക്സ് റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മാർക്കോ റൂബിയോ നിലപാട് വ്യക്തമാക്കിയത്

dot image

വാഷിംഗ്ടൺ: ഇന്ത്യ റഷ്യയിൽ നിന്നും പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങുന്നു എന്നത് മാത്രമല്ല അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അസ്വസ്ഥതയ്ക്ക് കാരണമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാ‍ർക്കോ റൂബിയോ. ഇന്ത്യ റഷ്യയിൽ നിന്ന് പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങുന്നത് യുക്രെയ്നുമായുള്ള യുദ്ധത്തെ സുസ്ഥിരപ്പെടുത്താൻ മോസ്കോയെ സഹായിക്കുന്നു എന്നതാണ് അസ്വസ്ഥതയുടെ പ്രധാന കാരണമെന്നായിരുന്നു റൂബിയോയുടെ പ്രതികരണം. ഫോക്സ് റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മാർക്കോ റൂബിയോ നിലപാട് വ്യക്തമാക്കിയത്. പെട്രോളിയം ഉത്പന്നങ്ങൾ വിൽക്കുന്ന മറ്റ് രാജ്യങ്ങൾ ഉള്ളപ്പോഴും ഇന്ത്യ റഷ്യയിൽ നിന്നും തുടർച്ചയായി എണ്ണ വാങ്ങുന്നതാണ് ട്രംപിനെ നിരാശപ്പെടുത്തതെന്നും റൂബിയോ പ്രതികരിച്ചു. ഈ പണം റഷ്യ യുക്രെയ്ൻ യുദ്ധത്തിന് ഉപയോ​ഗിക്കുന്നതും ട്രംപിൻ്റെ നിലപാടിന് കാരണമാണെന്നാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ചൂണ്ടിക്കാണിക്കുന്നത്.

'ഇന്ത്യയ്ക്ക് വലിയ നിലയിലുള്ള ഊർജ്ജാവശ്യങ്ങളുണ്ട്. മറ്റ് രാജ്യങ്ങൾ ചെയ്യുന്നത് പോലെ സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്നതിനായി പെട്രോളും ​ഗ്യാസും കൽക്കരിയും വാങ്ങാനുള്ള ശേഷിയും ഇന്ത്യയ്ക്കുണ്ട്. എന്നാൽ ഇന്ത്യ ഇത് വാങ്ങുന്നത് റഷ്യയിൽ നിന്നാണ്. റഷ്യൻ പെട്രോളിയം ഉത്പന്നങ്ങൾ ഉപരോധത്തിലുള്ളതും വിലക്കുറവുള്ളതുമാണ്. ഉപരോധമുള്ളതിനാൽ ആ​ഗോള വില നിലവാരത്തിൽ നിന്നും താഴ്ത്തിയാണ് പലപ്പോഴും റഷ്യ പെട്രോളിയം ഉത്പന്നങ്ങൾ വിൽക്കുത്. നിർഭാ​ഗ്യവശാൽ ഇത് യുക്രെയ്നെതിരായ റഷ്യയുടെ യുദ്ധനീക്കത്തെ സുസ്ഥിരമാക്കുന്നു. ഇതാണ് ഇന്ത്യയുമായുള്ള ഞങ്ങളുടെ ബന്ധത്തിലെ അസ്വസ്ഥപ്പെടുത്തുന്ന ഘടകം. ഇത് മാത്രമല്ല അസ്വത്ഥതയുടെ ഘടകം. അവരുമായി സഹകരിക്കുന്ന മറ്റനേകം ഘടകങ്ങളും ഞങ്ങൾക്കുണ്ടെ'ന്നും മാർക്കോ റൂബിയോ പ്രതികരിച്ചു.

