

ആഗോള പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ പണം സമ്പാദിക്കേണ്ടതിന്റെയും സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് മനസ്സ് തുറന്ന് ഹിന്ദി ടെലിവിഷന്‍ താരമായ ഹെല്ലി ഷാ. പശ്ചിമേഷ്യയിലെ യുദ്ധം ഉൾപ്പെടെയുള്ള ആഗോള സംഘർഷങ്ങൾ അന്താരാഷ്ട്ര എണ്ണവ്യാപാരത്തെപ്പോലും ബാധിച്ച ഈ സാഹചര്യത്തിൽ പണം വിവേകത്തോടെ കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നാണ് താരം ഓർമ്മിപ്പിക്കുന്നത്.
ഐഎൻഎസ് വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ സഹതാരങ്ങളായ ജമീൽ ഖാൻ, അനന്ത് ജോഷി, ഹർഷ് മായർ എന്നിവർക്കൊപ്പമാണ് ഹെല്ലി ഷാ തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അഭ്യർത്ഥന മുൻനിർത്തി, ഇപ്പോൾ സ്വർണ്ണം വാങ്ങിക്കൂട്ടുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും താരം ജനങ്ങളോട് ആവശ്യപ്പെട്ടു.
ചെറുപ്പകാലം മുതൽക്കേ സമ്പാദ്യശീലങ്ങളോട് വൈകാരികമായ ഒരു ബന്ധമുണ്ടെന്ന് ഹെല്ലി ഷാ പറയുന്നു. പണം സേവ് ചെയ്യേണ്ടത് വളരെ പ്രധാനമാണെന്നും അതിനായി ശരിയായ സാമ്പത്തിക അറിവ് നേടിയെടുക്കണമെന്നും താരം വ്യക്തമാക്കി. മ്യൂച്വൽ ഫണ്ടുകൾ പോലുള്ള ശരിയായ ഇടങ്ങളിൽ നിക്ഷേപം നടത്തണം. ഇപ്പോൾ സ്വർണ്ണം വാങ്ങരുതെന്നുമാണ് തന്റെ അഭിപ്രായം. പണം സമ്പാദിക്കേണ്ടതിന്റെ പ്രാധാന്യം തന്നെ പഠിപ്പിച്ചത് സ്വന്തം പിതാവാണെന്നും താരം കൂട്ടിച്ചേർത്തു.
പിതാവ് തന്നെയിരുത്തി പ്രത്യേകം പഠിപ്പിച്ചതല്ല ഇതൊന്നും എന്നും, അദ്ദേഹത്തിന്റെ ശീലങ്ങൾ കണ്ടു പഠിച്ചതാണ് താനെന്നും ഹെല്ലി പറയുന്നു. വരുമാനത്തിൽ എത്ര തുക ഫിക്സഡ് ഡെപ്പോസിറ്റുകളിലും (FD) മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപിക്കണമെന്ന് അദ്ദേഹത്തെ നോക്കിയാണ് മനസ്സിലാക്കിയത്. അതുകൊണ്ട് തന്നെ പണം ചെലവഴിക്കുന്നതിൽ മിതത്വം പാലിക്കണമെന്നും സാമ്പത്തിക കാര്യങ്ങളിൽ വിവേകത്തോടെ ചിന്തിക്കണമെന്നും താരം ഓർമ്മിപ്പിക്കുന്നു.
അഭിമുഖത്തിൽ തന്റെ കരിയറിനെക്കുറിച്ചും ടെലിവിഷൻ രംഗത്തുനിന്ന് ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്കുള്ള മാറ്റത്തെക്കുറിച്ചും ഹെല്ലി ഷാ സംസാരിക്കുന്നുണ്ട്. ടെലിവിഷനില്‍ നിന്ന് മറ്റ് മേഖലകളിലേക്ക് ചുവടുവെക്കുന്ന അഭിനേതാക്കൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ജനങ്ങളുടെ മുൻവിധികളെ തകർക്കുക എന്നതാണെന്ന് താരം സമ്മതിക്കുന്നു. ടെലിവിഷനിലൂടെ വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും, ഒടുവിൽ ഒരു 'ടിവി നടി' എന്ന ലേബലിൽ ഒതുക്കപ്പെടുന്നത് പല താരങ്ങളും നേരിടുന്ന പ്രതിസന്ധിയാണ്. എന്നാൽ കൃത്യമായ അവസരങ്ങളും മികച്ച പ്രകടനങ്ങളും വഴി ഈ കാഴ്ചപ്പാടുകളെ സാവധാനം മാറ്റിയെടുക്കാൻ കഴിയുമെന്നും താരം വ്യക്തമാക്കുന്നു.
തനിക്കും ആദ്യത്തെ പോരാട്ടം ആ ഒരു പ്രത്യേക കാറ്റഗറിയില്‍ നിന്ന് പുറത്തുകടക്കുക എന്നതായിരുന്നുവെന്നും, തനിക്ക് ഒട്ടും പരിചയമില്ലാത്ത, ആളുകൾക്ക് തന്നെ അറിയാത്ത ഒരു പുതിയ മേഖലയിലേക്ക് മാറുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നുവെന്നും ഹെല്ലി ഷാ വ്യക്തമാക്കുന്നു. ആ ഒരു പുതിയ മാറ്റത്തിനുള്ള മികച്ച ഇടമായാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ തനിക്ക് മുന്നിൽ തുറക്കപ്പെട്ടതെന്നും താരം കൂട്ടിച്ചേർത്തു.
Content Highlights: Actress Helly Shah has encouraged people to practice financial discipline by prioritizing savings instead of buying gold immediately. Stressing the importance of long-term financial planning, she highlighted that building a strong savings habit and making informed investment decisions can provide greater financial security than impulsive purchases.