
ബെംഗളുരു: പ്രസവിച്ച് രണ്ടാഴ്ച പിന്നിടും മുമ്പ് 23കാരിയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. കർണാടകയിലെ പൊലീസുകാരനായ ഡി കിഷോറാണ് ഭാര്യ പ്രതിഭയെ കൊലപ്പെടുത്തിയത്. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് ക്രൂരകൃത്യം നടത്തിയത്. കൊലപാതക കേസിൽ മറ്റ് മൂന്ന് പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു.
ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കിഷോർ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും മരിച്ചില്ല. ഒക്ടോബർ 28നാണ് പ്രതിഭ കുഞ്ഞിന് ജന്മം നൽകിയത്. മാതാപിതാക്കൾക്കൊപ്പമായിരുന്നു പ്രതിഭ താമസിച്ചിരുന്നത്. മരുമകൻ മാനസിക നില തെറ്റിയ ആളാണെന്നാണ് പ്രതിഭയുടെ പിതാവ് പറയുന്നത്.
'അവനൊരു നല്ല ആളാണെന്ന് കരുതിയാണ് ഞങ്ങളുടെ മകളെ വിവാഹം ചെയ്ത് നൽകിയത്. ഞങ്ങൾക്ക് നീതി വേണം. അവനെ ശിക്ഷിക്കണം. എന്റെ മകൾ അനുഭവിച്ചത് പോലെ മറ്റൊരു പെൺകുട്ടിയും അനുഭവിക്കാൻ പാടില്ല.' - പ്രതിഭയുടെ പിതാവ് പറഞ്ഞു. മാത്രമല്ല, കിഷോര് സ്ഥിരമായി സ്ത്രീധനം ആവശ്യപ്പെട്ടിരുന്നുവെന്നും പിതാവ് പറഞ്ഞു.
2022 നവംബറിലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഞായറാഴ്ച വൈകുന്നേരത്തോടെ പ്രതിഭയും കിഷോറും ഫോണിൽ സംസാരിച്ചിരുന്നു. ശേഷം പ്രതിഭ വളരെ ഏറെ ദുഃഖിതയായിരുന്നു. തന്റെ മകൾ കരച്ചിലായിരുന്നുവെന്നാണ് പിതാവ് വ്യക്തമാക്കിയത്. മകളുടെ കരച്ചിൽ കണ്ട്, ഇനി കുറച്ച് നാൾ കിഷോറിനെ വിളിക്കേണ്ടെന്ന് മാതാവ് പ്രതിഭയോട് പറഞ്ഞിരുന്നു.
എന്നാൽ പ്രതിഭ തിങ്കളാഴ്ച രാവിലെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ കിഷോറിന്റെ 150 മിസ്ഡ് കോളുകളാണ് ഉണ്ടായിരുന്നത്. പിന്നാലെ കിഷോർ പ്രതിഭയുടെ വീട്ടിലെത്തുകയും അവളെ മുറിക്കുള്ളിലാക്കി കതകടയ്ക്കുകയും ചെയ്തു. ശ്വാസംമുട്ടിച്ച് പ്രതിഭയെ കൊലപ്പെടുത്തുകയായിരുന്നു. പ്രതിഭയുടെ അമ്മ വീടിന്റെ ടെറസിലായിരുന്ന സമയത്താണ് കൊലപാതകം നടന്നത്. വീട്ടിൽ നിന്ന് പോകും മുമ്പ് ഭാര്യയെ കൊന്നുവെന്ന് കിഷോർ പ്രതിഭയുടെ അമ്മയോട് പറഞ്ഞുവെന്നും പൊലീസ് വ്യക്തമാക്കി.