Also Read:

റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചത് മുതൽ ഇന്ത്യ റഷ്യയിൽ നിന്നും പെട്രേളിയം ഉത്പന്നങ്ങൾ വാങ്ങുന്നതിനെതിരെ അമേരിക്കയടക്കം വിമർശനം ഉന്നയിച്ചിരുന്നു. യൂറോപ്പിന്റെ പ്രശ്‌നങ്ങൾ ലോകത്തിന്റെ പ്രശ്‌നങ്ങളാണ്, പക്ഷേ ലോകത്തിന്റെ പ്രശ്‌നങ്ങൾ യൂറോപ്പിന്റെ പ്രശ്‌നങ്ങളല്ല എന്ന മനോഭാവത്തിൽ നിന്ന് പാശ്ചാത്യലോകം വളരേണ്ടതുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട പാശ്ചാത്യ വിമർശനങ്ങളോട് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പ്രതികരിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഇന്ത്യയ്ക്ക് അധിക താരിഫ് നിരക്ക് ചുമതലപ്പെടുത്തുന്നത് സംബന്ധിച്ചുള്ള സോഷ്യൽ മീഡിയ പ്രതികരണത്തിലും ഇന്ത്യ-റഷ്യ ബന്ധത്തെക്കുറിച്ച് ട്രംപ് പരാമർശിച്ചിരുന്നു. സൈനിക ഉപകരണങ്ങളിൽ ഭൂരിഭാഗവും റഷ്യയിൽ നിന്നാണ് ഇന്ത്യ വാങ്ങുന്നതെന്നും ട്രംപ് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. റഷ്യ യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് ലോകം ആ​ഗ്രഹിക്കുന്ന സമയമാണിത്. എല്ലാം നന്നായല്ല പോകുന്നത്. അതിനാൽ ഇന്ത്യയ്ക്ക് 25% താരിഫും അധിക പിഴയും ചുമത്തുന്നു. ഇത് ഓ​ഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നുമായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്.

താരിഫ് പ്രഖ്യാപനങ്ങൾക്ക് പിന്നാലെ ഇന്ത്യക്കും റഷ്യക്കുമെതിരെ കടുത്ത വിമർശനം ഉന്നയിച്ചും യുഎസ് പ്രസിഡൻ്റ് ഡോണൾഡ്‌ ട്രംപ് രം​ഗത്ത് വന്നിരുന്നു. ഇന്ത്യയുടേതും റഷ്യയുടേതും മരിച്ച സമ്പദ്‌വ്യവസ്ഥകളെന്നും ഇരുവർക്കും ഒരുമിച്ച് അതിനെ താഴേക്ക് കൊണ്ടുപോകാമെന്നുമാണ് ട്രംപ് പറഞ്ഞത്. ഇന്ത്യ റഷ്യ വ്യാപാരബന്ധം ചൂണ്ടിക്കാണിച്ച് കൊണ്ടായിരുന്നു ട്രംപിന്റെ രൂക്ഷവിമർശനം. 'ഇന്ത്യ റഷ്യയോടൊപ്പം എന്തൊക്കെ ചെയ്യുന്നു എന്നത് എന്റെ കാര്യമല്ല. അവർ അവരുടെ മരിച്ച സമ്പദ്‌വ്യവസ്ഥയുമായി ഒരുമിച്ച് താഴേക്ക് പോകട്ടെ. ഞങ്ങൾക്ക് ഇന്ത്യയുമായി ചെറിയ ബിസിനസ് ഡീൽ മാത്രമേ ഉള്ളു. അവരുടെ താരിഫ് വളരെ കൂടുതലാണ്' എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം.

ഇന്ത്യയടക്കം എഴുപതിലധികം രാജ്യങ്ങൾക്ക് 10 ശതമാനം മുതൽ 41ശതമാനം വരെ പരസ്പര തീരുവ ചുമത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചിരുന്നു. പുതിയ ഉത്തരവ് പ്രകാരം ഇന്ത്യയ്ക്ക് മേൽ ചുമത്തിയിരിക്കുന്നത് 25 ശതമാനം അധിക നികുതിയാണ്. വ്യാപാര രീതികളിലെ ദീർഘകാല അസന്തുലിതാവസ്ഥയുടെ ഭാഗമായാണ് താരിഫ് ചുമത്തുന്നതെന്നാണ് ട്രംപ് ഭരണകൂടത്തിൻ്റെ നിലപാട്.

Content Highlights: India buying Russian oil not the only point of irritation says Marco Rubio

dot image
To advertise here,contact us
dot image