മൂന്നാം മത്സരത്തിലും ഫിനിഷർ! രാജസ്ഥാന്റെ വില്ലനായിരുന്ന ഹെറ്റ്‌മെയർ സിയാറ്റിലിന്റെ ഹീറോ

ജയിച്ച മൂന്ന് കളിയിലും സിയാറ്റിൽ ഓർക്കാസിന് വേണ്ടി കളിയിലെ താരമായി മാറിയത് ഹെറ്റ്‌മെയറാണ്

dot image

മേജർ ലീഗ് ക്രിക്കറ്റിൽ വമ്പൻ ബാറ്റിങ് പ്രകടനവുമായി ഷിമ്രോൺ ഹെറ്റ്‌മെയർ മുന്നേറുകയാണ്. താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സിന്റെ ബലത്തിൽ മേജർ ലീഗ് ക്രിക്കറ്റിൽ ഇന്ന് നടന്ന മത്സരത്തിൽ സാൻഫ്രാൻസിസ്‌കോ യുണികോണിനെതിരെ തകർപ്പൻ വിജയം സ്വന്തമാക്കിയിരിക്കുകയാണ് സീയാറ്റിൽ ഓർക്കാസ്. സെൻട്രൽ ബ്രോവേർഡ് റീജിയണൽ പാർക്കിൽ നടന്ന മത്സരത്തിൽ നാല് റൺസിനായിരുന്നു ഓർക്കാസ് വിജയം നേടിയത്. ഇതോടെ തങ്ങളുടെ തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കാനും സീറ്റിൽ ഓർക്കാസിന് സാധിച്ചു.

169 റൺസ് പിന്തുടരാൻ ഇറങ്ങിയ ഓർക്കാസിന് വേണ്ടി അഞ്ചാമനായി ക്രീസിലെത്തിയ ഹെറ്റ്‌മെയർ 37 പന്തിൽ 78 റൺസ് നേടിയാണ് ടീമിന് വിജയം നേടിക്കൊടുത്തത്. താരത്തിന്റെ തുടർച്ചയായും മൂന്നാം അർധസെഞ്ച്വറിയും മാച്ച് വിന്നിങ് പ്രകടനവുമാണ് ഇത്. ഏഴ് സിക്‌സറും നാല് ഫോറുമടങ്ങിയതായിരുന്നു ഹെറ്റിയുടെ ഇന്നിങ്‌സ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അർധസെഞ്ച്വറി കുറിച്ച ഹെറ്റ്‌മെയർ തുടർച്ചയായി മൂന്ന് മത്സരങ്ങളില്‍ കളിയിലെ താരമാവുകയും ചെയ്തു.

എംഐ ന്യൂയോർക്കിനെതിരെ 40 പന്തിൽ നിന്നും 97 റണ്‍സ് നേടി പുറത്തായ ഹെറ്റ്‌മെയർ ലോസ് ഏഞ്ചല്‍സ് നൈറ്റ് റൈഡേഴ്‌സിനെതിരെ 26 പന്തിൽ നിന്നും 64 റൺസ് സ്വന്തമാക്കിയിരുന്നു. ഈ മൂന്ന് മത്സരങ്ങളിലും താരം നോട്ടൗട്ടായിരുന്നുവെന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്.

ആദ്യ അഞ്ച് കളിയിലും തോറ്റ സീറ്റിൽ ഓർക്കാസ് ഹെറ്റ്‌മെയറിന്റെ വെടിക്കെട്ട് പ്രകടനത്തിൽ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും വിജയിച്ച് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തേക്ക് കുതിച്ച് കയറിയിരിക്കുകയാണ്.

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി ഒരു മത്സരം പോലും ജയിപ്പിക്കാൻ ഹെറ്റ്‌മെയറെന്ന ഫിനിഷറിന് സാധിച്ചില്ലായിരുന്നു. ജയിക്കാൻ സാധിക്കുമായിരുന്ന ഒരുപിടി മത്സരങ്ങളിൽ ഹെറ്റ്‌മെയറിന്റെയും മറ്റ് ഫിനിഷർമാരുടെയും പിഴവിൽ റോയൽസ് തോൽക്കുകയും ചെയ്തിരുന്നു. അതിന് ശേഷമുള്ള താരത്തിന്റെ ഈ തിരിച്ചുവരവാണ് ഇപ്പോള്‍ ചർച്ചയാകുന്നത്.

Content Highlights- Shimron hetmyer being the hero of Seattle Orcas in Major League Cricket

dot image
To advertise here,contact us
dot image